ഐ.എസ്.എല്‍ കലാശപ്പോരാട്ടം ഇന്ന് കിരീടം തേടി
പനജി: ഐ.എസ്.എല്ലിന്റെ ആറാം സീസണിലെ കിരീട ജേതാക്കള്‍ ആരാണെന്ന് ഇന്നറിയാം. ഗോവയിലെ ഫറ്റോര്‍ദ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഇന്ന് വൈകീട്ട് 7.30നാണ് കലാശപ്പോരാട്ടം. രണ്ട് വീതം കിരീടം നേടിയ ഇരു ടീമുകളും മൂന്നാം കിരീടം നേടാനുള്ള ഒരുക്കത്തിലാണ്. ഫൈനലിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ഗോവയേയും ബംഗളൂരുവിനെയും തകര്‍ത്തായിരുന്നു എ.ടി.കെയും ചെന്നൈയിന്‍ എഫ്.സിയും ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടിയത്. ചെന്നൈയിന്‍ എഫ്.സിയായിരുന്നു അത്ഭുതപ്പെടുത്തുന്ന മുന്നേറ്റത്തിലൂടെ ഫൈനലിലെത്തിയത്. സീസണിന്റെ പകുതിവരെ പട്ടികയില്‍ ആദ്യ അഞ്ചില്‍ പോലും ഇടംനേടാത്ത ടീമായിരുന്നു ചെന്നൈയിന്‍.
ഒരു തവണ പട്ടികയിലെ അവസാന സ്ഥാനത്ത് വരെ ചെന്നൈ എത്തി. സീസണിന്റെ തുടക്കത്തില്‍ ഇംഗ്ലീഷ് പരിശീലകനായിരുന്ന ജോണ്‍ ഗ്രിഗറിയായിരുന്നു ചെന്നൈയിനെ പരിശീലിപ്പിച്ചിരുന്നത്. എന്നാല്‍ ടീമിന്റെ മോശം ഫോമിനെ തുടര്‍ന്ന് ഗ്രിഗറിയെ ചെന്നൈയിന്‍ പുറത്താക്കുകയായിരുന്നു. ഗ്രിഗറിയെ പുറത്താക്കുമ്പോള്‍ ചെന്നൈയിന്‍ എട്ടാം സ്ഥാനത്തായിരുന്നു ഉണ്ടായിരുന്നത്. പിന്നീടായിരുന്നു സ്‌കോട്‌ലന്‍ഡുകാരന്‍ പരിശീലകന്‍ ഓവന്‍ കോയല്‍ പരിശീലക സ്ഥാനം ഏറ്റെടുത്തത്. പിന്നീട് ചെന്നൈയിന്‍ പതിയെ പതിയെ സ്ഥാനം മെച്ചപ്പെടുത്തിക്കൊണ്ടിരുന്നു. അവസാന നാലിലെത്തി പ്ലേ ഓഫിന് യോഗ്യത നേടുന്നതിന് മുംബൈ സിറ്റിയുമായി പൊരുതി ഒരു പോയിന്റിന്റെ വിത്യാസത്തിലായിരുന്നു ചെന്നൈയിന്‍ പ്ലേ ഓഫിലേക്ക് യോഗ്യത നേടിയത്.
സെമിയില്‍ ശക്തരായ ഗോവയായിരുന്നു ചെന്നൈയിന്റെ എതിരാളികള്‍. ഗോവയെ മികച്ച ഗോള്‍ മാര്‍ജിനില്‍ പരാജയപ്പെടുത്തിയായിരുന്നു ചെന്നൈയിന്‍ ഫൈനലിന് ടിക്കറ്റെടുത്തത്. ലൂസിയാന്‍ ഗോയലിന്റെ നേതൃത്വത്തിലുള്ള ചെന്നൈയിന്‍ നിര വളരെ ശക്തമാണ്. ഇന്നത്തെ മത്സരത്തില്‍ എ.ടി.കെയെ പരാജയപ്പെടുത്തുമോ എന്ന് കാത്തിരുന്ന് കാണാം.
അതേസമയം, ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് തവണ ചെന്നൈയിന്‍ എ.ടി.കെയോട് പരാജയപ്പെട്ടിരുന്നു. ഇതിന്റെ ആത്മവിശ്വാസം എന്തായാലും എ.ടി.കെ നിരയിലുണ്ടാകും. കൂടാതെ സെമി ഫൈനല്‍ പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ബംഗളൂരു എഫ്.സിയെ കെട്ടുകെട്ടിച്ചതിന്റെ ആത്മവിശ്വാസവും എ.ടി.കെക്ക് കരുത്ത് പകരുന്നുണ്ട്. സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനോട് തോറ്റ എ.ടി.കെ പിന്നീടുള്ള മത്സരങ്ങളില്‍ ജയത്തോടെ തിരിച്ച് വന്നിരുന്നു. തുടര്‍ ജയങ്ങള്‍ സ്വന്തമാക്കിയതോടെ സീസണിലുടനീളം പട്ടികയിലെ ആദ്യ നാലില്‍ ഇടം നേടാനും കൊല്‍ക്കത്തക്ക് കഴിഞ്ഞു. റോയ് കൃഷ്ണ, ഡേവിഡ് വില്യംസ് എന്നിവരടങ്ങുന്ന മുന്നേറ്റനിരയാണ് എ.ടി.കെയുടെ കരുത്ത്. ഐ.എസ്.എല്ലിന്റെ ആദ്യ നാല് സീസണിലും എ.ടി.കെയും ചെന്നൈയിനുമായിരുന്നു കിരീടം സ്വന്തമാക്കിയത്.
ആദ്യ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്തായിരുന്നു എ.ടി.കെയുടെ കിരീട ധാരണം. രണ്ടാം സീസണില്‍ ഗോവയെ തകര്‍ത്ത് ചെന്നൈ കിരീടം സ്വന്തമാക്കിയപ്പോള്‍ മൂന്നാം സീസണില്‍ വീണ്ടും കേരളാ ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്ത് എ.ടി.കെ കിരീടം സ്വന്തമാക്കി. നാലാം സീസണില്‍ വീണ്ടും ചെന്നൈയിന്‍ കിരീടം സ്വന്തമാക്കി. അവസാന സീസണില്‍ മാത്രമായിരുന്നു മറ്റൊരു ടീം കിരീടം സ്വന്തമാക്കിയത്. 2018-19 സീസണില്‍ ഗോവയെ തകര്‍ത്ത് ബംഗളൂരു എഫ്.സിയായിരുന്നു കിരീടം സ്വന്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."