'അമ്മ' എന്നെഴുതി അവര്‍ സാക്ഷരരായി
കൂറ്റനാട്: തളികയിലെ മണലില്‍ കവി പി. രാമന്‍ അവരുടെ വിരല്‍ ചേര്‍ത്തു. എല്ലാ ' ശ്രീ'യുടേയും പൊരുളായ അമ്മ എന്നാകട്ടെ തുടക്കം. രാമന്‍ ആത്മഗതം പോലെ പറഞ്ഞു. തളികയില്‍ വിരല്‍ ചലിക്കാന്‍ തുടങ്ങി. മെല്ലെ അമ്മ എന്ന അക്ഷര പ്രകാശം തെളിഞ്ഞു.
കൂറ്റനാട് സഹയാത്ര ചാരിറ്റബിള്‍ സൊസൈറ്റി നടത്തുന്ന ഭിന്നശേഷിക്കാരുടെ ഡെ കെയറിലാണ് ഏറെ ഹൃദ്യമായ ചടങ്ങ് നടന്നത്. കഴിഞ്ഞ ഡെ കെയറൊന്നില്‍ നാല്‍പ്പതോളം ഭിന്നശേഷിക്കാരെ വിളിച്ചിരുത്തി സഹയാത്ര ഭാരവാഹികളില്‍ ഒരാള്‍ ചോദിച്ചു. നിങ്ങളില്‍ എത്ര പേര്‍ക്ക് വായനയില്‍ താല്‍പര്യമുണ്ട്. പെട്ടെന്ന് പിന്‍നിരയിലെ വീല്‍ചെയറിലിരുന്നിരുന്ന രവീന്ദ്രന്റെ കൈ പൊങ്ങി. എനിക്ക് വായിക്കണമെന്നുണ്ട്. പക്ഷേ അക്ഷരം പഠിക്കാന്‍ കഴിഞ്ഞില്ല. അയാളുടെ മുഖം താഴ്ന്നു. ഒപ്പം പുറകിലെ ചക്രക്കസേരകളില്‍നിന്ന് പ്രേമയും ഫിജുലയും കൈ പൊക്കി. പിന്നാലെ മകള്‍ക്ക് കൂട്ടിരിപ്പ് വന്ന ലീലയും.
പിന്നെ താമസിച്ചില്ല. തൊട്ടടുത്ത ഡെ കെയര്‍ ദിനമായ ചൊവ്വാഴ്ച തന്നെ എഴുത്തിരുത്തിന് അരങ്ങൊരുങ്ങി. പിറവിയിലേ ദീനബാധിതരായി ചലനശേഷി നഷ്ടമായി വീടിന്റെ ചുവരുകള്‍ക്കകത്തും വീല്‍ചെയറിലേക്കും മാറാന്‍ വിധിക്കപ്പെട്ട രവീന്ദ്രനും പ്രേമക്കും വയസ് അന്‍പത് പിന്നിട്ടു. ഫിജുല മുപ്പത്തൊന്നുകാരിയാണ്. ലീലയും അന്‍പത് കടന്നു.
തളികയില്‍ അമ്മയെന്ന് കുറിച്ച് ഒട്ടൊന്ന് അഭിമാനത്തോടെ അവര്‍ തലയുയര്‍ത്തിയപ്പോള്‍ ചുറ്റും വീല്‍ചെയറിലെ സഹയാത്രികരില്‍നിന്ന് കരഘോഷം മുഴങ്ങി. സഹയാത്ര അംഗങ്ങളായ ശ്രീലതയും ദീപയുമാണ് ഇവരെ അക്ഷരലോകത്തിലേക്ക് കൈപിടിക്കുന്നത്. ഒപ്പം അകം നിറഞ്ഞ സ്‌നേഹവും പിന്തുണയുമായി പ്രശസ്ത സംവിധായകന്‍ സുദേവനും.
സഹയാത്ര ഭാരവാഹികളായ കെ.വി ഷാജി, കെ.വി സുബൈര്‍,ഗോപിനാഥ് പാലഞ്ചേരി, പ്രേമരാജന്‍, കെ.എ പത്മിനി, പി.വി ഇബ്രാഹിം, ഉണ്ണി ശാസ്ത, വാസുണ്ണി പട്ടാഴിസലീം മൊയ്തു, ഫൈസല്‍ സുലൈമാന്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."