ആറ്റുകാല്‍ പൊങ്കാല: ഒരുക്കങ്ങള്‍ പത്തുദിവസത്തിനകം പൂര്‍ത്തീകരിക്കണം; മന്ത്രി
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി വിവിധ വകുപ്പുകള്‍ നടത്തേണ്ട മുന്നൊരുക്കങ്ങള്‍ പത്ത് ദിവസത്തിനകം പൂര്‍ത്തീകരിക്കണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഉത്സവമേഖലയായ 31 വാര്‍ഡുകളില്‍ റോഡുകളുടെ അറ്റകുറ്റപ്പണികളും, നിര്‍മാണ പ്രവര്‍ത്തനങ്ങളും യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാനും, സ്വീവേജ് ശുചീകരണം നടത്താനും ആറ്റുകാല്‍ ക്ഷേത്രഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു.
പൊങ്കാല ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് നോഡല്‍ ഓഫിസറായി എ.ഡി.എം വി.ആര്‍ വിനോദിനെ ചുമതലപ്പെടുത്തി. ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുന്നതിനായി അന്നദാനവും കുടിവെള്ള വിതരണവും നടത്തുന്ന സന്നദ്ധ സംഘടനകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും. പൊങ്കാല ഉത്സവം പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനായി ഭക്തജനങ്ങളും, സന്നദ്ധ സംഘടനകളും സ്റ്റീല്‍ പാത്രങ്ങളും കപ്പുകളും ഉപയോഗിക്കുന്നതിന് ബോധവല്‍ക്കരണം നടത്തുന്നതിനും മന്ത്രി നിര്‍ദേശം നല്‍കി.
3,500 പൊലിസുകാരെ പൊങ്കാല ഉത്സവദിനത്തിലെ സുരക്ഷയ്ക്കായി നിയോഗിക്കും. രണ്ടായിരം വനിതാ പൊലിസുകാരാണ് ക്ഷേത്രത്തിലെയും പരിസരത്തെയും സുരക്ഷാ ചുമതല നിര്‍വഹിക്കുക. മോഷണം തടയുന്നതിനായി പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കുമെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ എസ്. സുരേന്ദ്രന്‍ യോഗത്തില്‍ അറിയിച്ചു. പ്രത്യേക ബൈക്ക് പട്രോളിങ് സംഘങ്ങളെയും നിയോഗിക്കും.
പൊങ്കാല ഉത്സവത്തോട് അനുബന്ധിച്ച് കിള്ളിപ്പാലം പി.ആര്‍.എസ് ജങ്ഷനില്‍നിന്ന് ആറ്റുകാല്‍ ക്ഷേത്രത്തിലേക്കുള്ള ബണ്ട് റോഡ് ബാരിക്കേഡുകള്‍ സ്ഥാപിച്ച് സുരക്ഷാപാതയാക്കും. പൊങ്കാല കഴിഞ്ഞാല്‍ ഉടന്‍ തന്നെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ 2,250 ജീവനക്കാരെ നിയോഗിക്കുമെന്ന് മേയര്‍ വി.കെ പ്രശാന്ത് യോഗത്തില്‍ വ്യക്തമാക്കി.
ആറ്റുകാല്‍ പൊങ്കാല ദിവസം തിരുവനന്തപുരം ജില്ലയ്ക്ക് പ്രാദേശിക അവധിയായിരിക്കും. ആറ്റുകാല്‍ ഉത്സവദിവസങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ചെയിന്‍ സര്‍വിസ് നടത്തും.
വി.എസ് ശിവകുമാര്‍ എം.എല്‍.എ, മേയര്‍ വി.കെ പ്രശാന്ത്, കൗണ്‍സിലര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."