ആന്റണിക്കെതിരേ ജോണ്‍ ഫെര്‍ണാണ്ടസിന്റെ പരാമര്‍ശം; സഭയില്‍ ബഹളം
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിക്കും ഭാര്യക്കും എതിരേ ജോണ്‍ ഫെര്‍ണാണ്ടസിന്റെ പരാമര്‍ശവും മറുപടിയായി എ.കെ.ജി സെന്റര്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തെ സംബന്ധിച്ച് പി.ടി തോമസ് ഉന്നയിച്ച ആരോപണവും നിയമസഭയെ ബഹളത്തിലാഴ്ത്തി.
ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കവേയാണ് ജോണ്‍ ഫെര്‍ണാണ്ടസ് വിവാദ പരാമര്‍ശം നടത്തിയത്. ആന്റണി പ്രതിരോധ മന്ത്രിയായിരുന്നപ്പോള്‍ നടന്ന ആയുധ ഇടപാടില്‍ കമ്മിഷനായി കിട്ടിയ തുക കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കാണ് പോയതെന്നും ആന്റണിയുടെ ഭാര്യ വരച്ച ചിത്രം എയര്‍ ഇന്ത്യ കോടികള്‍ കൊടുത്താണ് വാങ്ങിയതെന്നുമായിരുന്നു പരാമര്‍ശം.
സഭയിലില്ലാത്ത വ്യക്തിയെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പാടില്ലെന്നു പറഞ്ഞ് പ്രതിപക്ഷം എഴുന്നേറ്റു. പി.ടി തോമസും കെ.സി ജോസഫും പ്രതിപക്ഷത്തുനിന്നും ജോണ്‍ ഫെര്‍ണാണ്ടസിനു വേണ്ടി ടി.വി രാജേഷും എഴുന്നേറ്റതോടെ ബഹളമായി. ഇടപെട്ടു സംസാരിച്ച മന്ത്രി ഇ.പി ജയരാജന്‍ ധനാഭ്യര്‍ഥന ചര്‍ച്ചയുമായി ബന്ധമില്ലാത്ത വിഷയങ്ങള്‍ ആരുടെയും ഭാഗത്തുനിന്നും വേണ്ടെന്ന് അറിയിച്ചു.
പിന്നീട് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ മറുപടി പ്രസംഗം നടത്തുന്നതിനിടെ പി.ടി തോമസ് വീണ്ടും വിഷയം എടുത്തിട്ടു. എ.കെ.ജി സെന്ററിനു സ്ഥലം അനുവദിച്ചത് എ.കെ ആന്റണിയാണെന്നും എന്നാല്‍ പിന്നീട് അനുവദിച്ചതിലുമധികം എട്ടര സെന്റ് ഭൂമി കൈവശപ്പെടുത്തിയിട്ടുണ്ടെന്നും പി.ടി ആരോപിച്ചു.
കൈയേറിയ സ്ഥലം തിരിച്ചുകൊടുക്കാമോയെന്നും പി.ടി ചോദിച്ചു. ഇതൊക്കെ നേരത്തേ അന്വേഷിച്ച് തള്ളിയതാണെന്നും അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ പി.ടി വിദഗ്ധനാണെന്നുമായിരുന്നു പരിഹാസരൂപേണ മുഖ്യമന്ത്രിയുടെ മറുപടി.
ഇതിനിടയില്‍ പി.ടി ചട്ടം ലംഘിച്ച് അനാവശ്യ ഇടപെടല്‍ നടത്തുന്നുവെന്നാരോപിച്ച് ഭരണപക്ഷ അംഗങ്ങള്‍ എഴുന്നേറ്റു. ഇതോടെ വീണ്ടും ബഹളമായി.
സഭ പിരിയുന്നതിനു മുന്‍പു തന്നെ ആന്റണിക്കെതിരായ പരാമര്‍ശത്തില്‍ റൂളിങ് വേണമെന്ന് കെ.സി ജോസഫ് ആവശ്യപ്പെട്ടെങ്കിലും അവസാന നിമിഷത്തില്‍ ഇങ്ങനെ പറഞ്ഞാല്‍ നടക്കില്ലെന്നായിരുന്നു സ്പീക്കറുടെ മറുപടി. പരാമര്‍ശം പരിശോധിക്കാമെന്നും നടപടിയെടുക്കാമെന്നും സ്പീക്കര്‍ അറിയിച്ചതോടെയാണ് ബഹളം അവസാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."