പട്ടാപ്പകല്‍ യുവതിയെ തട്ടിക്കൊണ്ട് പോയ പ്രതികള്‍ പിടിയില്‍
കഴക്കൂട്ടം: മകനെ സ്‌കൂളില്‍ വിട്ട് വീട്ടില്‍ മടങ്ങവേ ഇന്നവോ കാറിലെത്തിയ രണ്ടംഗ സംഘം യുവതിയെ തട്ടിക്കൊണ്ട് പോയി മര്‍ദിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ശ്രീകാര്യം സ്വദേശിനിയായ യുവതിയെയാണ് തട്ടിക്കൊണ്ട് പോയി മര്‍ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട രണ്ട് പ്രതികളെ ശ്രീകാര്യം പൊലിസ് പിടികൂടി. കാട്ടാക്കട, പൂഞ്ഞാംകോട്, പെരുംകുളം സ്വദേശിയായ രമേഷ് കുമാര്‍ (34), കാട്ടാക്കട പൂച്ചടിവിളയില്‍ ഷാന്‍ മന്‍സിലില്‍ ഷാനു (22) എന്നിവരാണ് പിടിയിലായത്. സംഭവത്തെ പറ്റി പൊലിസ് പറയുന്നത് വെള്ളിയാഴ്ച രാവിലെ ഒന്‍പതിന് യുവതി മകനെ സ്‌കൂളില്‍ വിട്ട് തിരികെ ശ്രീകാര്യം കല്ലംപള്ളി ജങ്ഷന് തൊട്ടുമുന്‍പുള്ള എസ്.ബി.ഐ ബാങ്കിന് സമീപം എത്തിയപ്പാള്‍ ഇന്നവോ കാറില്‍ വന്ന പ്രതികള്‍ യുവതിയെ ബലമായി പിടിച്ച് വാഹനത്തില്‍ കയറ്റി കവടിയാര്‍ ഭാഗത്തേക്ക് കൊണ്ട് പോയി. യുവതി നിലവിളിച്ചപ്പോള്‍ വാഹനത്തില്‍ ഉണ്ടായിരുന്ന ജാക്കി ലിവര്‍ ഉപയോഗിച്ച് മര്‍ദിക്കുകയും ശരീര ഭാഗങ്ങളില്‍ കയറി പിടിക്കുകയും ചെയ്തു. മര്‍ദനമേറ്റിട്ടും യുവതി നിലവിളി തുടര്‍ന്നതിനെ തുടര്‍ന്ന് 10.30 ഓടു കൂടി തിരികെ ശ്രീകാര്യം ഇളംകുളത്ത് തള്ളി ഇട്ടതിന് ശേഷം പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. ശ്രീകാര്യം പൊലിസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തില്‍ പ്രതികളെ കാട്ടാക്കടയില്‍ നിന്നും പിടിക്കൂടുകയായിരുന്നു. ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതിയുമായി പ്രതികള്‍ അടുത്ത ബന്ധം സ്ഥാപിച്ച ശേഷമാണ് തട്ടിക്കൊണ്ട് പോയതെന്ന് യുവതി പൊലിസിനോട് പറഞ്ഞു.
സംഭവം പുറത്ത് പറഞ്ഞാല്‍ കുഞ്ഞിനെ കൊന്ന് കളയുമെന്ന് പ്രതികള്‍ ഭീഷണിപെടുത്തിയതായും യുവതി പൊലിസിനോട് പറഞ്ഞു. നിരവധി കേസുകളില്‍ പ്രതിയാണ് പിടിയിലായ രമേഷ്. സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മിഷണര്‍ അനില്‍ കുമാറിന്റെ നിര്‍ദേശപ്രകാരം ശ്രീകാര്യം എസ് ഐ.എസ്. സനോജ്, എ.എസ്.ഐമാരായ മഹേഷ്, മാര്‍വിന്‍, സി.പി.ഒമാരായ നിധീഷ്, സാബു, അനില്‍കുമാര്‍, വനിത സി.പി.ഒ ശ്രീജ, പ്രീത, ഗീത എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ക്കെതിരേ തട്ടികൊണ്ട് പോകല്‍, പീഡനം, വധഭീഷണി എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."