കോണ്‍ടാക്ട് ട്രേസിങ് പൂര്‍ണതയിലേക്ക്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഇറ്റലിയില്‍നിന്നു വന്ന കുടുംബത്തില്‍ നിന്നു സംസ്ഥാനത്ത് കൊവിഡ് പകര്‍ന്ന സാഹചര്യത്തില്‍ കൂടുതല്‍ രോഗബാധ തടയാനുള്ള മുന്‍കരുതല്‍ നടപടി കോണ്‍ടാക്ട് ട്രേസിങ് അവസാന ഘട്ടത്തിലേക്കെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗബാധിതര്‍ സഞ്ചരിച്ച വഴികളും സ്ഥലങ്ങളും കണ്ടെത്തി അവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെ പരിശോധിച്ച് ആവശ്യമായ ചികിത്സ നല്‍കുകയാണ് ചെയ്യുന്നത്.
ജില്ലാ കലക്ടറുടെയും ഡി.എം.ഒയുടെയും നേതൃത്വത്തില്‍ 11 ടീമുകളായാണ് പത്തനംതിട്ടയില്‍ കോണ്‍ടാക്ട് ട്രേസിങ് പുരോഗമിക്കുന്നത്. ഇറ്റലിയില്‍നിന്നു പത്തനംതിട്ടയില്‍ എത്തിയ മൂന്നംഗ കുടുംബവുമായി സമ്പര്‍ക്കം പുലര്‍ത്തിയ 969 പേരെയാണ് ഇതുവരെ കണ്ടെത്തിയത്.
ഇതില്‍ 129 പേരെ ഹൈറിസ്‌ക് വിഭാഗത്തില്‍പ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ 13 ശതമാനം പേര്‍ 60 വയസില്‍ കൂടുതലുള്ളവരാണ്.
അവര്‍ക്ക് പ്രത്യേക പരിചരണമാണ് നല്‍കുന്നത്. കോട്ടയത്ത് 60 പേര്‍ കോണ്ടാക്ട് ലിസ്റ്റിലുണ്ട്. എറണാകുളത്ത് കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ള മൂന്ന് വയസുകാരനുമായും മാതാപിതാക്കളുമായും സമ്പര്‍ക്കം പുലര്‍ത്തിയ 33 ഹൈറിസ്‌കുള്ളവര്‍ ഉള്‍പ്പെടെ 131 പേരെയും കണ്ടെത്തിയിട്ടുണ്ട്.
കോവിഡ് ബാധിത രാജ്യങ്ങളില്‍നിന്നു കൂടുതല്‍ പേര്‍ കേരളത്തിലേക്ക് വരുന്നുണ്ട്. അതിനാല്‍ തന്നെ എല്ലാ എയര്‍പോര്‍ട്ടുകളിലും നല്ല സ്‌ക്രീനിങാണ് നടക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ഇത്തരത്തില്‍ വന്നവരുണ്ടെങ്കില്‍ കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
സ്വമേധയാ റിപ്പോര്‍ട്ട് ചെയ്ത് വരുന്നവരും ഇപ്പോഴുണ്ട്. കൂടുതല്‍ കേസുകള്‍ വരുന്നതനുസരിച്ച് ചികിത്സ സൗകര്യങ്ങള്‍ കൂട്ടുന്നതാണെന്നും നല്ല ലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കായി അയയ്ക്കുന്നതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."