'എന്റെ വാളുകളെ ഞാന്‍ ചെഞ്ചായമണിയിച്ചു'- കൊന്നു മതിവരാതെ ഡല്‍ഹിയിലെ കൊലയാളികള്‍
'ജീവനില്‍ കൊതി പൂണ്ട് അയാള്‍, ഒരു മുഹമ്മദീയന്‍ ഓടുകയായിരുന്നു. പിറകെ ഞങ്ങളും. ആദ്യം ഞാനാണയാളെ പിടിച്ചത്. എന്റെ കയ്യിലിരുന്ന ഇരുമ്പ് ദണ്ഡ് കൊണ്ട് ഞാന്‍ അയാളെ അടിച്ചു വീഴ്ത്തി. പിന്നെ ഞങ്ങളുടെ സംഘം ഒന്നായി അയാള്‍ക്കു മേല്‍ ചാടി വീണു. പിന്നീടങ്ങോട്ട് ധിം തന തനതന..'- കൈത്താളമിട്ടു കൊണ്ട് ഇതു പറയുമ്പോള്‍ ചിരി പരന്നിരുന്നു നിഷാന്ത് കുമാര്‍ എന്ന 29 കാരന്റെ മുഖത്ത്. ആവേശം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു അയാളുടെ ശബ്ദം.
ഫെബ്രുവരി 25ന് മൂന്ന് മുസ്‌ലിങ്ങളെ ഞാന്‍ എന്റെ ഈ കൈകള്‍ കൊണ്ട് കൊന്നു- ആവേശമൊട്ടും കുറക്കാതെ ഒരു വീരകൃത്യം ചെയ്ത ഭാവത്തില്‍ അയാള്‍ തുടര്‍ന്നു. ഇതെല്ലാം അവരുടെ പ്രവൃത്തികള്‍ക്കുള്ള തിരിച്ചടിയാണെന്നും കുമാര്‍ ന്യായീകരിക്കുന്നു.
ഹിന്ദുവാണെന്നതു കൊണ്ടു മാത്രം സ്‌ക്രോള്‍ ഇന്‍ റിപ്പോര്‍ട്ടര്‍ അരുണബ് സൈക്കിയയോട് പങ്കുവെച്ചതാണ് കുമാര്‍ തന്റെ 'വീര'കൃത്യങ്ങള്‍.
അതിനും മുന്‍പത്തെ ദിവസം അതായത് ഫെബ്രുവരി 24ന്- കുമാര്‍ തുടരുന്നു. 'കൃത്യം ഉച്ചക്ക് ഒരുമണി. കുറേ മുസ്‌ലിങ്ങള്‍ ചേര്‍ന്ന് വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ യമുന വിഹാര്‍ സര്‍വ്വീസിന് സമീപം നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് തീയിട്ടു. ഞാനപ്പോള്‍ സമീപത്തെ ബജന്‍പുര പെട്രോള്‍ പമ്പിലുണ്ടായിരുന്നു. ആ സമയം ഞാന്‍ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു. പിന്നീട് ഇവര്‍ പെട്രോള്‍ പമ്പും തീയിട്ടു'- കുമാര്‍ പറയുന്നു.
ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ ഒന്നായ കാരവല്‍ നഗറിലാണ് കുമാറിന്റെ വീട്.
ഇരുമ്പു ദണ്ഡില്‍ കത്തി കെട്ടി
ഒരു സി.എ.എ വിരുദ്ധ പ്രതിഷേധത്തിനു നേരെയാണ് ആദ്യം ആക്രമണമുണ്ടാവുന്നത്. അവിടെ നിന്ന് അത് വടക്കു കിഴക്കന്‍ ഡല്‍ഹി മുഴുവന്‍ പരന്നു. വീടുകളും കടകളും നശിപ്പിച്ചു. 47 പേരാണ് പുറത്തു വന്ന കണക്കനുസരിച്ച് കൊല്ലപ്പെട്ടത്. പരുക്കേറ്റവര്‍ നിരവധി. കാണാതായവര്‍ അതിലേറെ.
തനിക്ക് വ്യക്തിപരമായി ഒരു നഷ്ടവും ഉണ്ടായിട്ടില്ലെന്ന് കുമാര്‍ പറയുന്നു. എന്നാല്‍ നിങ്ങളുടെ അയല്‍ക്കാരെ ആരെങ്കിലും ഉപദ്രവിച്ചാല്‍ നിങ്ങള്‍ തിരിച്ചടിക്കില്ലേ- അയാള്‍ ചോദിക്കുന്നു.
