കൊറോണ ജാഗ്രത: പത്തനംതിട്ടയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചു, എസ്.എസ്.എല്‍.സി പരീക്ഷ അതീവ ജാഗ്രതയോടെ നടത്തും
കൊറോണ: പത്തനംതിട്ടയില്‍ കൊറോണ സ്ഥിരീകരിച്ചസാഹചര്യത്തില്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചു.അംഗന്‍വാടി, പോളിടെക്നിക് കോളജ്, പ്രൊഫഷണല്‍ കോളജ്, എയ്ഡഡ് - അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാര്‍ച്ച് ഒന്‍പത് മുതല്‍ 11വരെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
ചൊവ്വാഴ്ച തുടങ്ങുന്ന എസ്.എസ്.എല്‍.സി പരീക്ഷ അതീവ ജാഗ്രതയോടെ നടത്തും.അതേ സമയം രോഗലക്ഷണങ്ങളുള്ള കുട്ടികള്‍ പരീക്ഷ എഴുതാന്‍ പാടില്ല. ഇവര്‍ക്ക് സേ പരീക്ഷ എഴുതാന്‍ അവസരം ഒരുക്കും. പരീക്ഷ സെന്ററുകളില്‍ മാസ്‌ക് ലഭ്യമാക്കും.
ജില്ലയില്‍ മാസ്‌കുകള്‍ക്ക് അധിക വില ഈടാക്കുന്നത് സംബന്ധിച്ച് പരിശോധിക്കും. ഡോക്ടറുടെ കുറിപ്പടയില്ലാതെ വരുന്നവര്‍ക്ക് മരുന്നുകള്‍ നല്‍കുന്നത് കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ട്. പത്തനംതിട്ടയില്‍ പൊതുപരിപാടികളും, വിവാഹങ്ങളും മാറ്റിവയ്ക്കാന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ നിര്‍ദേശം നല്‍കി.
പത്തനംതിട്ടയില്‍ പത്തുപേരാണ് ആശുപത്രിയില്‍ കഴിയുന്നത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.പത്തുസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.158 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.ജനങ്ങള്‍ക്കായി മുഴുവന്‍ സമയ കോള്‍സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിച്ചു.വിളിക്കേണ്ട നമ്പറുകള്‍: 0471-23 09 250, 0471-23 09 251, 047123 09 252.
പത്തനംതിട്ട റാന്നി ഐത്തല സ്വദേശികളായ അഞ്ച് പേര്‍ക്കാണ് നിലവില്‍ കൊറോണ രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇറ്റലിയില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും അവരുടെ രണ്ട് ബന്ധുക്കള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.കൊല്ലത്ത് അഞ്ചുപേരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.പാരിപ്പള്ളി മെഡിക്കല്‍ കോളജിലാണ് പ്രവേശിപ്പിച്ചത്.
കൊറോണ സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികള്‍ സന്ദര്‍ശിച്ച വീട്ടിലെ മൂന്നുപേരും അയല്‍വാസിയായ രണ്ടുപേരുമാണ് നിരീക്ഷണത്തിലുള്ളത്.ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ട സ്വദേശികളുടെ മൂന്ന് ബന്ധുക്കളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരാണ് 'പത്തനംതിട്ട കുടുംബത്തെ വിമാനത്താവളത്തില്‍ നിന്ന് സ്വീകരിക്കാന്‍ പോയത്.ഇവരില്‍ ഒരാള്‍ക്ക് രോഗലക്ഷണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."