കൊവിഡ്-19: ഫിലിപ്പിന്‍സില്‍ മലയാളികള്‍ അടക്കം നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു
മലപ്പുറം: കൊവിഡ്-19 വ്യാപിച്ചതിനെത്തുടര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി ഇന്ത്യക്കാര്‍ ഫിലിപ്പിന്‍സില്‍ കുടങ്ങിക്കിടക്കുന്നു. ഫിലിപ്പിന്‍സില്‍ നിന്നുള്ളവര്‍ക്ക് ഇന്ത്യ സന്ദര്‍ശനവിലക്ക് ഏര്‍പ്പെടുത്തിയതും വിദേശികള്‍ നാളെ രാവിലേക്ക് മുന്‍പായി രാജ്യം വിടണമെന്ന് ഫിലിപ്പിന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതുമാണ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തിരിച്ചടിയായത്.
ഫിലിപ്പിന്‍സില്‍ എം.ബി.ബി.എസ് പഠനത്തിനെത്തിയ വിദ്യാര്‍ഥികളാണ് കുടുങ്ങിക്കിടക്കുന്നവരില്‍ കൂടുതലും. കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് തിരിക്കാനിരിക്കുകയായിരുന്നു ഇവര്‍. ഇവിടെ നിന്ന് മലേഷ്യവഴി ഇന്ത്യയിലെത്താനായിരുന്നു പദ്ധതി. ഇതുപ്രകാരം ഏതാനും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മനില വിമാനത്താവളത്തില്‍ നിന്ന് ക്വാലാലമ്പൂരില്‍ എത്തുകയും ചെയ്തു. എന്നാല്‍, മലേഷ്യയിലെത്തിയതിന് പിന്നാലെ അവിടെ നിന്നുള്ള വിമാനങ്ങള്‍ക്ക് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയതോടെ നിരവധി പേര്‍ അവിടെയും കുടുങ്ങി.
മലേഷ്യയില്‍ എത്തിയവര്‍ക്ക് ഉടന്‍ ഇന്ത്യയിലെത്താന്‍ സൗകര്യം ഒരുക്കുമെന്ന് അറിയിപ്പ് ലഭിച്ചെങ്കിലും ഫിലിപ്പിന്‍സിലുള്ളവര്‍ എല്ലാനിലയ്ക്കും കുടുങ്ങിക്കിടക്കുകയാണെന്ന് മനിലയിലുള്ള തിരുവനന്തപുരം സ്വദേശിയായ വിദ്യാര്‍ഥി അഖില്‍ സുപ്രഭാതത്തോട് പറഞ്ഞു.
മലയാളി വിദ്യാര്‍ഥികളെ കൂടാതെ തമിഴ്നാട്ടിലെയയും തെലങ്കാനയിലെയും ആന്ധ്രയിലെയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെയും വിദ്യാര്‍ഥികളാണ് ഇത്തരത്തില്‍ കുടുങ്ങിക്കിടക്കുന്നത്.
വിദ്യാര്‍ഥികള്‍ക്ക് പുറമെ വിനോദ, വ്യാപാര ആവശ്യങ്ങള്‍ക്കായി എത്തിയവരും കുടുങ്ങിക്കിടക്കുകയാണ്. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്, ഇടുക്കി, കോട്ടയം സ്വദേശികളാണ് പ്രധാനമായും അവിടെയുള്ളത്.
കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ വിദേശികള്‍ക്ക് നാടുവിടാനുള്ള ഫിലിപ്പിന്‍ സര്‍ക്കാര്‍ നല്‍കിയ കാലാവധി നാളെ രാവിലെ അവസാനിക്കാനിരിക്കുകയാണ്. നാളെ രാവിലെക്കു ശേഷം ജനങ്ങള്‍ക്ക് പുറത്തിറങ്ങാനുമാവില്ല. ഭക്ഷണം ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ നാളെ മുതല്‍ ലഭ്യമാവാനിടയില്ലെന്നും ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. ഫിലിപ്പിന്‍ വിമാനത്താവളം ഏതുസമയത്തും അടച്ചിടുമെന്നാണ് റിപ്പോര്‍ട്ട്. ഫിലിപ്പിന്‍സില്‍ ഇന്നലെ മാത്രം 45 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."