മൂവാറ്റുപുഴ ടൗണ്‍ വികസനം; കച്ചേരിത്താഴത്തെ കൊടുംവളവിലെ സ്ഥലമേറ്റെടുത്തു
മൂവാറ്റുപുഴ: ടൗണ്‍ വികസനത്തിന്റ ഭാഗമായി മൂവാറ്റുപുഴ കച്ചേരിത്താഴത്തെ കൊടും വളവിലെ ബഹുനില മന്ദിരത്തിന്റെ സ്ഥലം ഏറ്റെടുത്ത് കെ.എസ്.ടി.പിയ്ക്ക് കൈമാറി. നഗര വികസനത്തിന് എന്നും തടസമായി നിന്ന കച്ചേരിത്താഴത്തെ കൊടുംവളവിലെ ബഹുനിലമന്ദിരത്തിന്റെ 62സ്‌ക്വയര്‍ മീറ്റര്‍ സ്ഥലമാണ് റോഡ് നിര്‍മാണത്തിനായി ഏറ്റെടുക്കേണ്ടത്.
ഈ സ്ഥലം റവന്യൂ വകുപ്പ് അളന്ന് കല്ലിടുകയും സ്ഥലത്തിന് പൊന്നും വില നിശ്ചയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സ്ഥല ഉടമ സാങ്കേതികത്വം നിരത്തി സ്ഥലത്തിനുവദിച്ച പണം കൈപ്പറ്റാന്‍ തയാറായില്ല. ഈ പണം കോടതിയില്‍ കെട്ടിവച്ച ശേഷം മൂവാറ്റുപുഴ സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഉത്തരവ് പ്രകാരം ഇന്നലെ രാവിലെ കാക്കനാട് സ്‌പെഷ്യല്‍ എല്‍.എ തഹസീല്‍ദാര്‍ കെ.എം എല്‍ദോയുടെ നേതൃത്വത്തിലുള്ള റവന്യൂ വകുപ്പ് സംഘമാണ് 62സ്‌ക്വയര്‍ മീറ്റര്‍ ഏകദേശം ഒന്നര സെന്റ് സ്ഥലം ഏറ്റെടുത്ത് കെ.എസ്.ടി.പിയ്ക്ക് കൈമാറിയത്. കെ.സ്.ടി.പി.യുടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി അടുത്ത ദിവസം തന്നെ കെട്ടിടം പൊളിച്ച് മാറ്റി സ്ഥലം ഏറ്റെടുക്കും. മൂവാറ്റുപുഴ ടൗണ്‍ വികസനവുമായി ബന്ധപ്പെട്ട് പണം നല്‍കി ഏറ്റെടുത്ത സ്ഥലങ്ങളിലെ കെട്ടിടങ്ങള്‍ പൊളിച്ച് നീക്കി സ്ഥലമേറ്റെടുക്കുന്ന നടപടികളാണ് നടന്ന് വരുന്നത്.
ഇതിന് പുറമെ വെള്ളൂര്‍കുന്നം മുതല്‍ കച്ചേരിത്താഴം വരെയുള്ള ഏറ്റെടുക്കേണ്ട സ്ഥലങ്ങള്‍ അളന്ന് തിട്ടപ്പെടുത്തി പണം നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനായി റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെയും നിയമിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."