'വര്‍ണച്ചിറകുകള്‍ 2019' സംസ്ഥാന ചില്‍ഡ്രന്‍സ് ഫെസ്റ്റിന് തുടക്കം
തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴില്‍ ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികള്‍ക്കായുള്ള ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന 'വര്‍ണച്ചിറകുകള്‍ 2019' സംസ്ഥാന ചില്‍ഡ്രന്‍സ് ഫെസ്റ്റിന് തിരുവനന്തപുരം ചാല ഗവ.മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ചില്‍ഡ്രന്‍സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. പ്രത്യേക പരിചരണവും ശ്രദ്ധയും സംരക്ഷണവും ആവശ്യമുളള കുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ടുളള പ്രവര്‍ത്തനങ്ങളാണ് വനിതാ ശിശുവികസന വകുപ്പ് മുഖേന നടപ്പിലാക്കി വരുന്നതെന്ന് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു.
ചില്‍ഡ്രന്‍സ് ഹോമുകള്‍ നവീകരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഈ ഹോമിലെ കുട്ടികള്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കിവരുന്നുണ്ട്. വിവിധ ചില്‍ഡ്രന്‍സ് ഹോമുകളില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് അവരുടെ പഠന നിലവാരം ഉയര്‍ത്തുന്നതിന് പ്രത്യേക പദ്ധതികളും ആവിഷ്‌ക്കരിച്ചിട്ടുണ്ട്.
ഒന്നുരണ്ട് വര്‍ഷം കഴിയുമ്പോള്‍ ഗുണപരമായ മാറ്റം ഈ മേഖലയില്‍ കാണാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
ഇതോടൊപ്പം 'ഉജ്ജ്വലബാല്യം' അവാര്‍ഡ് വിതരണവും മന്ത്രി നിര്‍വഹിച്ചു. സംസ്ഥാനത്ത് കല, സാഹിത്യം, കായികം, ശാസ്ത്രം, സാമൂഹികം എന്നീ മേഖലകളില്‍ അസാധാരണ കഴിവ് കാണിക്കുന്ന കുട്ടികള്‍ക്ക് (ഓരോ ജില്ലയില്‍ നിന്നും ഒരു കുട്ടിക്ക് വീതം) വനിത ശിശുവികസന വകുപ്പ് നല്‍കുന്ന പുരസ്‌കാരമാണ് ഉജ്ജ്വലബാല്യം. 25,000 രൂപയും മെമന്റോയും സര്‍ട്ടിഫിക്കറ്റുമാണ് പുരസ്‌കാരം.
ഹര്‍ദ എം.എല്‍ (തിരുവനന്തപുരം), ആദിത്യ ബിജു (കൊല്ലം), അഭിജിത്ത് അമല്‍ രാജ് (പത്തനംതിട്ട) അടക്കം ഉജ്ജ്വല ബാല്യം പുരസ്‌കാരം മന്ത്രിയില്‍നിന്നും ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."