എഫ്.സി.ഐ ഗോഡൗണുകള്‍ക്ക് മുകളില്‍ ഇനി സോളാര്‍ പാനല്‍
നിലമ്പൂര്‍: എഫ്.സി.ഐ ഗോഡൗണുകള്‍ക്കു മുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചു വൈദ്യുതി ഉല്പാദനം നടത്താന്‍ എഫ്.സി.ഐ സംസ്ഥാന ഉപദേശക സമിതി യോഗം തീരുമാനിച്ചു. കെ.എസ്.ഇ.ബിയുമായി സഹകരിച്ചാണ് പദ്ധതിക്കു രൂപം നല്‍കുക. ഗോഡൗണുകള്‍ പ്ലാസ്റ്റിക് വിമുക്ത പരിസ്ഥിതി സൗഹൃദമാക്കാനും തീരുമാനിച്ചു. ഉപദേശകസമിതി അംഗം സിബി വയലില്‍ നിര്‍ദേശിച്ച അഭിപ്രായം യോഗം ഐകകണ്ഠ്യേന അംഗീകരിക്കുകയായിരുന്നു. റെയില്‍വേയ്ക്കും എഫ്.സി.ഐക്കുമിടയിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ട അധികാരികളുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചു. വൃത്തിയുള്ള റെയിവേ വാഗണുകളില്‍ ഭക്ഷ്യധാന്യങ്ങള്‍ കയറ്റാന്‍ വേണ്ട സംവിധാനം , കൂടാതെ ഭക്ഷ്യ ധാന്യങ്ങളുമായി എഫ്സിഐ ലേക്ക് വരുന്ന വാഗണുകളുമായി ബന്ധപ്പെട്ട് പലവിഷയങ്ങളിലും ഉള്ള പ്രശ്ങ്ങള്‍ പരിഹരിക്കാന്‍ ഇത് കാരണമാകും. സംസ്ഥാന ഗവ. അധികാരികളുമായും സിവില്‍ സപ്ലൈസ് വകുപ്പുമായും ചര്‍ച്ച ചെയ്ത ഭക്ഷ്യവിതരണ സംവിധാനത്തിലെ പ്രശ്നപരിഹാരത്തിനും പോരായ്മകള്‍ പരിഹരിക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തൊഴിലാളികളുടെ കുറവ് പരിഹരിക്കാനും അവരെ സംബന്ധിച്ച പ്രശനങ്ങള്‍ പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും തീരുമാനിച്ചു. കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ കമ്മിറ്റി നടപ്പാക്കേണ്ട പദ്ധതികളുടെ രൂപരേഖ തയാറാക്കി. കെ.കെ രാഗേഷ് എം.പി അധ്യക്ഷനായി. അംഗങ്ങളായ സിബി വയലില്‍, രമ ജോര്‍ജ്, മെഹബൂബ്, ജേക്കബ് പീറ്റര്‍, റഷീദ്, ഗോപകുമാര്‍, എഫ്.സി.ഐ കേരള ജനറല്‍ മാനേജര്‍ എസ്.കെ യാദവ്, നികേഷ് കുമാര്‍ ഡി.ജി.എം അക്കൗണ്ട്സ്, എഫ്.സി.ഐ കണ്ണൂര്‍ ഏരിയാ മാനേജര്‍ വസന്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രളയ സമയത്ത് സമയോചിതമായ ഇടപെടല്‍ നടത്തി ഭക്ഷ്യധാന്യങ്ങള്‍ സംരക്ഷിച്ച തൃശൂര്‍ ഏരിയാ മാനേജര്‍ ക്ലിന്റണ് ഒലിവെറോ അഗസ്റ്റിന് ആദരസൂചകമായി മൊമെന്റോ നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."