തിരിച്ചുവരാനൊരുങ്ങി ലിവര്‍പൂള്‍
ലണ്ടന്‍: ചാംപ്യന്‍സ് ലീഗിലെ നിലവിലെ ചാംപ്യന്‍മാരായ ലിവര്‍പൂള്‍ തിരിച്ച് വരാനുള്ള ഒരുക്കത്തിലാണ്. ചാംപ്യന്‍സ് ലീഗിലെ ഇന്നത്തെ മത്സരത്തില്‍ സ്പാനിഷ് കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തിയില്ലെങ്കില്‍ ലീഗില്‍ ലിവര്‍പൂളിന് മുന്നിലെ വഴികള്‍ അടയും. പ്രീ ക്വാര്‍ട്ടറിലെ ആദ്യ പാദ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ലിവര്‍പൂള്‍ അത്‌ലറ്റിക്കോ മാഡ്രിഡിനോട് പരാജയപ്പെട്ടിരുന്നു.
ഇന്ന് ആന്‍ഫീല്‍ഡിലാണ് മത്സരമെന്നതിനാല്‍ ലിവര്‍പൂളിന് പ്രതീക്ഷയുണ്ട്. കഴിഞ്ഞ സീസണില്‍ ബാഴ്‌സലോണയോട് തോറ്റ ലിവര്‍പൂള്‍ ആന്‍ഫീല്‍ഡില്‍ നടന്ന രണ്ടാം പാദ മത്സരത്തില്‍ തിരിച്ച് വന്നിട്ടായിരുന്നു കിരീടം സ്വന്തമാക്കിയത്.
അത്‌ലറ്റിക്കോക്കെതിരേ തോറ്റപ്പോഴും ക്ലോപ് ഇതായിരുന്നു പറഞ്ഞത്. വെല്‍കം ടു ആന്‍ഫീല്‍ഡ് എന്ന്. ആദ്യ പാദത്തില്‍ ഫിനിഷിങ്ങിലെ പോരായ്മകളായിരുന്നു ലിവര്‍പൂളിന് തിരിച്ചടിയായത്. 73 ശതമാനവും പന്ത് കൈവശം വെച്ച് കളിച്ചത് ലിവര്‍പൂളായിരുന്നു. എന്നാല്‍ കിട്ടിയ അവസരം മുതലാക്കുന്നതില്‍ ലിവര്‍പൂള്‍ താരങ്ങള്‍ പരാജയപ്പെടുകയായിരുന്നു.
അതേ സമയം വീണ് കിട്ടിയ സുവര്‍ണാവസരം ലക്ഷ്യത്തിലെത്തിച്ചതോടെയാണ് അത്‌ലറ്റിക്കോക്ക് ഗോള്‍ കണ്ടെത്താന്‍ സധിച്ചത്. നാലാം മിനുട്ടില്‍ സോള്‍ നിഗസായിരുന്നു അത്‌ലറ്റിക്കോയുടെ വിജയ ഗോള്‍ നേടിയത്. ഗോള്‍ വീണതോടെ പ്രതിരോധത്തിലേക്ക് മാറിയ അത്‌ലറ്റിക്കോയുടെ തന്ത്രങ്ങള്‍ പൂര്‍ണമായും വിജയം കാണുകയായിരുന്നു. മുന്നേറ്റത്തിനൊപ്പം പ്രതിരോധത്തിലും ശ്രദ്ധിക്കുന്ന ടീമാണ് അത്‌ലറ്റിക്കോ മാഡ്രിഡ്.
അതിനാല്‍ ഇന്നത്തെ മത്സരത്തില്‍ ഗോളൊന്നും വഴങ്ങാതെ പ്രതിരോധിച്ച് നില്‍ക്കാനാകും അത്‌ലറ്റിക്കോ ആദ്യം ശ്രമിക്കുക. ആദ്യപാദ പ്രീ ക്വാര്‍ട്ടറില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ രണ്ട് ഷോട്ടുകളാണ് ഷോട്ട് ഓണ്‍ ടാര്‍ഗറ്റില്‍ ഉള്ളത്. ഇതില്‍ ഒരു കിക്ക് ഗോളാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ലിവര്‍പൂളിന് ഒറ്റ ഷോട്ട് പോലും ഷോട്ട് ഓണ്‍ ടാര്‍ഗറ്റിലേക്ക് അടിക്കാന്‍ കഴിഞ്ഞില്ല.
