കൊവിഡ് വിരുദ്ധ പോരാട്ടത്തില്‍ നിര്‍ണായക ദിനം: അസാധാരണ സംഭവങ്ങള്‍ക്ക് സാക്ഷിയായി സിയാല്‍
നെടുമ്പാശേരി: കൊവിഡ് ബാധ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരനായ വിനോദ സഞ്ചാരി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ വിവരം എറണാകുളം ജില്ലാ കലക്ടര്‍ എസ്. സുഹാസ് അറിയുന്നത് വിമാനം പുറപ്പെടാന്‍ കേവലം 20 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍. തുടര്‍ന്നുള്ള നീക്കങ്ങള്‍ ശരവേഗത്തിലായിരുന്നു.
വിമാനം പിടിച്ചിടാന്‍ കലക്ടര്‍ സിയാലിലേക്ക് നിര്‍ദേശം കൈമാറുമ്പോള്‍ മുഴുവന്‍ യാത്രക്കാരുടേയും ബോര്‍ഡിങ് പൂര്‍ത്തിയായിരുന്നു. കൊവിഡ് വിരുദ്ധ പോരാട്ടത്തിലെ അതിനിര്‍ണായക ദിനമായിരുന്നു ഇന്നലെ. രാവിലെ 8.40 നാണ് കൊവിഡ് പോസിറ്റീവ് ആയ ബ്രിട്ടിഷ് പൗരന്‍ മൂന്നാറില്‍ നിന്നും കടന്നിട്ടുണ്ടെന്നും ഒന്‍പത് മണിക്ക് നെടുമ്പാശേരിയില്‍ നിന്നും പുറപ്പെടുന്ന ദുബൈ വഴി ലണ്ടനിലേക്കുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ പോകാനിടയുണ്ടെന്നുമുള്ള സന്ദേശം ഇടുക്കി ജില്ലാ ഭരണ കൂടത്തില്‍ നിന്നും എറണാകുളം ജില്ലാ കലക്ടര്‍ക്ക് അടിയന്തിര സന്ദേശം ലഭിക്കുന്നത്.
ഉടന്‍ തന്നെ വിമാനത്താവളവുമായി ബന്ധപ്പെട്ട് വിവരം സ്ഥിരീകരിച്ച കലക്ടര്‍ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തിന്റെ ചരിത്രത്തിലെ തന്നെ അപൂവമായ ഇടപെടലിനാണ് നേതൃത്വം നല്‍കിയത്. എറണാകുളം നഗരത്തിലെ ക്യാംപ് ഓഫിസില്‍ നിന്നും വിമാനത്താവളത്തിലേക്ക് കുതിക്കുന്നതിനിടയില്‍ മുഴുവന്‍ യാത്രക്കാരെയും തിരിച്ചിറക്കാനും പ്രാഥമിക പരിശോധനയ്ക്ക് വിധേയമാക്കാനും നിര്‍ദേശം നല്‍കി.
ബ്രിട്ടിഷ് പൗരനായ വിനോദ സഞ്ചാരിയേയും ഭാര്യയേയും വിമാനത്തില്‍ നിന്നും നേരെ ആംബുലന്‍സിലേക്ക് മാറ്റി. നേരെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചു.
ഇതിനിടെ മന്ത്രി വി.എസ് സുനില്‍കുമാറും വിമാനത്താവളത്തിലെത്തി. പിന്നീട് തിരക്കിട്ട കൂടിയാലോചനകള്‍. മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയുമായും ഫോണില്‍ ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്തി.
സിയാല്‍ മാനേജിങ് ഡയരക്ടര്‍ വി.ജെ കുര്യന്‍, റൂറല്‍ എസ്.പി കെ. കാര്‍ത്തിക്, സി.ഐ.എസ്.എഫ് അടക്കമുള്ള മറ്റ് ഏജന്‍സികള്‍ എന്നിവരുമായി അടിയന്തിര ചര്‍ച്ച. ഒടുവില്‍ വിദേശ ടൂറിസ്റ്റ് സംഘത്തിലെ മറ്റ് 17 പേരെ നെടുമ്പാശ്ശേരിയിലെ ഹോട്ടലില്‍ നിരീക്ഷണത്തിലാക്കാന്‍ കലക്ടറുടെ നിര്‍ദേശം. സംഘത്തില്‍ ഉള്‍പ്പെടാത്ത മറ്റൊരാള്‍ക്ക് വീട്ടില്‍ താമസിച്ചുള്ള നിരീക്ഷണത്തിനും സംവിധാനമൊരുക്കി.
ബാക്കിയുള്ള യാത്രക്കാരുമായി എമിറേറ്റ്‌സ് വിമാനം പറന്നുയരുമ്പോള്‍ സമയം ഉച്ചയ്ക്ക് 12.47. റണ്‍വെ അറ്റകുറ്റപ്പണികള്‍ക്കായി പകല്‍ സര്‍വിസ് നിര്‍ത്തിവച്ചിരിക്കുന്നതിനിടയില്‍ പ്രത്യേകമായി റണ്‍വെയില്‍ ഒരുക്കങ്ങള്‍ നടത്തിയാണ് വിമാനത്തിന് പറന്നുയരാന്‍ സൗകര്യം ഒരുക്കിയത്. വിമാനത്താവളത്തില്‍ രോഗ ബാധിതനുമായി ഇടപഴകിയ ജീവനക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും നിരീക്ഷണത്തിനായി അവരുടെ താമസ സ്ഥലത്തേക്ക് മാറ്റി.
വിമാനത്തിനകത്തും വിമാനത്താവളത്തിലും അണുവിമുക്തമാക്കാനും നടപടി സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."