ഫെബ്രുവരി 25ന് രാവിലെ എട്ടിനാണ് താന്‍ കര്‍മ രംഗത്തിറങ്ങിയത്. സമയം പോലും വളരെ കൃത്യമായി ഓര്‍ക്കുന്നു കുമാര്‍. അറ്റത്ത് കത്തി കെട്ടി ഉറപ്പിച്ച ഒരു ഇരുമ്പ് ദണ്ഡും കയ്യില്‍ കരുതി. തോക്കിന്റെ കുറവ് വരാതിരിക്കാനാണ് കത്തി കെട്ടിയത്. തോക്ക് സംഘടിപ്പിക്കാന്‍ താല്‍പര്യവുമുണ്ടായിരുന്നില്ല കുമാറിന്. തോക്ക് കരുതിയതിന്റെ പേരില്‍ പിടിക്കപ്പെടാന്‍ ആഗ്രഹിച്ചില്ല. ഇതാണ് കാരണം. കര്‍വാല്‍ നഗറില്‍ തന്നെ ഇവരുടെ സംഘം തമ്പടിച്ചത്. തന്നോടൊപ്പമുണ്ടായിരുന്നവരുടെ പേരുകളും എങ്ങനെയാണ് പദ്ധതികള്‍ ആവിഷ്‌ക്കരിച്ചതെന്നും പറയാന്‍ കുമാര്‍ തയ്യാറായില്ല.
ഏതാണ്ട് പത്തു മണിയായപ്പോള്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ ആദ്യ ഇരയെ കിട്ടി.
'ഒരു മുസ്‌ലിം ഓടുന്നു. ഹിന്ദുക്കള്‍ അവനെ പിന്തുടരുന്നു. ഞാനായിരുന്നു അവരുടെ നേതാവ്'- ആവേശഭരിതനായി കുമാര്‍. ആംഗ്യവിക്ഷേപങ്ങളോടെ ആയിരുന്നു അയാളുടെ സംസാരം. 'എന്റെ കയ്യിലെ ഇരുമ്പ് ദണ്ഡ് കൊണ്ട് അയാളെ അടിച്ചു വീഴ്ത്തി. പിന്നെ ഞങ്ങളുടെ സംഘം ഒന്നായി അയാള്‍ക്കു മേല്‍ ചാടി വീണു. പിന്നീടങ്ങോട്ട് ധിം തന തനതന..'- കുമാര്‍ ചിരിച്ചു. ഇത്തരത്തില്‍ രണ്ടു പേരെ കൂടി വകവരുത്തി. ഓടുന്ന ഇരയെ ആദ്യം എറിഞ്ഞു വീഴ്ത്തും പിന്നെ...കുമാര്‍ വീണ്ടും ചിരിക്കുന്നു. പൈശാചികമായ ചിരി.
അവിടെ പൊലിസുണ്ടായിരുന്നില്ലേ എന്ന ചോദ്യത്തിന് അവിടെങ്ങും ആരുമുണ്ടായിരുന്നില്ലെന്നായിരുന്നു കുമാറിന്റെ മറുപടി. എന്നു മാത്രമല്ല, ഞങ്ങള്‍ ഇവരെ കൊന്നപ്പോഴോ അവരുടെ ശവശരീരങ്ങള്‍ എറിഞ്ഞു കളഞ്ഞപ്പോഴോ ആരും ആവഴിക്ക് ഒന്നു വന്നു നോക്കുക പോലും ചെയ്തിട്ടില്ല. കുമാര്‍ കൂട്ടിച്ചേര്‍ത്തു.
പൊലിസിന് കണ്ടെത്താനാവാത്ത കൊലയാളികള്‍
കൊല്ലപ്പെട്ട 47 പേരില്‍ ഒരു 85കാരിയുമുണ്ടായിരുന്നു. ബാക്കിയുള്ളവരെല്ലാം പുരുഷന്‍മാരായിരുന്നു. അതും ഇരുപതും മുപ്പതും പ്രായമുള്ളവര്‍. പലരരും വെടിയേറ്റാണ് മരിക്കുന്നത്. പ്രിയപ്പെട്ടവര്‍ നോക്കി നില്‍ക്കേയാണ് ഇവരില്‍ പലരേയും അടിച്ചതും കൊന്നതും തീവെച്ചതും. ഇതിന് പിന്നിലുള്ളവരെ കുറിച്ച് ആര്‍ക്കും അറിയില്ല.
254 എഫ്.ഐ.ആര്‍ തയ്യാറാക്കിയെന്നാണ് മാര്‍ച്ച് രണ്ടിന് പൊലിസ് വക്താവ് അമിത് മിത്തല്‍ പറഞ്ഞതെന്ന് സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 903 പേരെ പിടികൂടിയെന്നും പൊലിസ് അവകാശപ്പെടുന്നു. എന്നാല്‍ 33പേരെ മാത്രമാണ് പിടികൂടിയതെന്ന് പേര് പറയാത്ത സ്രോതസ്സിനെ ഉദ്ധരിച്ച് മാര്‍ച്ച് മൂന്നിന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതേ കുറിച്ച് ബന്ധപ്പെട്ടവര്‍ ഒന്നും പ്രതികരിച്ചില്ലെന്നും സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊലയാളികളെയൊന്നും പൊലിസിന് കണ്ടെത്താനായിട്ടില്ലെന്നാണ് ഈ റിപ്പോര്‍ട്ടുകളെല്ലാം വ്യക്തമാക്കുന്നത്. പിടികൂടിയവര്‍ക്കു മേലാകട്ടെ കൊലക്കുറ്റം ചുമത്തിയിട്ടും ഇല്ല.
