പത്തനംതിട്ടയില്‍ രണ്ടു വയസ്സുകാരി കൂടി ഐസൊലേഷന്‍ വാര്‍ഡില്‍; പരിശോധനക്കെത്തി കടന്നു കളഞ്ഞയാളെ തിരിച്ചെത്തിച്ചു
പത്തനംതിട്ട: പത്തനംതിട്ടയില്‍ കൊവിഡ് 19 നിരീക്ഷണത്തിനായി ഒരാളെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. രണ്ടു വയസ്സുകാരിയെയാണ് എസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ഇതോടെ ജില്ലയില്‍ ഐസൊലേഷന്‍ വാര്‍ഡിലുള്ളവരുടെ എണ്ണം ആറ് ആയി.
അതിനിടെ ഇന്നലെ പരിശോധനക്കെത്തി കടന്നു കളഞ്ഞയാളെ തിരിച്ചെത്തിച്ചു. റാന്നിയിലെ ഇയാളുടെ വീട്ടില്‍ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. യുവാവിനെ വീണ്ടും ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പരിശോധന നടത്തേണ്ടിയിരുന്ന യുവാവാണ് ഇന്നലെ രാത്രി ആശുപത്രിയില്‍ നിന്ന് ചാടിപോയത്. വെച്ചൂച്ചിറ സ്വദേശിയായിരുന്ന ഇയാള്‍ ആശുപത്രി അധികൃതര്‍ അറിയാതെയാണ് മുങ്ങിയത്. കര്‍ശനനിരീക്ഷണത്തിലുള്ള വാര്‍ഡില്‍ നിന്നാണ് ഇയാള്‍ ചാടിപോയത്. രോഗബാധിതരായ അഞ്ച് പേരുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടവരുടെ സമ്പര്‍ക്കപ്പട്ടിക ജില്ലാ ഭരണകൂടം തയ്യാറാക്കിയിരുന്നു. ഇതില്‍പ്പെട്ടയാളായിരുന്നു യുവാവ്. പരിശോധനയ്ക്കായി ഇവരെ ഓരോരുത്തരെയായി വിളിച്ചുവരുത്തി രക്തമെടുത്ത് പരിശോധന നടത്തുകയാണ് ജില്ലാ ഭരണകൂടവും ആരോഗ്യപ്രവര്‍ത്തകരും. ഇതിനിടെയാണ് ഇയാള്‍ മുങ്ങിയത്.
പത്തനംതിട്ട ജനറലാശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിച്ച ഈ യുവാവ് ആദ്യം രക്തപരിശോധനയ്ക്ക് തയ്യാറായില്ല. പിന്നീട് അധികൃതരുടെ ശ്രദ്ധ ഒന്ന് തെറ്റിയപ്പോള്‍ ഓടിപ്പോവുകയായിരുന്നു എന്നാണ് വിവരം. സമ്പര്‍ക്കപ്പട്ടികയിലുണ്ടെങ്കിലും ഇയാള്‍ രോഗികളുമായി നേരിട്ട് സമ്പര്‍ക്കത്തിലുണ്ടായിരുന്നില്ല എന്ന സൂചനയും അധികൃതര്‍ നല്‍കുന്നു.
കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 1116 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇറ്റലിയില്‍ നിന്നും വന്നവരുമായി വളരെ അടുത്ത ബന്ധമുള്ള 95 പേരെ ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരുന്നുണ്ട്.
നിരീക്ഷണത്തിലുള്ള 1116 പേരില്‍ 149 പേര്‍ ആശുപത്രിയിലും 967 പേര്‍ വീടുകളിലുമായാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. നിലവില്‍ രോഗം സ്ഥിരീകരിച്ച ആറുപേരുടെയും ആരോഗ്യ നില തൃപ്തികരമാണ്. ഇറ്റലിയില്‍ നിന്നും എത്തിയ പത്തനംതിട്ടയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
സാമ്പിളുകള്‍ പരിശോധിക്കാന്‍ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ സൗകര്യം ഒരുക്കും. കൊവിഡ് 19 ബോധവത്കരണത്തിനായി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെ കൂടി ആശ്രയിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഇറ്റലി ഉള്‍പ്പെടെ രോഗബാധിത പ്രദേശങ്ങളില്‍ നിന്നു വരുന്നവര്‍ സ്വമേധയാ ആരോഗ്യവകുപ്പിനെ വിവരമറിയിച്ചില്ലെങ്കില്‍ കേസെടുക്കും.
കൊവിഡ് 19 സംബന്ധിച്ച് വ്യാജപ്രചരണങ്ങള്‍ നടത്തിയാല്‍ നിയമ നടപടികളുണ്ടാകും. നിലവിലെ സാഹചര്യത്തില്‍ ഒമ്പതാം ക്ലാസ് വരെയുള്ള പരീക്ഷകള്‍ ഒഴിവാക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."