ഇറാഖില്‍ റോക്കറ്റ് ആക്രമണം: മൂന്ന് യു.എസ് സഖ്യസൈനികര്‍ കൊല്ലപ്പെട്ടു
ബഗ്ദാദ്: ഇറാഖിലെ അമേരിക്കന്‍ സഖ്യസേനാ താവളത്തിനു നേരെ നടന്ന റോക്കറ്റ് ആക്രമണങ്ങളില്‍ മൂന്നു സഖ്യസൈനികര്‍ കൊല്ലപ്പെട്ടു. പന്ത്രണ്ടിലേറെ പേര്‍ക്കു ഗുരുതര പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ കൂടാനിടയുണ്ടെന്നാണ് വിവരം.
കഴിഞ്ഞ ദിവസമാണ് ഉത്തര ബഗ്ദാദിലെ ക്യാംപ് താജി സൈനിക താവളത്തിനു നേരെ നിരവധി തവണ ആക്രമണം നടന്നത്. ഇവിടെ ആരായിരത്തോളം സൈനികരാണ് പരിശീലനം നടത്തുന്നത്. വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഇറാഖ് അധികൃതര്‍ വ്യക്തമാക്കി.
ഇറാഖില്‍വച്ച് ഇറാന് സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിനു പിന്നാലെ അമേരിക്കന്‍ സൈന്യത്തിനു നേരെ ഇവിടെ ആക്രമണങ്ങള്‍ തുടരുകയാണ്. തങ്ങളുടെ സൈനിക മേധാവിയെ വധിച്ചതിനു പകരം ചോദിക്കുമെന്ന് അന്ന് ഇറാന് വ്യക്തമാക്കിയതിനു പിന്നാലെ നിരവധി തവണയാണ് വ്യോമാക്രമണങ്ങളുണ്ടായത്. ഇതില്‍ നിരവധി അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തുടക്കത്തില്‍, അമേരിക്കന്‍ സൈനികര്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നു വ്യക്തമാക്കി രംഗത്തെത്തിയിരുന്നു പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്നീട് പ്രസ്താവന തിരുത്തിയിരുന്നു.
കഴിഞ്ഞ ദിവസം സൈനിക താവളത്തിനു സമീപം പതിനഞ്ചിലേറെ റോക്കറ്റുകള്‍ പതിച്ചതായാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. വിഷയത്തില്‍ തിരിച്ചടിയുണ്ടാകുമെന്ന സൂചനയുമായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."