മൂന്നു സീറ്റുകളില്‍ ബി.ജെ.പിയില്‍ തര്‍ക്കം രൂക്ഷം; തിരുവനന്തപുരത്തിനായി ഇറങ്ങിക്കളിച്ച് ശ്രീധരന്‍പിള്ള
തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ആലോചനകള്‍ പുരോഗമിക്കുമ്പോള്‍ മൂന്നു സീറ്റുകള്‍ക്കുവേണ്ടിയുള്ള തര്‍ക്കം ബി.ജെ.പിയില്‍ രൂക്ഷമായി.
തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ സീറ്റുകള്‍ക്കുവേണ്ടിയാണ് തര്‍ക്കം നടക്കുന്നത്. ജയസാധ്യത കൂടുതലാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ സീറ്റുകള്‍ക്കുവേണ്ടി കൂടുതല്‍പേര്‍ രംഗത്തിറങ്ങിയിരിക്കുന്നത്.
തിരുവനന്തപുരം സീറ്റില്‍ കഴിഞ്ഞ തവണ ഒ. രാജഗോപാല്‍ മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തിയതിനാലാണ് കൂടുതല്‍പേര്‍ സീറ്റുമോഹിച്ച് രംഗത്തെത്തിയിരിക്കുന്നത്.
സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള തന്നെയാണ് ഇക്കാര്യത്തില്‍ ഒന്നാമത്. എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായുള്ള ബന്ധം ഉപയോഗിച്ചതോടെ അദ്ദേഹത്തിന്റെ ശുപാര്‍ശകൂടി ശ്രീധരന്‍പിള്ളയുടെ സ്ഥാനാര്‍ഥിത്വത്തിനുണ്ട്.
ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, കെ.പി ശശികല, സുരേഷ് ഗോപി എന്നിവരുടെ പേരുകള്‍ക്കു പുറമേ കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്റെ പേരും തിരുവനന്തപുരത്ത് ബി.ജെ.പി പരിഗണനയിലുണ്ട്.
ശബരിമല പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ടയില്‍ ജയിക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ആ സീറ്റിനുവേണ്ടിയും ആവശ്യക്കാര്‍ കൂടുതലുള്ളത്. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, കെ.പി ശശികല, എം.ടി രമേശ് എന്നിവരുടെ പേരുകളില്‍ തീരുമാനമെടുക്കാന്‍ കഴിയാതെ കുഴങ്ങുകയാണ് നേതൃത്വം. ബി.ജെ.പി ജയസാധ്യത കല്‍പ്പിക്കുന്ന തൃശൂരില്‍ രണ്ടു ഗ്രൂപ്പുകളിലായുള്ള രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ തമ്മിലുള്ള തര്‍ക്കം അതിരൂക്ഷമാണ്.
എ.എന്‍ രാധാകൃഷ്ണനോ, കെ. സുരേന്ദ്രനോ എന്നതാണ് അവിടുത്തെ പ്രശ്‌നം. ഈ മൂന്നു സീറ്റുകളിലേയും തര്‍ക്കം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ പ്രശ്‌നപരിഹാരം പെട്ടെന്നുണ്ടാക്കാനും കഴിയാത്ത അവസ്ഥയാണ്.
മണ്ഡലങ്ങളെ ആകെ ജയസാധ്യതയുടെ അടിസ്ഥാനത്തില്‍ എ,ബി,സി എന്നിങ്ങനെ തിരിച്ചാണ് ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഉള്‍പ്പെടെ അന്തിമ തീരുമാനം ആര്‍.എസ്.എസ് തന്നെ കൈക്കൊള്ളും.
ആറ്റിങ്ങല്‍, ചാലക്കുടി, കോഴിക്കോട്, ഇടുക്കി സീറ്റുകളാണ് ബി.ഡി.ജെ.എസിന് നല്‍കിയിരിക്കുന്നത്. രണ്ട് സീറ്റുകള്‍കൂടി വേണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.
ചാലക്കുടി സീറ്റില്‍ തുഷാര്‍ വെള്ളാപ്പള്ളിയെ മത്സരിപ്പിക്കാനാണ് നീക്കം.
പി.സി തോമസിന് കോട്ടയം സീറ്റു നല്‍കാന്‍ ധാരണയുണ്ട്. ഫെബ്രുവരി 15നു മുന്‍പ് ഏഴ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ മുന്‍തൂക്കം നേടാനാണ് ബി.ജെ.പിയുടെ ശ്രമം. അതിനു മുന്‍പ് ഫെബ്രുവരി അഞ്ചിന് സീറ്റുകളില്‍ ധാരണയാകാനാണ് ആലോചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."