HOME
DETAILS
MAL
നാട്ടുകാരന്റെ ചതി: മദ്യക്കടത്ത് കേസിൽ പിടിയിലായ മലയാളിക്ക് 2.16 ലക്ഷം റിയാൽ പിഴ
backup
March 05 2020 | 08:03 AM
റിയാദ്: നാട്ടുകാരനും സുഹൃത്തുമായ യുവാവിന്റെ ചതിയിൽ പെട്ട് സഊദി ദുബൈ അതിർത്തിയിൽ വെച്ച് മദ്യക്കടത്ത് കേസിൽ സഊദി പോലീസിന്റെ പിടിയിലായ മലയാളിക്ക് കോടതി പിഴയായി വിധിച്ചത് വൻ തുക. നേരത്തെ കോടതി വിധിച്ച ആറ് മാസം തടവിന് പുറമെ പിഴയായി 2,16,000 റിയാൽ നൽകണമെന്നാണ് വിധി. അതിർത്തി പോലീസ് പിടിയിലായ തൃശൂർ പെരിഞ്ഞനം സ്വദേശി ഷുക്കൂറി (57) നാണ് ദമാം ക്രിമിനൽ കോടതി ഏകദേശം 40 ലക്ഷം രൂപയോളം വരുന്ന വൻ തുക പിഴ വിധിച്ചത്. നാല് മാസത്തോളമായി അൽ അഹ്‌സ ജയിലിൽ കഴിയുന്ന ഇദ്ദേഹത്തിന് രാജ്യങ്ങൾക്കിടയിലെ നിയമ സംവിധാനങ്ങളെ കബളിപ്പിച്ചതിനാണ് ദമാം ക്രിമിനൽ കോടതി ഇപ്പോൾ പിഴ വിധിച്ചിരിക്കുന്നത്. അതേസമയം, കേസിന്റെ മുഖ്യ സൂത്രധാരൻ മുഹമ്മദ് റാഫി നാട്ടിൽ സുഖമായി കഴിയുകയാണെന്നാണ് പരാതി.
കുടുംബത്തിന്റെ അത്താണിയായ യുവാവിന്റെ കഥ ഇക്കഴിഞ്ഞ ഡിസംബറിലാണ് പുറത്ത് വന്നത്. നാട്ടുകാരനും സുഹൃത്തുമായ ആളുടെ കൊടും വഞ്ചനയിലാണ് ഇദ്ദേഹം സഊദിയിൽ അഴിക്കുള്ളിലായത്. സാമൂഹ്യ പ്രവർത്തകൻ പുറത്തെത്തിച്ച സംഭവം സുപ്രഭാതം റിപ്പോർട്ട് ചെയ്തിരുന്നു. പിടിക്കപ്പെടുന്നതിന്റെ ഏതാനും മാസം മുമ്പ് ദുബൈയിലെത്തിയ ഇദ്ദേഹം സഊദി അതിർത്തിയിൽ വെച്ചാണ് സഊദിയിലേക്ക് മദ്യം കടത്തിയെന്ന കേസിൽ പിടിയിലാകുന്നത്. നാട്ടുകാരനും പരിചയക്കാരനുമായ ഷാജി എന്ന് വിളിക്കപ്പെടുന്ന മുഹമ്മദ് റാഫി നൽകിയ ഹെവി ഡ്രൈവർ വിസയുമായി അയാളുടെ അടുത്തേക്ക് തന്നെയാണ് ഏഴായിരം റിയാൽ ശമ്പളം വാഗ്ദാനത്തിൽ എത്തിയത്. കടക്കെണിയിൽ നിന്നും ഷുക്കൂറിനെയും കുടുംബത്തെയും രക്ഷിക്കാമെന്നും ജപ്തി ചെയ്ത വീട് തിരിച്ചു കിട്ടാൻ സഹായിക്കണമെന്നും അറിയിച്ചാണ് ഒക്ടോബറിൽ വിസയും ടിക്കറ്റും നൽകി ദുബൈയിൽ എത്തിച്ചത്. അവിടെ നിന്നുള്ള ആദ്യ ട്രിപ്പ് സഊദിയിലെ ജിദ്ദയിലേക്കായിരുന്നു. നെസ്ലെയുടെ ക്രീം കയറ്റിയ വാഹനത്തിൽ ഒളിപ്പിച്ചു കടത്തുകയായിരിരുന്ന മദ്യമാണ് പിടിച്ചെടുത്തത്.
ദുബൈ ബോർഡർ കഴിഞ്ഞു സഊദി അതിർത്തിയിലെ ബത്തയിലെ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. മദ്യം ഉണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്ന മറുപടിയും നൽകിയതിന് പിന്നാലെ നടത്തിയ കൂടുതൽ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. വെള്ളം നിറക്കുന്ന ടാങ്ക് പൊളിച്ചു നടത്തിയ പരിശോധനയിൽ നൂറ്റി അമ്പതോളം റെഡ് ലേബൽ കുപ്പികളാണ് കണ്ടെടുത്തത്. കസ്റ്റംസ് ചെക്കിങ്ങിൽ ബോട്ടിൽ കണ്ടയുടൻ ജിദ്ദയിലേക്ക് വിട്ട ഷാജിയെ വിളിച്ചു ഇദ്ദേഹം "നീ ഇതിനകത്ത് വെള്ളം കേറ്റിയോ" എന്ന് ചോദിച്ചപ്പോൾ നീ വീട്ടിലേക്കു വിളിച്ചു പറയരുത്. ഞാൻ അത് ശരിയാക്കാം. വീട്ടിലേക്കു വിളിച്ചുപറയുമ്പോൾ തമ്പാക്കാണ് പിടിച്ചതെന്നു പറയണമെന്നായിരുന്നു മറുപടിയത്രേ. എന്നാൽ, വീട്ടിലേക്കു വിളിച്ചു ചതിക്കപ്പെട്ട കാര്യം പറഞ്ഞതോടെയാണ് കാര്യങ്ങൾ പുറത്തറിഞ്ഞത്.
എന്നെ ചതിച്ചത് അവനാണ്. അവനാണ് ഇതിൽ കുപ്പി വെച്ചത്. എനിക്കറിയുമെങ്കിൽ ഞാൻ വണ്ടി എടുക്കില്ലായിരുന്നുവെന്നു ഇദ്ദേഹം ജയിൽ സന്ദർശനം നടത്തിയ സാമൂഹ്യ പ്രവർത്തകനോട് പങ്ക് വെച്ചിരുന്നു. സാധാരണ ഗതിയിൽ ഇത്തരം കേസുകളിൽ വാഹനങ്ങൾ പിടിച്ചെടുക്കുക പോലെയുള്ള നടപടികളാണ് കൈകൊള്ളുന്നതെങ്കിലും ഈ കേസിൽ ഉത്തരവാദി ഡ്രൈവർ മാത്രമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഭീമമായ തുക വിധിച്ചതെന്ന് ദമാം ക്രിമിനൽ കോടതി അഭിഭാഷകൻ മുഹമ്മദ് നജാത്തി ചൂണ്ടിക്കാട്ടി. സഊദിയിലേക്ക് മദ്യം കടത്തിയ കേസിൽ നേരത്തെയും നിരവധി പേർ അധികൃതരുടെ പിടിയിലായിട്ടുണ്ട്. ഇതിൽ പലരും ഇതേപോലെ ചതിയിൽ പെടുന്നവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."