ആദ്യപാദത്തിലെ തോല്‍വിക്ക് ശേഷം ആത്മിവശ്വാസത്തോടെയായിരുന്നു ക്ലോപ് സിമയോണിയെയും സംഘത്തേയും ആന്‍ഫീല്‍ഡിലേക്ക് ക്ഷണിച്ചത്. അതുകൊണ്ട് ലിവര്‍പൂള്‍ ഇന്ന് ജയിക്കുമെന്ന് തന്നെയാണ് ക്ലോപ്പിന്റെയും സംഘത്തിന്റെയും വിശ്വാസം. അതേ സമയം ലീഡുള്ള ഒരു ഗോളില്‍ തൂങ്ങി 90 മിനുട്ടില്‍ തീര്‍ക്കുക എന്ന ലക്ഷ്യമായിരിക്കും സിമിയോണി ഇന്ന് ആന്‍ഫീല്‍ഡില്‍ നടപ്പാക്കുക. തീപാറുന്ന ലിവര്‍പൂളിന്റെ മുന്നേറ്റനിരക്ക് മുന്നില്‍ അത്‌ലറ്റിക്കോയുടെ തന്ത്രങ്ങള്‍ വിജയിക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും.
പ്രീമിയര്‍ ലീഗില്‍ കിരീടത്തോട് അടുത്തെത്തി നില്‍ക്കുന്ന ലിവര്‍പൂള്‍ ഫോമിലേക്ക് തിരിച്ച് വന്നിട്ടുണ്ട്. അത്‌ലറ്റിക്കോയോട് തോല്‍വി ഏറ്റുവാങ്ങിയതിന് ശേഷം ലിവര്‍പൂള്‍ മൂന്ന് മത്സരങ്ങളില്‍ പരാജയപ്പെട്ടിരുന്നു. അതിന് ശേഷം ബേണ്‍മൗത്തിനെ പരാജയപ്പെടുത്തിയായിരുന്നു ലിവര്‍പൂള്‍ വിജയവഴിയിലേക്ക് തിരിച്ച് വന്നത്. പരുക്കേറ്റ കീപ്പര്‍ ആലിസണ്‍ ബക്കര്‍ ലിവര്‍പൂളിന് വേണ്ടി ഇന്ന് കളത്തിലിറങ്ങിയേക്കില്ല. പരുക്ക് കാരണം ആലിസണ്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കളിച്ചിട്ടില്ല. ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഫ്രഞ്ച് കരുത്തരായ പി.എസ്.ജി ബുണ്ടസ്‌ലിഗ ക്ലബായ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ നേരിടും. ആദ്യപാദ മത്സരത്തില്‍ 1 - 2 എന്ന സ്‌കോറിന് ഡോര്‍ട്മുണ്ടിനോട് പി.എസ്.ജി പരാജയപ്പെട്ടിരുന്നു.
യുവതാരം ഹാളണ്ടന്റെ ഇരട്ടഗോളിന്റെ കരുത്തിലായിരുന്നു ഡോര്‍ട്മുണ്ട് ജയിച്ചത്. 75ാം മിനുട്ടില്‍ നെയ്മറായിരുന്നു പി.എസ്.ജിയുടെ ആശ്വാസ ഗോള്‍ നേടിയത്. ഹാളണ്ടിനെ തടുത്ത് നിര്‍ത്തിയാല്‍ മാത്രമേ പി.എസ്.ജിക്ക് ഇന്ന് തിരിച്ച് വരവ് സാധ്യമാവുകയുള്ളു. അര്‍ധ അവസരങ്ങള്‍ പോലും മുതലാക്കാന്‍ കഴിവുള്ള ഹാളണ്ടിനെ പിടിച്ച് കെട്ടുന്നതിന് തന്നെയായിരിക്കും പി.എസ്.ജി ഇന്ന് പ്രധാന്യം നല്‍കുക. കാരണം ആദ്യ പാദത്തില്‍ ഡോര്‍ട്മുണ്ട് നേടിയ രണ്ട് ഗോളുകളും ഹാളണ്ടിന്റെ വകയായിരുന്നു. പി.എസ്.ജിയിടെ ഹോം ഗ്രൗണ്ടിലാണ് ഇന്നത്തെ മത്സരം നടക്കുന്നത്. ഫ്രാന്‍സില്‍ കൊവിഡ് ഭീതി ഉള്ളതിനാല്‍ അടച്ചിട്ട സ്റ്റേഡിയത്തിലായിരിക്കും ഇന്ന് മത്സരം നടക്കുക. അതേ സമയം ആന്‍ഫീല്‍ഡില്‍ നടക്കുന്ന ലിവര്‍പൂള്‍ അത്‌ലറ്റിക്കോ മാഡ്രിഡ് മത്സരത്തില്‍ കാണികള്‍ക്ക് വിലക്കുണ്ടാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."