വിദേശ സര്‍വിസുകള്‍ റദ്ദാക്കി ഗോ എയര്‍
തീരുമാനം ഏപ്രില്‍ 15 വരെ
കണ്ണൂര്‍: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ രാജ്യാന്തര സെക്ടറുകള്‍ റദ്ദാക്കി സ്വകാര്യ വിമാന കമ്പനിയായ ഗോ എയര്‍. ഇന്നു മുതല്‍ ഏപ്രില്‍ 15 വരെയാണ് രാജ്യത്തെ എല്ലാ സെക്ടറില്‍ നിന്നുമുള്ള വിദേശ സര്‍വിസ് ഗോ എയര്‍ നിര്‍ത്തിവച്ചത്. ഈ വിവരം യാത്രക്കാരെയും ട്രാവല്‍ ഏജന്റുമാരെയും അറിയിച്ചതായും ടിക്കറ്റ് തുക മുഴുവനായി തിരിച്ചുനല്‍കുമെന്നും ഗോ എയര്‍ പ്രതിനിധി അറിയിച്ചു.
ഗോ എയറിന്റെ തീരുമാനം ഇന്നു നിലവില്‍ വരുന്നതോടെ കണ്ണൂരില്‍ നിന്നുള്ള ദുബൈ, അബൂദബി, ദമാം, മസ്കത്ത് എന്നിവിടങ്ങളിലേക്കുള്ള സര്‍വിസ് നിലയ്ക്കും.
വിമാന ലഭ്യതക്കുറവ് കാരണം കണ്ണൂരില്‍ നിന്നുള്ള കുവൈത്ത് സര്‍വിസ് ഒരു മാസമായി നിര്‍ത്തിവച്ചിരിക്കുകയാണ്. രാജ്യാന്തര സര്‍വിസ് റദ്ദാക്കുന്നതോടെ ഇന്നു മുതല്‍ മുംബൈയിലേക്കുള്ള ആഭ്യന്തര സര്‍വിസ് മാത്രമേ കണ്ണൂരില്‍ നിന്നു ഗോ എയറിനുണ്ടാകൂ. ഇവിടെ നിന്നാണ് ഗോ എയര്‍ ഏറ്റവും കൂടുതല്‍ രാജ്യാന്തര സര്‍വിസ് നടത്തുന്നത്. കേരളത്തില്‍ കൊച്ചിയില്‍ നിന്നും ഗോ എയറിന് സര്‍വിസുണ്ട്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ യാത്രക്കാരെ വിലക്കിയതിനെ തുടര്‍ന്നു സഊദിയിലേക്കുള്ള വിമാന സര്‍വിസും വിമാനക്കമ്പനികള്‍ നിര്‍ത്തിവച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."