ഗുരുവായൂര്‍ ആനയോട്ടം; ഗോപീകണ്ണന്‍ വീണ്ടും ജേതാവ്
ഗുരുവായൂര്‍: ഗുരുവായൂര്‍ ഉത്സവത്തിന് തുടക്കം കുറിച്ച് നടന്ന പ്രസിദ്ധമായ ഗുരുവായൂര്‍ ആനയോട്ടത്തില്‍ കഴിഞ്ഞ വര്‍ഷത്തെ വിജയി കൊമ്പന്‍ ഗോപീകണ്ണന്‍ വീണ്ടും ജേതാവായി. ഇത് ആറാം തവണയാണ് ഗോപീകണ്ണന്‍ ജേതാവാകുന്നത്.
ജൂനിയര്‍ വിഷ്ണുവാണ് തൊട്ടുപിന്നില്‍ എത്തിയത്. ഗോപീകണ്ണന്‍ ക്ഷേത്രകവാടം കടന്ന് വിജയിയാകുമെന്ന് ഉറപ്പായതോടെ പത്ത് മീറ്റര്‍ അകലെ വെച്ച് ജൂനിയര്‍ വിഷ്ണു ഓട്ടം നിര്‍ത്തുകയായിരുന്നു. ആവേശം വാനോളം ഉയര്‍ത്തിയ ആനയോട്ടം കാണുവാന്‍ വന്‍ ജനാവലിയാണ് ഗുരുവായൂരിലെത്തിയത്. പകല്‍ 3ന് ക്ഷേത്രനാഴികമണി മൂന്നടിച്ചപ്പോള്‍ പാരമ്പര്യ അവകാശി മാതമ്പാട്ട് നമ്പ്യാരില്‍ നിന്നും കുടമണികള്‍ ഏറ്റുവാങ്ങിയ പാപ്പാന്മാര്‍ ഓടി മഞ്ജുളാലിനു സമീപം നിരന്നു നിന്നിരുന്ന ആനകളുടെ കഴുത്തില്‍ ചാര്‍ത്തിയതോടെയായിരുന്നു ആനയോട്ടത്തിന് തുടക്കമായത്.
ക്ഷേത്രത്തിനകത്ത് മൂന്ന് തവണ വലംവെച്ച് ക്ഷേത്ര കൊടിമരം തൊട്ട ഗോപീകണ്ണനെ വിജയിയായി പ്രഖ്യാപിച്ചു. 2003, 2004, 2009, 2010, 2016 എന്നീ വര്‍ഷങ്ങളില്‍ വിജയിയായിരുന്ന ഗോപീകണ്ണനെ 2001ല്‍ ഗോപു നന്ദിലത്താണ് നടയിരുത്തിയത്. പി.വി മണികണ്ഠനാണ് ഒന്നാം പാപ്പാന്‍. കെ.വി വിജു, പി.വി ദീപക്, കെ.ശിവരാജന്‍ എന്നിവരാണ് മറ്റു പാപ്പാന്‍മാര്‍. കെ. ശിവരാജനാണ് മുകളിലിരുന്ന് ഓട്ടം നിയന്ത്രിച്ചത.
ആനയോട്ടത്തില്‍ പങ്കെടുത്ത മുഴുവന്‍ ആനകള്‍ക്കും ദേവസ്വം ആനയൂട്ട് നല്‍കി. ക്ഷേത്രക്കുളത്തിന് മുന്നില്‍ നടന്ന ആനയൂട്ട് കാണാന്‍ ആയിരങ്ങളെത്തി. നേന്ത്രപ്പഴം, കരിമ്പ്, കക്കിരിക്ക, കാരറ്റ് എന്നിവയായിരുന്നു വിഭവങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."