നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില; സര്‍ക്കാര്‍ ബസില്‍ വിദേശികള്‍ യഥേഷ്ടം സഞ്ചരിക്കുന്നു
അടിമാലി (ഇടുക്കി): കൊവിഡ്- 19 വ്യാപനം തടയാന്‍ ശക്തമായ പ്രതിരോധം തീര്‍ത്തിരിക്കെ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്കു പുല്ലുവില കല്പിച്ച് നിരവധി വിദേശികള്‍ കെ.എസ്.ആര്.ടി.സി ബസില്‍ യഥേഷ്ടം യാത്ര ചെയ്യുന്നു. ഇന്നലെ അടിമാലി വഴി കെ.എസ്.ആര്.ടി.സി ബസില്‍ യാത്ര ചെയ്ത് ഇടുക്കിയിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് കടന്നു പോയത് പത്തിലേറെ പേരാണ്.
എറണാകുളത്തു നിന്ന് മൂന്നാര്‍- സേനാപതി റൂട്ടിലോടുന്ന ബസുകളില്‍ യാത്ര ചെയ്തെത്തിയ സ്ത്രീകളടങ്ങുന്ന സംഘം അടിമാലി ബസ് സ്റ്റാന്‍ഡിലിറങ്ങി കടകളില്‍ നിന്ന് പഴങ്ങളും പാനീയങ്ങളും വാങ്ങിയാണ് മടങ്ങിയത്. രാവിലെ എട്ടു പേരടങ്ങുന്ന സംഘവും ഉച്ചയ്ക്കു ശേഷം രണ്ടു പേരുമാണെത്തിയത്. ഇവര്‍ എവിടെ നിന്നാണ് എത്തിയതന്നോ എപ്പോഴാണെത്തിയതെന്നോ അറിയില്ല.
മൂന്നാറില്‍ ടീ കൗണ്ടി റിസോര്‍ട്ടില്‍ നിന്ന് കോറോണ ബാധിതര്‍ രക്ഷപ്പെട്ടെന്ന ഞെട്ടിക്കുന്ന വാര്‍ത്തകള്‍ക്കിടെയാണ് വിദേശികള്‍ നിയന്ത്രണങ്ങളില്ലാതെ തലങ്ങും വിലങ്ങും പായുന്നത്. ഇവര്‍ എറണാകുളത്തു നിന്ന് കെ.എസ്.ആര്.ടി.സി ബസില്‍ മറ്റു യാത്രക്കാര്ക്കൊപ്പമിരുന്ന് പ്രധാന ടൗണുകളെല്ലാം കടന്ന് നൂറിലേറെ കിലോമീറ്റര്‍ യാത്ര ചെയ്ത് ജില്ലയിലെത്തിയെന്നത് അധികൃതരുടെ ഭാഗത്തു നിന്നുമുള്ള ഗുരുതരമായ വീഴ്ച തന്നെയാണ്. വിദേശികളെ റിസോര്‍ട്ടുകളിലും ഹോം സ്റ്റേകളിലും താമസിപ്പിക്കരുതെന്ന കര്‍ശന നിര്‍ദേശമുണ്ട്. ഇവര്‍ എവിടെയാണ് താമസിക്കുക എന്നതും അന്വേഷണവിധേയമാക്കേണ്ടതാണ്. നാട്ടുകാര്‍ വിവരം പൊലിസിനെയും ആരോഗ്യ വകുപ്പിനെയും അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന ആക്ഷേപവുമുയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."