യൂറോപ്പില്‍ ഭീതി വിതച്ച് കൊവിഡ്
ബെയ്ജിങ്: ചൈനയിലെ വുഹാനില്‍നിന്നു തുടങ്ങി ഇന്ത്യയടക്കം ലോകത്തെ 102 രാജ്യങ്ങളിലേക്കു പടര്‍ന്നുപിടിച്ച കൊവിഡ് -19 സംഹാരം തുടരുന്നു. ചൈനയില്‍ രോഗബാധിതരുടെയും മരണപ്പെടുന്നവരുടെയും എണ്ണം കുറഞ്ഞെങ്കിലും ഇറ്റലി, ദക്ഷിണ കൊറിയ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇപ്പോള്‍ കടുത്ത ഭീഷണിയിലൂടെയാണ് കടന്നുപോകുന്നത്.
4000ത്തിലേറെ പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ ലോകത്ത് മരണത്തിനു കീഴടങ്ങിയത്. 1,13,000 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറ്റലിയിലെ മാഡ്രിഡില്‍ ഇന്നലെ മാത്രം 10 പേര്‍ മരിച്ചു. ഇതോടെ മാഡ്രിഡില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 31 ആയി. 1,024 പേര്‍ക്കാണ് ഇവിടെ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇറ്റലിയുമായുള്ള റെയില്‍ ഗതാഗതം ഓസ്ട്രിയ റദ്ദാക്കി.
ഇറ്റലിയില്‍ അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നാണ് രാജ്യത്തെ ആറു കോടിയോളം ജനങ്ങളോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. രോഗവ്യാപനം തടയുന്നതിനായി 25 മില്യന്‍ യൂറോയാണ് സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത്.
ഇറാനില്‍ ഇന്നലെ മാത്രം 63 പേര്‍ മരിച്ചു. ഇതോടെ വൈറസ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 354 ആയി. 9000 പേര്‍ക്കാണ് ഇറാനില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്തൊനേഷ്യ, ബെല്‍ജിയം, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ കഴിഞ്ഞ ദിവസം ആദ്യ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബൊളീവിയയിലടക്കം പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്.
കഴിഞ്ഞ ദിവസം ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്ത മൊറോക്കോയില്‍ ഇന്നലെ വൈറസ് ബാധിച്ച് നാലുപേര്‍ കൂടി മരിച്ചു. ദക്ഷിണാഫ്രിക്കയില്‍ ഇന്നലെ ആറുപേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇസ്‌റാഈലില്‍ ഇന്നലെ എട്ടുപേര്‍ക്കുകൂടി വൈറസ് സ്ഥിരീകരിച്ചതോടെ ആകെ സ്ഥിരീകരിച്ചവരുടെ എണ്ണം 76 ആയി.
26 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പോളണ്ടില്‍ കഴിഞ്ഞ ദിവസം മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം അടച്ചിട്ടിരിക്കുകയാണ്. ഉക്രൈനിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബഹ്‌റൈനില്‍ 77 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വിയറ്റ്‌നാമിലും 35 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുവൈത്തില്‍ മൂന്നു പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടനില്‍ ഇതുവരെ 382 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1000 കവിഞ്ഞു. ഇതുവരെ 31 പേരാണ് രാജ്യത്ത് മരിച്ചത്.
ജര്‍മനിയിലും ഭീതി
ബെര്‍ലിന്‍: ജര്‍മനിയില്‍ ആകെ ജനസംഖ്യയുടെ 70 ശതമാനത്തോളം പേര്‍ക്ക് രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആന്‍ഗല മെര്‍ക്കല്‍. ഇതുവരെ രോഗം ബാധിച്ച് മൂന്നുപേരാണ് ജര്‍മനിയില്‍ മരിച്ചത്. 1,300 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."