മീനാപ്പീസ് കടപ്പുറത്ത് കാക്കകളും കൊക്കുകളും ചത്തൊടുങ്ങുന്നു
കാഞ്ഞങ്ങാട്: മീനാപ്പീസ് കടപ്പുറത്ത് പരിഭ്രാന്തി പരത്തി കാക്കകളും കൊക്കുകളും കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. ശനിയാഴ്ച രാവിലെ മുതലാണ് ഈ രീതിയില്‍ പക്ഷികള്‍ ചത്തൊടുങ്ങുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. രണ്ടു നായകളെ അവശ നിലയിലും കണ്ടെത്തി.
കാക്കകളും കൊക്കുകളും ശ്വാസം കിട്ടാതെ മരിച്ചു വീഴുകയായിരുന്നു. കടലാമകള്‍ ചത്തതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പക്ഷികളെ പരിശോധന നടത്തി. സീനിയര്‍ വെറ്റിനറി സര്ജന് ഡോ. ജി.എം സുനില്‍, ലാബ് ഓഫിസര്‍ റൂബിന് അഗസ്റ്റ്യന്‍, നഗരസഭ ആ രോഗ്യവിഭാഗം സൂപ്രണ്ട് എം.കെ രാജശേഖരന് നായര്‍, ഹെല്‍ത്ത് ഇന്‍സ് പെക്ടര്‍ സജീവ് എന്നിവരാണ് പരിശോധന നടത്തിയത്. പക്ഷികളില്‍ നിന്നുമെടുത്ത സാമ്പിളുകള്‍ കണ്ണൂരിലുള്ള ഡിസീസ് ലാബിലേക്ക് അയച്ചിട്ടുണ്ട്. സംഭവമറിഞ്ഞ് കടപ്പുറത്ത് നഗരസഭ ചെയര്മാന് വി.വി രമേശന്, ആരോഗ്യ വകുപ്പ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എം.പി ജാഫര്‍, കൗണ്‍സിലര്‍മാരായ കെ. മുഹമ്മദ് കുഞ്ഞി, ഖദീജാ ഹമീദ്, എച്ച്. റംഷീദ് സന്ദര്‍ശിച്ചു. കടല്‍ത്തീരത്ത് നിന്നുള്ള മാലിന്യങ്ങളില്‍ നിന്നുള്ള ഭക്ഷ്യവിഷബാധയായിരിക്കാം പക്ഷികളുടെയും മൃഗങ്ങളുടെയും മരണത്തിനു കാരണമെന്നാണ് കരുതുന്നത്.
തൈക്കടപ്പുറത്ത് വളര്‍ത്തുകോഴികള്‍ ചത്തു
കാഞ്ഞങ്ങാട്: തൈക്കടപ്പുറത്ത് ആറുവളര്ത്തു കോഴികള്‍ ചത്തു. തൈക്കടപ്പുറം നടവില്‍ പള്ളിക്ക് സമീപത്തെ വി. അസീസിന്റെ കോഴികളാണ് ചത്തത്. ഇതില്‍ കരിങ്കോഴികളും ഉള്‍പ്പെടും. പതിനാറ് വളര്‍ത്തു കോഴികളുള്ളതില് മറ്റുള്ളവയും അവശനിലയിലാണ്.
ഇവയ്ക്ക് വെള്ളവും തീറ്റയും എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അവശനിലയിലായ കോഴികളെ നീലേശ്വരം വെറ്റിനറി ആശുപത്രിയിലെത്തിച്ചുവെങ്കിലും മരുന്നുണ്ടായില്ലെന്നാണ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."