അധികൃതര്‍ സഹായിച്ചില്ല; വീട് പൂര്‍ണമായും തകര്‍ന്ന് വീണു
ചങ്ങനാശേരി:കഴിഞ്ഞ പ്രളയത്തില്‍ ഭാഗിഗമായി തകര്‍ന്ന വീടാണ് ഇപ്പോള്‍ പൂര്‍ണമായി തകര്‍ന്നു വീണത്. കുറിച്ചി പഞ്ചായത്തില്‍ 15-ാം വാര്‍ഡില്‍ എസ്.പുരം തെക്കേപറമ്പില്‍ ശോഭനാ ഷാജിയുടെ വീടാണ് തകര്‍ന്ന് വീണത്.
അപകട സമയത്ത് ശോഭനയും ഭര്‍ത്താവ് ഷാജിയും വീട്ടില്‍ ഉണ്ടായിരുന്നു എങ്കിലും തകര്‍ന്ന് വീഴുന്നതു കണ്ട് ഇറങ്ങി ഓടിയതിനാല്‍ പരുക്കേറ്റില്ല. കഴിഞ്ഞ പ്രളയ സമയത്ത് ഭാഗികമായി തകര്‍ന്ന വീടിന്റെ ശോച്യാവസ്ഥ മനസിലാക്കി അന്ന് പരിശോധനക്കെത്തിയ കുറിച്ചി വില്ലേജ് ഓഫിസറും ,താലൂക്ക് ഉദ്യോഗസ്ഥരും,വിജിലന്‍സ് ഉദ്യോഗസ്ഥരും വീട് താമസ സൗകര്യം അല്ലന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ കുറിച്ചി പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ എത്തിയ ഉദ്യോഗസ്ഥ സംഘം പരിശോധനക്ക് ശേഷം വീടിന് കുഴപ്പമില്ലന്ന് റിപ്പോര്‍ട്ട് കൈമാറിയതോടെ പ്രളയത്തില്‍ തകര്‍ന്ന വീട് പുനര്‍നിര്‍മ്മിക്കുന്നതിനുള്ള വഴിയടയുകയായിരുന്നു.
കുറിച്ചി പഞ്ചായത്ത് പ്രസിഡണ്ട് മനോജ് മുളപ്പന്‍ഞ്ചേരിയുടെ വാര്‍ഡില്‍ ഉള്‍പ്പെടുന്ന വീടാണ് തകര്‍ന്നത്. പ്രളയത്തില്‍ തകര്‍ന്ന വീടിന് പഞ്ചായത്ത് സഹായം നിഷേധിച്ചത് പഞ്ചായത്തില്‍ നിരന്തരം കയറിയിറങ്ങിയിട്ടും ബോധപൂര്‍വ്വം സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയിലോ പഞ്ചായത്തിന്റെ വീട് മെയിന്റന്‍സ് വര്‍ക്കിലോ ഈ കുടുംബത്തെ ഉള്‍പെടുത്താന്‍ രാഷ്ട്രീയ പക്ഷപാതിത്വം കാരണം ഭരണ സമിതി അനുവദിച്ചില്ലന്ന ആക്ഷേപം നിലനില്ക്കവേയാണ് വീട് പൂര്‍ണമായും തകര്‍ന്നു വീണത്. രാഷ്ട്രീയ കാരണം മൂലം കുറിച്ചി പഞ്ചായത്തില്‍ ഇത്തരത്തില്‍ നിരവധി കുടുംബങ്ങള്‍ക്ക് അര്‍ഹമായ അവസരം ഭരണ സമിതി നിഷേധിക്കുന്നതായി കുറിച്ചി പഞ്ചായത്ത് പ്രതിപക്ഷ നേതാവ് കെ.ഡി സുഗതന്‍ പറഞ്ഞു. പഞ്ചായത്ത് ഭരണ സമിതിയുടെ ഇത്തരം ജനദ്രോഹ നടപടിക്കെതിരെ ശക്തമായ സമര പരിപാടികള്‍ സ്വീകരിക്കുമെന്ന് സി.പി.എം കുറിച്ചി ലോക്കല്‍ കമ്മറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."