കൊറോണക്കിടെ മാസ്‌ക് കച്ചവടം; വിദേശത്തേക്ക് കടത്തിയത് 30 ലക്ഷത്തിന്റെ മാസ്‌ക്
കോഴിക്കോട്: സംസ്ഥാനത്ത് കൂടുതല്‍ പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചതിനിടെ വിദേശത്തേക്ക് വന്‍ തോതില്‍ മാസ്‌ക് കടത്തി. ഇതുസംബന്ധിച്ച് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം അന്വേഷണം ആരംഭിച്ചു. ഗുണമേന്‍മയുള്ള മാസ്‌കുകള്‍ കിട്ടാതായ സാഹചര്യത്തിലാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം ഇതിന്റെ കാരണം തേടിയത്. ഈ അന്വേഷണത്തിലാണ് വന്‍തോതില്‍ മാസ്‌കുകള്‍ വിദേശ രാജ്യങ്ങളിലേക്ക് കടത്തിയതായി സൂചന ലഭിച്ചത്.
1 രൂപ 50 പൈസ മുതല്‍ വാങ്ങിയ മൂന്ന് ലക്ഷം മാസ്‌കുകളാണ് പതിനേഴു രൂപവരെ ഈടാക്കി വിറ്റത്. അന്വേഷണം പൂര്‍ത്തിയായാല്‍ മാസ്‌ക് കടത്തിയവര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാവുമെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം അറിയിച്ചു.
കോഴിക്കോട് റയില്‍വേ സ്റ്റേഷനുസമീപത്തുള്ള മരുന്ന് വിതരണ കമ്പനിയില്‍ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്. മരുന്നു മാത്രം വിറ്റിരുന്ന കമ്പനി ജനുവരി മുതല്‍ കേരളത്തിനകത്തുനിന്ന് ലഭ്യമായ മാസ്‌കുകളെല്ലാം വാങ്ങിക്കൂട്ടി. ഇവ മൂന്നു കമ്പനികള്‍ക്കായി മറിച്ചുവിറ്റു. എകദേശം മുപ്പത് ലക്ഷത്തിലധികം രൂപയുടെ ലാഭം ഇതുവഴി നേടി. വൈറസ് വ്യാപനം തുടങ്ങിയ സമയത്ത് മലബാറിലെ പല ഷോപ്പുകളില്‍ നിന്നായി ഉയര്‍ന്ന തുക കൊടുത്ത് മാസ്‌കുകള്‍ വാങ്ങിക്കൂട്ടുകയായിരുന്നു. ചിലയിടത്ത് നിന്ന് അഞ്ചു രൂപക്കും മറ്റു ചില ഷോപ്പുകളില്‍ നിന്ന് ഏഴ്, എട്ട് രൂപക്കും മാസ്‌ക് ഇവര്‍ വാങ്ങിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൊച്ചി, തിരുവനന്തപുരം, ബംഗളൂരു നഗരങ്ങളിലെ വിവിധ ഷോപ്പുകളിലേക്കാണ് മാസ്‌കുകള്‍ കയറ്റിയയച്ചത്. ഇതിന് ഏകദേശം ഒന്നിന് 17 രൂപയോളം ലഭിച്ചുവെന്നാണ് നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."