ഹൈസ്കൂള്‍ മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ ഹൈടെക് ആക്കി ഉയര്‍ത്തും: മന്ത്രി സി. രവീന്ദ്രനാഥ്
പുതുക്കാട്: കേരളത്തിലെ എല്ലാ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഹൈസ്കൂള്‍ മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള ക്ലാസുകള്‍ അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഹൈടെക് ആക്കി ഉയര്‍ത്തുമെന്നും അതു വഴി ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറുമെന്നും വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്.
മാര്‍ക്ക് ഇടുന്നതിനുള്ള രീതി മാറണമെന്നും വിദ്യാര്‍ഥികളുടെ പഠന മികവിനോടൊപ്പം പഠനേതര വിഷയങ്ങളിലെ മികവും കണക്കിലെടുക്കണമെന്നും ഇത്തരത്തിലും വിദ്യാഭ്യാസ രംഗത്ത് പരീക്ഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നല്കിയ സ്വീകരണത്തിലും തുടര്‍ന്ന് സ്കൂള്‍ വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
പൊതു വിദ്യാഭ്യാസം സംരക്ഷിച്ചു വികസിപ്പിച്ചാലേ കേരളത്തിനെ വിദ്യാഭ്യാസത്തില്‍ വിശ്വത്തിന്റെ നെറുകയില്‍ എത്തിക്കാന്‍ കഴിയൂ എന്നു പറഞ്ഞ മന്ത്രി താന്‍ മന്ത്രി ആയതല്ല മറിച്ചു ഇവിടത്തുകാര്‍, മന്ത്രി ആക്കിയതാണ് എന്നും പറഞ്ഞു. ചടങ്ങില്‍ പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജന് അധ്യക്ഷയായി. സ്കൂള്‍ മാനേജ്മെന്റ്, സ്റ്റാഫ്, പി.ടി.എ, ഒ.എസ്.എ എന്നിവര്‍ ചേര്‍ന്നു മന്ത്രിക്കു ഉപഹാരം സമ്മാനിച്ചു.
പ്രിന്‍സിപ്പാള്‍ ഡോ. കെ.എ ജോയ്, പ്രധാനാധ്യാപകരായ സി.കെ ജോസഫ്, സ്മിത സെബാസ്റ്റ്യന്‍, പി.ടി.എ പ്രസിഡന്റുമാരായ ഡേവിസ് മലയാറ്റി, ജോജോ കുറ്റിക്കാടന്‍, ഒ.എസ്.എ പ്രസിഡന്റ് പി.വി ആന്റണി, പോള്‍ ചാലക്കുടിക്കാരന്‍ എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. ജോസ് വല്ലൂരാന് സ്വാഗതവും, കെ.എ റീസണ്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."