സി.എ.എ പ്രതിഷേധക്കാരുടെ ചിത്രമുള്ള ബാനറുകള്‍ ഉടന്‍ നീക്കണമെന്ന് ഹൈക്കോടതി, യോഗിക്ക് കോടതിയുടെ അടി
ലഖ്‌നൗ: പൗരത്വനിയമ ഭേദഗതിക്കെതിരേ പ്രതിഷേധിച്ചവരുടെ ഫോട്ടോകള്‍ കവലകളില്‍ പ്രദര്‍ശിപ്പിച്ച യു.പിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതി. പൊലിസ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നു കണ്ട് കോടതി ജാമ്യം അനുവദിച്ചവരുടെ ചിത്രങ്ങള്‍ പതിച്ച ബാനറുകള്‍ ലഖ്‌നൗവിലെ പ്രധാന കവലകളില്‍ സര്‍ക്കാര്‍ പ്രദര്‍ശിപ്പിരുന്നു. ഇതിനെതിരേ സ്വമേധയാ കേസെടുത്ത് കോടതി വിഷയത്തില്‍ ഇടപെടുകയായിരുന്നു.
കേസ് പരിഗണിക്കാനായി പ്രത്യേക സിറ്റിങ് നടത്തിയ കോടതി ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നിന് മുമ്പായി ഈ ബാനറുകള്‍ നീക്കം ചെയ്യണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാതൂര്‍, ജസ്റ്റിസ് രമേശ് സിന്‍ഹ എന്നിവരുടെ ബെഞ്ചാണ് വിഷയത്തില്‍ പ്രത്യേക സിറ്റിങ് നടത്തിയത്.
ആരോപണവിധേയരായ പ്രതിഷേധക്കാരുടെ ഫോട്ടോകള്‍ വെച്ച് ബാനറുകള്‍ സ്ഥാപിച്ച ഭരണകൂടത്തിന്റെ നടപടി അങ്ങേയറ്റം നീതികേടാണ്. വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ആദിത്യനാഥിന്റെ നിര്‍ദേശത്തിലാണ് നടപടിയെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ബാനറിലുള്ളവര്‍ കുറ്റാരോപിതരാണെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍ അവര്‍ അതിന് ബാധ്യസ്ഥരാണെങ്കില്‍ ഓരോരുത്തര്‍ക്കും നോട്ടിസ് അയക്കുകയാണ് വേണ്ടതെന്നു കോടതി നിര്‍ദേശിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെ സംഘര്‍ഷത്തില്‍ പൊതുമുതല്‍ നശിപ്പിച്ചെന്നാരോപിച്ചാണ് ഫോട്ടോ പ്രദര്‍ശിപ്പിച്ചിരുന്നുത്. ഇവര്‍ പിഴ അടയ്ക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നേരത്തെ തന്നെ നോട്ടിസ് അയച്ചിരുന്നു. പിഴ അടച്ചില്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടുമെന്നും ബാനറില്‍ ഭീഷണിപ്പെടുത്തിയിരുന്നു.
അറുപതോളം പ്രതിഷേധക്കാരുടെ പേരും ചിത്രവും വിവരങ്ങളും ഉള്‍പ്പെടുത്തിയ ബാനറുകള്‍ ലഖ്‌നൗ നഗരത്തിലുടനീളം സ്ഥാപിച്ചിരുന്നു.
പൊതുപ്രവര്‍ത്തകര്‍ സദാഫ് ജാഫര്‍, അഭിഭാഷകനായ മുഹമ്മദ് ഷുഹൈബ്, പൊതുപ്രവര്‍ത്തകനും മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനുമായ എസ്.ആര്‍.ദാരാപുരിയടക്കമുള്ളവരുടെ ഫോട്ടോകളും ബാനറുകളിലുണ്ടായിരുന്നു. കേസില്‍ ഇന്ന് വിധി പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."