നൗഷാദിന്റെ ഓര്‍മകളില്‍ മാന്‍ഹോള്‍: പേരാമ്പ്രക്കാരി മികച്ച നടിയും
കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ കോഴിക്കോട്ടുകാര്‍ ആഹ്ലാദത്തിലാണ്. മികച്ച ചിത്രത്തിനുള്ള മാന്‍ഹോള്‍ എന്ന ചിത്രവും, മികച്ച നടിയായി തെരഞ്ഞെടുത്ത പേരാമ്പ്ര സ്വദേശി രജിഷ വിജയനുമാണ് സിനിമാ ലോകത്ത് കോഴിക്കോട്ടുകാരുടെ അഭിമാനമായത്. അവാര്‍ഡ് പ്രഖ്യാപനത്തിന്റെ വാര്‍ത്തയറിഞ്ഞതോടെ കോഴിക്കോട്ടുകാര്‍ നൗഷാദിന്റെ ഓര്‍മയിലായിരുന്നു. മാവൂര്‍ റോഡില്‍ ഭൂഗര്‍ഭ അഴുക്കുചാല്‍ വൃത്തിയാക്കാനിറങ്ങിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷിക്കാന്‍ ഇറങ്ങി അപകടത്തില്‍ മരിച്ച നൗഷാദ് എന്ന ഓട്ടോ തൊഴിലാളിയുടെ ദുരന്തത്തെ ആസ്പദമാക്കി ചിത്രീകരിച്ച മാന്‍ഹോള്‍ എന്ന ചിത്രത്തിനാണ് മികച്ച ചിത്രത്തിനും സംവിധായകക്കുമുള്ള പുരസ്‌കാരം നേടിയത്. കോഴിക്കോട്ടെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രമുഖയായിരുന്ന വിധു വിന്‍സെന്റാണ് ചിത്രത്തിന്റെ സംവിധായിക.
പിന്തള്ളപ്പെട്ട ചില സാമൂഹിക ജീവിതങ്ങളെ തുറന്നു കാണിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് വിധു വിന്‍സെന്റ് കോഴിക്കോട് പറഞ്ഞു.
മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നേടിയ രജിഷ വിജയന്റെ പേരാമ്പ്ര ചാലിക്കരയിലെ കുറുങ്ങോട്ട് വീടും നാട്ടുകാരും ആഹ്ലാദത്തിലാണ്. അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രത്തിലെ സ്വാഭാവിക അഭിനയത്തിനാണ് രജിഷ വിജയന് അവാര്‍ഡ് കിട്ടിയിരിക്കുന്നത്. മിലിട്ടറി സേവനത്തിനു ശേഷം കൊച്ചിയില്‍ സി.ബി.ഐ യില്‍ ജോലി ചെയ്തുവരുന്ന മേപ്പയ്യൂര്‍ കീഴരിയൂര്‍ കോറോത്ത് വിജയന്റെയും മകളായ രജിഷ ജനിച്ചതും പ്രീ പ്രൈമറി വിദ്യാഭ്യാസം നേടിയതും പേരാമ്പ്രയിലാണ്. പ്രൈമറി തലത്തില്‍ കോഴിക്കോട് ഈസ്റ്റ്ഹില്‍ സെന്‍ട്രല്‍ സ്‌കൂളില്‍ പ്രവേശനം ലഭിച്ചതിനെ തുടര്‍ന്ന് അമ്മ ഷീലയോടും അനുജത്തിയോടുമൊപ്പം കോഴിക്കോട് താമസമാക്കുകയായിരുന്നു. അച്ഛന്‍ വിജയന് സി.ബി.ഐ കൊച്ചി ഓഫിസില്‍ ജോലി ലഭിച്ചതോടെ കുടുംബം കഴിഞ്ഞ മൂന്നു വര്‍ഷമായി കൊച്ചിയിലാണ് താമസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."