വനിതകളുടെ പ്രതിഷേധത്തില്‍ തെറ്റുതിരുത്തി വള്ളത്തോള്‍ നഗര്‍ പഞ്ചായത്ത് ഭരണസമിതി
ചെറുതുരുത്തി: വനിതാ മതിലില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ വള്ളത്തോള്‍ നഗര്‍ പഞ്ചായത്തിലെ അഞ്ചു വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന 160 തൊഴിലുറപ്പ് തൊഴിലാളികള്‍ക്കു ജോലി നിഷേധിച്ച സംഭവത്തില്‍ തെറ്റുതിരുത്തി പഞ്ചായത്ത് ഭരണസമിതി.
തൊഴില്‍ നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫിസിലേക്ക് ഇന്നലെ വനിതാ തൊഴിലാളികള്‍ കൂട്ടമായെത്തി ഒരു ദിനം മുഴുവന്‍ പ്രതിഷേധിച്ചു. നാലാം വാര്‍ഡില്‍ എട്ട്, എട്ടാം വാര്‍ഡില്‍ 10, 11-ാം വാര്‍ഡില്‍ 29, ഒന്‍പതാം വാര്‍ഡില്‍ 34, 12-ാം വാര്‍ഡില്‍ 79 എന്നിങ്ങനെയായിരുന്നു ജോലി നിഷേധം. ഈ വാര്‍ഡുകളില്‍ തൊഴിലാളികള്‍ ജോലിക്ക് എത്തിയപ്പോള്‍ വനിതാ മതിലില്‍ പങ്കെടുത്തില്ലെന്ന് പറഞ്ഞ് തൊഴിലാളികളെ രജിസ്റ്ററില്‍ ഒപ്പുവയ്ക്കുന്നതിന് ചാര്‍ജ് വഹിക്കുന്ന മേറ്റുമാര്‍ സമ്മതിച്ചില്ലത്രെ. കാരണം അന്വേഷിച്ചപ്പോള്‍ ജനുവരിയില്‍ നടന്ന വനിതാ മതിലില്‍ പങ്കെടുക്കാത്തവരെ തൊഴിലില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ നിര്‍ദ്ദേശമുണ്ടെന്ന് അറിയിക്കുകയായിരുന്നു.
കൂടുതല്‍ പരാതി ഉന്നയിക്കുന്നവര്‍ പഞ്ചായത്തില്‍ പോയി പറയണമെന്ന മറുപടിയാണ് തൊഴിലാളികള്‍ക്ക് ലഭിച്ചത്. തുടര്‍ന്ന് ഇന്നലെ രാവിലെ സ്ത്രീകള്‍ പഞ്ചായത്തിലെത്തി സെക്രട്ടറിയ്ക്ക് രേഖാമൂലം പരാതി നല്കി. ഉചിതമായ മറുപടി ലഭിയ്ക്കാതിരുന്നതിനെ തുടര്‍ന്ന് ഭക്ഷണം പോലും ഉപേക്ഷിച്ച് വനിതകള്‍ കുത്തിയിരിപ്പ് ആരംഭിച്ചു.
ഇതിനിടയില്‍ പ്രതിപക്ഷ മെംബര്‍മാരായ കൃഷ്ണകുമാരി, രാധാ വിശ്വനാഥന്, വി. നാരായണന് എന്നിവര്‍ സെക്രട്ടറി എന്‍.എം ഷെരീഫുമായി ചര്‍ച്ച നടത്തി. മുഴുവന്‍ തൊഴിലാളികള്‍ക്കും ജോലി നല്‍കണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.
തൊഴിലാളികളോട് മോശമായി പെരുമാറുന്ന മേറ്റുമാര്ക്കെതിരേ നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നു.
വിശദമായ ചര്‍ച്ചയില്‍ ഈ മാസം 30 മുതല്‍ മുഴുവന്‍ തൊഴിലാളികള്‍ക്കും ജോലി ഉറപ്പാക്കുമെന്ന് സെക്രട്ടറി അറിയിച്ചതോടെയാണ് വനിതകള്‍ പിരിഞ്ഞ് പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."