'മഹാരാജാവി'നെ ഇങ്ങനെ അപമാനിക്കരുത്- ജ്യോതിരാദിത്യ സിന്ധ്യയെ പരിഹസിച്ച് മധ്യപ്രദേശ് കോണ്‍ഗ്രസ്
ഭോപ്പാല്‍: കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയെ പരിഹസിച്ച് മധ്യപ്രദേശ് കോണ്‍ഗ്രസ്. കൂടുമാറി വന്ന മഹാരാജാവിനെ ബി.ജെ.പി ഇങ്ങനെ അപമാനിക്കരുതെന്നാണ് അപേക്ഷ. സിന്ധ്യയെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്ത് കൊണ്ട് ഒരു ട്വീറ്റ് പോലും ഇടാത്ത അമിത് ഷായുടേയും മോദിയുടേയും നടപടി ചൂണ്ടിക്കാട്ടിയായിരുന്നു കോണ്‍ഗ്രസിന്റെ പരിഹാസം. സിന്ധ്യ എഴുതുന്ന തരത്തിലായിരുന്നു മധ്യപ്രദേശ് കോണ്‍ഗ്രസിന്റെ ട്വീറ്റ്.
'സിന്ധ്യ ജിയെ സ്വാഗതം ചെയ്ത് ഒരു ട്വീറ്റ് പോലും നരേന്ദ്ര മോദി ജിയോ അല്ലെങ്കില്‍ അമിത് ഷാ ജിയോ ചെയ്തില്ല
മോദി / ഷാ, കുറഞ്ഞപക്ഷം ഇത്രയും പെട്ടെന്ന് ഇത് ചെയ്യരുതായിരുന്നു. 24 മണിക്കൂര്‍ പോലും ആയിട്ടില്ല, അതിന് മുന്‍പേ നിങ്ങള്‍ എന്നെ അപമാനിക്കാന്‍ തുടങ്ങി ..!
മഹാരാജാവാണ്..ശിവരാജ് ജി ചരിത്രത്തില്‍ പരാമര്‍ശിച്ച അതേ മഹാരാജാവ്' - എന്നായിരുന്നു മധ്യപ്രദേശ് കോണ്‍ഗ്രസിന്റെ ട്വീറ്റ്.
ചൊവ്വാഴ്ച രാവിലെയാണ് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടത്. ബുധനാഴ്ച ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയില്‍ നിന്ന് പ്രാഥമികാംഗത്വം വാങ്ങിയിരുന്നു. സിന്ധ്യ കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ മധ്യപ്രദേശില്‍ നിന്ന് 22 എം.എ.എല്‍മാരും രാജിവെച്ചിരുന്നു.
മോദിയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും കോണ്‍ഗ്രസില്‍ തുടര്‍ന്നാല്‍ തനിക്ക് ജനങ്ങളെ സേവിക്കാന്‍ കഴിയില്ലെന്നുമായിരുന്നു സിന്ധ്യ ബുധനാഴ്ച നദ്ദയ്‌ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.
എം.എല്‍.എമാര്‍ രാജിവെച്ചതോടെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി. 230 അംഗ നിയമസഭയില്‍ നിലവില്‍ 228 എം.എല്‍.എമാരാണുള്ളത്. 22 എം.എല്‍.എമാര്‍ രാജിവെച്ചതോടെ നിലവില്‍ 206 ആണ് നിയമസഭയിലെ അംഗബലം.
ഭൂരിപക്ഷം തെളിയിക്കാന്‍ 104 പേരുടെ പിന്തുണയാണ് കമല്‍നാഥ് സര്‍ക്കാരിന് വേണ്ടത്. എം.എല്‍.എമാര്‍ രാജിവെച്ചതോടെ 92 കോണ്‍ഗ്രസ് എം.എല്‍.എമാരാണ് കമല്‍നാഥ് സര്‍ക്കാരിനൊപ്പമുള്ളത്. രണ്ട് ബി.എസ്.പി എം.എല്‍.എമാരുടേയും ഒരു എസ്.പി എം.എല്‍.എയുടേയും നാല് സ്വതന്ത്രരുടേയും പിന്തുണ കൂടി കമല്‍നാഥിന് നിലവിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."