നാലു വര്‍ഷത്തിനിടെ പിടിയിലായത് 486 ഉദ്യോഗസ്ഥര്‍!
കൊണ്ടോട്ടി: നാലു വര്‍ഷത്തിനിടെ ക്രമക്കേട് നടത്തിയതിന് പ്രതിപട്ടികയിലായത് 486 ഉദ്യോഗസ്ഥര്‍. സിവില്‍ സപ്ലൈസ് വകുപ്പിലാണ് കൃത്യ നിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിന്റേയും ക്രമക്കേടില്‍ ഉള്‍പ്പെട്ടതിന്റെയും പേരില്‍ ഇത്രയേറെ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുത്തത്. സര്‍ക്കാര്‍ തലത്തില്‍ 168 പേര്‍ക്കെതിരേയും വകുപ്പ് തലത്തില്‍ 318 പേര്‍ക്കെതിരേയുമാണ് നടപടി. ഇതില്‍ പകുതിയും റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരാണ്.
സര്‍ക്കാര്‍ തലത്തില്‍ 78 റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കെതിരേയും വകുപ്പ് തലത്തില്‍ 166 പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. നിയമ നടപടിക്ക് വിധേയരായവരില്‍ 85 പേര്‍ താലൂക്ക് സപ്ലൈ ഓഫിസര്‍മാരാണ്. ഇവരില്‍ 45 പേര്‍ വകുപ്പ് നടപടിക്കും 41 പേര്‍ സര്‍ക്കാര്‍ തലത്തിലും നടപടി നേരിട്ടു. അസി.താലൂക്ക് ഓഫിസര്‍മാരില്‍ 34 പേര്‍ വകുപ്പ് തലത്തിലും 13 പേര്‍ സര്‍ക്കാര്‍ തലത്തിലും നടപടി നേരിടുന്നു. ക്ലര്‍ക്ക് മാരില്‍ 71 പേരാണ് വകുപ്പ് തലത്തില്‍ അന്വേഷണം നേരിടുന്നത്. 24 പേര്‍ സര്‍ക്കാര്‍ തലത്തിലും അന്വേഷണം നേരിടുന്നുണ്ട്.
ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫ് റേഷനിങ് വിഭാഗത്തില്‍ മൂന്ന് പേരും ജില്ലാ സപ്ലൈ ഓഫിസര്‍മാരില്‍ നാലു പേരും സര്‍ക്കാര്‍ തലത്തില്‍ നടപടി നേരിടുന്നുണ്ട്. ഡ്രൈവര്‍മാരില്‍ മൂന്ന് പേരും ഓഫിസ് അറ്റന്‍ഡന്റുമാരില്‍ രണ്ട് പേര്‍ക്കെതിരേയുമാണ് സര്‍ക്കാര്‍ തലത്തില്‍ കേസ്. ഓഫിസ് അറ്റന്‍ഡന്റുമാരില്‍ രണ്ട് പേര്‍ വകുപ്പ് തലത്തിലും നടപടി നേരിടുന്നുണ്ട്.
റേഷന്‍ വിതരണ രംഗത്തെ അഴിമതി ഒഴിവാക്കാനായി 333 സ്വകാര്യ മൊത്തവിതരണക്കാരെ ഒഴിവാക്കി റേഷന്‍ സാധനങ്ങള്‍ വാതില്‍പ്പടി വിതരണം നടത്തിവരികയാണ്. ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്തും റേഷന്‍കടകള്‍ കംപ്യൂട്ടര്‍ വത്കരിച്ചും അഴിമതി ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോഴാണ് ഈ കണക്കുകള്‍ പുറത്തുവരുന്നതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."