ശാന്തമായ ശാസ്താംപാറ അഥവാ 360 ഡിഗ്രി ട്രിവാന്‍ഡ്രം
തലസ്ഥാനത്തിന്റെ ഏരിയല്‍ ഭൂപടം ഒന്ന് നേരിട്ടു കാണണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും എളുപ്പം എത്തിച്ചേരാനാവുന്ന ഒരിടമാണ് ശാസ്താംപാറ. ഉയരം കൂടിയ പാറക്കെട്ടുകളും ചെറു കുന്നുകളും നിറഞ്ഞ വിളപ്പില്‍ ഗ്രാമ പഞ്ചായത്തിന്റെ പരിധിയിലാണ് ശാസ്താംപാറ സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തു നിന്ന് പേയാട്, തച്ചോട്ടുകാവ്, മൂങ്ങോട്, മണലി വഴി ശാസ്താംപാറയിലെത്താം. തമ്പാനൂരില്‍ നിന്ന് പതിനാലര കിലോമീറ്റര്‍ ദൂരം. ബൈക്കിലാണ് യാത്രയെങ്കില്‍ പാറയുടെ അടിവാരത്തുള്ള കോണ്‍ക്രീറ്റ് ഇന്റര്‍ലോക്ക് ഇഷ്ടികകള്‍ പാകിയ പാതവരെയെത്താം. എന്നാല്‍ കാറിലാണെങ്കില്‍ പാറയുടെ ഏകദേശം 400 മീറ്റര്‍ ദൂരെ വരെയും തുടര്‍ന്ന് കാല്‍നടയുമാണ് മാര്‍ഗം. പാറയില്‍ പടികള്‍ ഉള്ളതിനാല്‍ മുകളിലേക്ക് കയറാന്‍ തീരെ പ്രയാസമുണ്ടാകില്ല. പാറക്കെട്ടിന് മുകളിലേക്ക് ഒരല്‍പ്പം സാഹസികമായി സഞ്ചരിച്ചാലാണ് തലസ്ഥാനത്തിന്റെ 360 ഡിഗ്രി കാഴ്ച കാണാനാവുക. ശാന്തമായ ഈ മലമുകളിലേക്ക് കയറിയവരാരും ഈ പ്രദേശം മറക്കില്ല.
നഗര പരിധിയിലെ നിരവധി നിലകളുള്ള ഫ്‌ളാറ്റുകള്‍ കുഞ്ഞു കളിപ്പാട്ടങ്ങള്‍ പോലെ ഇവിടെ നിന്ന് നോക്കിയാല്‍ തോന്നും. നഗരത്തിന്റെ പടിഞ്ഞാറേ അതിരൊരുക്കി നീണ്ടു നിവര്‍ന്നു കിടക്കുന്ന ശംഖുമുഖം ബീച്ചിന്റെ ഭംഗിയും കേര നിരകള്‍ക്കിടയിലേക്ക് തിരകള്‍ പതഞ്ഞുകയറുന്ന കോവളത്തിന്റെ മനോഹാരിതയും ഇവിടെ നിന്നു ദൃശ്യമാകും. നല്ലൊരു ബൈനോക്കുലര്‍ കൂടി കയ്യില്‍ കരുതിയാല്‍ ഈ ദൃശ്യങ്ങള്‍ കൂടുതല്‍ മിഴിവോടെ ആസ്വദിക്കാം.
