ഇടതു സര്‍ക്കാര്‍ കശുവണ്ടി തൊഴിലാളികളെ പട്ടിണിയിലാക്കിയെന്ന്
കൊല്ലം: കശുവണ്ടി തൊഴിലാളികള്‍ക്ക് ജോലിയും മെച്ചപ്പെട്ട കൂലിയും ഉറപ്പുവരുത്തണമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയവര്‍ കശുവണ്ടി തൊഴിലാളികളെ വഴിയാധാരമാക്കിരിക്കുകയാണെന്ന് മുന്‍ ഡി.സി.സി പ്രസിഡന്റും കശുവണ്ടി തൊഴിലാളി കോണ്‍ഗ്രസ് യൂനിയന്‍ ജനറല്‍ സെക്രട്ടറിയുമായ വി. സത്യശീലന്‍. കേരള കശുവണ്ടി തൊഴിലാളി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 15ന് നടക്കുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിന് മുന്നോടിയായി സംസ്ഥാനതല വാഹന പ്രചരണ ജാഥ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കശുവണ്ടി ഫാക്ടറികള്‍ നെടുനാളായി അടച്ചിട്ടിരിക്കുന്നത് നിമിത്തം തൊഴിലാളികളുടെ വീടുകളില്‍ പട്ടിണിയാണ്. തൊഴിലാളികളുടെ മക്കള്‍ക്ക് പഠനം തുടരാനാകാത്ത സ്ഥിതിയാണുള്ളത്. അടഞ്ഞു കിടക്കുന്ന ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് ആശ്വാസ ധനസഹായവും സൗജന്യ റേഷനും അനുവദിക്കാന്‍ ഇടതു സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അടച്ചിട്ടിരിക്കുന്ന ഫാക്ടറികള്‍ തുറന്നു തൊഴിലാളികള്‍ക്ക് ഉടന്‍ ജോലി നല്‍കുക, തുറക്കാന്‍ തയാറാകാത്ത സ്വകാര്യ ഫാക്ടറികള്‍ ഗവണ്‍മെന്റ് ഏറ്റെടുത്ത് തൊഴിലാളികള്‍ക്ക് ജോലി നില്‍കുക, ക്ഷേമനിധി പെന്‍ഷന്‍ കുടിശിക ഉള്‍പ്പടെ അടിയന്തരമായി വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേരള കശുവണ്ടി തൊഴിലാളി കോണ്‍ഗ്രസ് മാര്‍ച്ച് 15ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ സുഭാഷ് കുന്നത്തൂര്‍ അധ്യക്ഷത വഹിച്ചു. മുന്‍ കെ.പി.സി.സി സെക്രട്ടറി കുന്നത്തൂര്‍ ബാലന്‍, തുണ്ടില്‍ നൗഷാദ്, മംഗലത്ത് രാഘവന്‍ നായര്‍, ഗോപാലകൃഷ്ണപിള്ള, സഹദേവന്‍പിള്ള, അജി മലനട, രാധാകൃഷ്ണപിള്ള, ബേബിജോണ്‍, ഉദയന്‍ കുന്നത്തൂര്‍, ബാബു പടിഞ്ഞാറേ കല്ലട, കെ മധുലാല്‍, അഡ്വ. സവിന്‍ സത്യന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."