സുരക്ഷാ ഉദ്യോഗസ്ഥരും കൊലവിളി നടത്തിയ നാളുകള്‍
ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ടവരുടെ സംരക്ഷണയില്‍ അക്രമികള്‍ അഴിഞ്ഞാടിയ കാഴ്ചയും കണ്ടു ഡല്‍ഹി വംശഹത്യയില്‍. നിങ്ങളുടെ കയ്യിലെ തോക്കു തരൂ ഞങ്ങള്‍ കൊന്നു തരാം എന്നു പറഞ്ഞ പൊലിസുകാരും ഉണ്ടായിരുന്നു. തിരിച്ചറിയപ്പെടും എന്നതിനാലാണ് പൊലിസ് സ്വന്തം കയ്യിലെ തോക്ക് ഉപയോഗിക്കാനാവില്ലെന്ന് പറഞ്ഞതെന്നും ഇവര്‍ പറയുന്നു.
കൊന്നില്ല, പക്ഷേ വഴികാണിച്ചു
കൊലയുടേതല്ല, കൊല്ലാന്‍ വഴികാട്ടിയായതിന്റെ കഥയായിരുന്നു കുമാറിനു ശേഷം കണ്ടുമുട്ടിയ കാര്‍ഡ്രൈവര്‍ക്ക് സ്‌ക്രോള്‍ റിപ്പോര്‍ട്ടറോട് പറയാനുണ്ടായിരുന്നത്. ഹിന്ദുവായതിനാല്‍ മാത്രമാണ് പറയുന്നതെന്ന മുഖവുരയോടെയായിരുന്നു ഇയാളുടേയും തുടക്കം. ഗോന്ധയിലെ അരവിന്ദ് നഗര്‍ നിവാസിയാണ് ഇയാള്‍.
ഫെബ്രുവരി 25ന് ഞാന്‍ സമീപത്തെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ചാന്ദ്ബാഗിലേക്ക് പോയി. അവിടെ ഹിന്ദുക്കള്‍ എണ്ണത്തില്‍ കുറവായിരുന്നു'. ഒരു കയ്യില്‍ തോക്കും മറുകയ്യില്‍ വാളുമായാണ് താന്‍ പോയതെന്നും ഇയാള്‍ അവകാശപ്പെടുന്നു. വാളും തോക്കും പിടിച്ച് താന്‍ വീട്ടില്‍ നിന്നിറങ്ങുന്നത് കണ്ടപ്പോള്‍ എന്റെ പിതാവിനെ ഓര്‍മ വന്നെന്നാണ് അമ്മായി പറഞ്ഞത്.1984 സിഖ് വംശഹത്യയിലെ പോരാളിയായിരുന്നു പിതാവ്, അഭിമാനത്തോടെ ഇയാള്‍ പറയുന്നു.
അരവിന്ദ് നഗറില്‍ നിന്ന് ചാന്ദ് ബാഗിലെത്തിയ സംഘം ആദ്യം ചെയ്തത് കരണ്ട് കട്ട് ചെയ്യുകയാണ്. ഏതൊക്കെയാണ് മുസ്‌ലിങ്ങളുടെ വീടെന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയമായിരുന്നു. കരണ്ട് ഓഫാക്കിയ ശേഷം കൊന്നതള്ളലിന്റെ പൂരമായിരുന്നു അവിടെ- ഒട്ടും സങ്കോചമില്ലാതെ അയാള്‍ പറയുന്നു. 'അവരുടെ എണ്ണം ഞങ്ങള്‍ കുറച്ചു. ഞങ്ങളുടെ ചെയ്തിയില്‍ ഞങ്ങള്‍ക്ക് അഭിമാനവും സന്തോഷവുമുണ്ട്'. എത്രയാളുകളാണ് കൊല്ലപ്പെട്ടതെന്ന് അയാള്‍ വെളിപെടുത്തിയില്ല. കൊന്നവരെയെല്ലാം അഴുക്കു ചാലില്‍ താഴ്ത്തിയെന്നു മാത്രം പറഞ്ഞു.
'കനാലില്‍ തള്ളിയ രഹസ്യങ്ങളെല്ലാം പതിയെ പുറത്തു വരും. അവിടെ നിന്ന് നിരവധി അസ്ഥികൂടങ്ങള് കണ്ടെടുക്കാം'- അയാള്‍ പറഞ്ഞു.
ഇത് പുതിയ ഇന്ത്യയാണ്. തങ്ങള്‍ മാത്രമെന്ന് ഒരു വിഭാഗം സ്വപ്‌നം കാണുന്ന ഇന്ത്യ. വികസനം നിറയുന്ന തെരുവുകളല്ല, മുസ്‌ലിങ്ങളുടെ രക്തത്തില്‍ കുളിച്ചു തെരുവുകളാണ് ഇവര്‍ സ്വപ്‌നം കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."