ജിഷ വധക്കേസ്: പ്രതി റിമാന്‍ഡില്‍
കൊച്ചി: പെരുമ്പാവൂര്‍ ജിഷാ വധക്കേസ് പ്രതി അമീറുല്‍ ഇസ്‌ലാമിനെ 14 ദിവസത്തേക്കു പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. മജിസ്‌ട്രേറ്റ് വി. മഞ്ജു മുമ്പാകെ ഇന്ന് വൈകിട്ട് 4.45നാണ് പ്രതിയെ ഹാജരാക്കിയത്. ഹെല്‍മറ്റും അതിനു താഴെ മുഖംമൂടിയും ധരിപ്പിച്ച് അതീവ സുരക്ഷയില്‍ കോടതിയിലെത്തിച്ച പ്രതിയെ മുഖംമൂടി മാറ്റിയാണ് മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജരാക്കിയത്.
20 മിനുട്ട് നീണ്ട കോടതി നടപടിക്കു ശേഷം പ്രതിയെ കാക്കനാട് ജില്ലാ ജയിലിലേക്കയച്ചു. തെളിവുശേഖരണം, തിരിച്ചറിയല്‍പരേഡ് എന്നിവ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ ബാക്കിനില്‍ക്കുന്നതിനാല്‍ ഇയാളെ പൊലിസ് ഇന്നലെത്തന്നെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നു സൂചനയുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. പ്രതിയോട് രണ്ടു കാര്യങ്ങളാണ് മജിസ്‌ട്രേറ്റ് ആരാഞ്ഞത്. അഭിഭാഷകനെ ആവശ്യമുണ്ടോയെന്നായിരുന്നു ആദ്യ ചോദ്യം. ഉണ്ടെന്നായിരുന്നു മറുപടി. പൊലിസ് മര്‍ദിച്ചോ എന്ന ചോദ്യത്തിന് ഇല്ലെന്നും ഉത്തരം നല്‍കി. അഡ്വ. പി. രാജനെ പ്രതിക്കുവേണ്ടി കോടതി നിയോഗിച്ചു.
തിരിച്ചറിയല്‍ പരേഡ് നടത്താന്‍ പൊലിസ് ഇന്നലെ അപേക്ഷ സമര്‍പ്പിച്ചിരുന്നു. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ കോടതിയില്‍ വച്ചുതന്നെ തിരിച്ചറിയല്‍ പരേഡ് നടത്തും. ഇതിനു ശേഷമായിരിക്കും കസ്റ്റഡിയില്‍ ലഭിക്കാന്‍ അപേക്ഷ സമര്‍പ്പിക്കുക.
തിങ്കളാഴ്ച അപേക്ഷ സമര്‍പ്പിക്കുമെന്നാണു സൂചന. പ്രോസിക്യൂഷനുവേണ്ടി അഭിഭാഷകരായ പി.എന്‍.അബ്ദുല്‍ജലീലും അബ്ദുല്‍ നാസറും ഹാജരായി. കൊലക്കുറ്റം, ബലാത്സംഗം, ദലിതരെ ആക്രമിക്കുന്നതിനെതിരേയുള്ള വകുപ്പുകള്‍ എന്നിവയാണു പ്രതിക്കുമേല്‍ ചുമത്തിയിരിക്കുന്നത്.
ദ്വിഭാഷിയായ കൊല്‍ക്കത്ത സ്വദേശി ലിപ്ടണ്‍ ബിശ്വാസും പ്രതിക്കൊപ്പം കോടതിയില്‍ ഹാജരായി. ചോദ്യങ്ങള്‍ പ്രതിക്കുവേണ്ടി ഇയാളാണു പരിഭാഷപ്പെടുത്തിയത്. ഇന്നലെ ആലുവ പൊലിസ് ക്ലബില്‍ നടത്തിയ ചോദ്യം ചെയ്യലിലും ലിപ്ടന്റെ സഹായമുണ്ടായിരുന്നു. ആലുവ പൊലിസ് ക്ലബില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ ചോദ്യം ചെയ്യലിനും ദേഹപരിശോധനയ്ക്കും ശേഷമാണു പ്രതിയെ പെരുമ്പാവൂര്‍ കോടതിയില്‍ എത്തിച്ചത്. പ്രതിക്കുനേരെ ആക്രമണമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കനത്ത പൊലിസ് സുരക്ഷയായിരുന്നു. പൊതുജനങ്ങള്‍ക്ക് കോടതിവളപ്പില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഡിവൈ.എസ്.പിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ പൊലിസ് വാനില്‍ കിടത്തിയാണ് പ്രതിയെ കോടതിയിലെത്തിച്ചതും തിരികെ ജയിലിലേക്കു കൊണ്ടുപോയതും. യു.എസ് നേവി എന്നെഴുതിയ ചുവന്ന ടീഷര്‍ട്ടും പാന്റ്‌സുമായിരുന്നു പ്രതി ധരിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."