കാഴ്ചയുടെ പാറപ്പുറം
നല്ല തെളിഞ്ഞ അന്തരീക്ഷമാണെങ്കില്‍ അഗസ്ത്യാര്‍കൂടം, നെയ്യാര്‍ ഡാം, കോവളം, പൊന്മുടി തുടങ്ങി ഒട്ടു മിക്ക സ്ഥലങ്ങളും ഇവിടെ നിന്ന് കാണാന്‍ കഴിയും. ഒരു സ്ഥലത്തു നിന്നും അറബികടലും അഗസ്ത്യാര്‍കൂടവും കാണാമെന്ന പ്രത്യേകത, തിരുവനന്തപുരത്ത് ശാസ്താംപാറയ്ക്ക് മാത്രം സ്വന്തമാണ്. മനോഹരമായ അസ്തമയ കാഴ്ചയാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. പാറയുടെ മുകളില്‍ ഉറവ വറ്റാത്ത രണ്ടു ജലാശയങ്ങളും കാണാം. നല്ല ശാന്തമായ കാറ്റാണ് ഇവിടുത്തെ മറ്റൊരു സവിശേഷത. തിരുവനന്തപുരത്ത് ശംഖുമുഖം പോലെ ശാന്തമായി ആസ്വദിക്കാന്‍ പറ്റിയ മറ്റൊരു സ്ഥലം. ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ കേബിള്‍ കാര്‍ അടക്കം സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടന്നുവരികയാണ്. ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥാപിച്ച ഒരു പാര്‍ക്കും ഇവിടെയുണ്ട്. ശാസ്താംപാറയ്ക്ക് മുകളിലുള്ള ശാസ്താക്ഷേത്രം പ്രസിദ്ധമാണ്. മുന്‍പ് വനമേഖലയുടെ ഭാഗമായിരുന്ന ഈ പ്രദേശം രാജഭരണകാലത്ത് കള്ളിക്കാട് എന്ന പ്രദേശത്തോട് ചേര്‍ന്നാണ് അറിയപ്പെട്ടിരുന്നത്. നിലവില്‍ കയറാനും ഇറങ്ങാനും യാതൊരു സമയപരിമിതിയും ഇല്ലെങ്കിലും ഇവിടെ രാത്രി തങ്ങാനാവില്ല.
അനുഭവിക്കാനേറെയുണ്ട്
തിരുവനന്തപുരം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ പരിപാലിക്കുന്ന ശാസ്താംപാറയില്‍ പടികയറിയെത്തുന്ന സഞ്ചാരികള്‍ക്ക് വിശ്രമിക്കാന്‍ ഷെല്‍ട്ടറുകളും വിവരങ്ങള്‍ നല്‍കാന്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസും സജ്ജമാക്കിയിട്ടുണ്ട്. പാറയുടെ മുകളിലേക്കുള്ള വഴിയില്‍ ഇടയ്ക്കിടയ്ക്ക് കോണ്‍ക്രീറ്റില്‍ തീര്‍ത്ത ഇരിപ്പിടങ്ങളുണ്ട്. മൂന്നു തട്ടുകളിലായി ക്രമീകരിച്ചിരിക്കുന്ന പടികള്‍ കയറി പാറയുടെ മുകളിലെത്തിയാല്‍ അവിടെ മിനുസമുള്ള തറയോട് പാകിയ മണ്ഡപം കാണാം. വൈകുന്നേരങ്ങളില്‍ പാറയുടെ മുകള്‍ത്തട്ടിനെ തഴുകിയെത്തുന്ന ഇളംകാറ്റ് കൊള്ളാന്‍ ഈ മണ്ഡപം ഇടമൊരുക്കും.
വൈകിട്ട് മൂന്നു മണിയോടെയെത്തിയാല്‍ ഈ കാഴ്ചയെല്ലാം കണ്ട് കന്യാകുമാരിയിലേതിനു സമാനമായ അസ്തമനവും കണ്ട ശേഷം മനം നിറഞ്ഞ് മടങ്ങാം. പാറയുടെ മുകള്‍ത്തട്ടില്‍ കടുത്ത വേനലിലും വറ്റാത്ത ജലസ്രോതസുകളും മുകള്‍പ്പരപ്പിലും അടിവാരത്തും ഇപ്പോള്‍ വീഴും എന്ന തോന്നലുളവാക്കുന്ന ചെറു ചരിവോടെ കുത്തനെ നില്‍ക്കുന്ന കൂറ്റന്‍ പാറകളും സന്ദര്‍ശകരെ അത്ഭുതപ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."