ചെറുമകന്‍ വയോധികയുടെ ജീവനെടുത്തത് ജോലിക്ക് പോകാന്‍ ഉപദേശിച്ചതിന് കൊന്നത് കഴുത്ത് ഞെരിച്ച്
വടക്കേക്കാട് (തൃശൂര്‍): വട്ടംപാടത്തെ വയോധികയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. ജോലിക്ക് പോകാന്‍ ഉപദേശിച്ച ദേഷ്യത്തിന് ചെറുമകന്‍ ഇവരെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. വടക്കേക്കാട് തൊഴുകാട്ടില്‍ പരേതനായ ഇബ്രാഹിമിന്റെ ഭാര്യ റുഖിയ (70) ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ മകളുടെ മകന്‍ പാലക്കാട് ചെര്‍പ്പുളശ്ശേരി കുമാരന്‍ പടിയില്‍ താമസിക്കുന്ന സവാദിനെ(27) വടക്കേക്കാട് പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
തിങ്കളാഴ്ച രാവിലെ ഒന്‍പതോടെ വട്ടംപാടം ഐ.സി.എ സ്‌കൂളിന് കിഴക്കുള്ള റുഖിയയുടെ വീട്ടില്‍ വച്ചാണ് സംഭവം നടന്നത്. പൊലിസ് പറയുന്നത്: പതിവായി രാത്രി ബന്ധുവിന്റെ വീട്ടില്‍ കഴിയുന്ന റുഖിയെ രാവിലെയോടെയാണ് സ്വന്തം വീട്ടിലേക്ക് എത്താറുള്ളത്. അന്ന് കാലത്ത് സവാദുമൊത്താണ് റുഖിയ രാവിലെ വീട്ടിലേക്ക് എത്തിയത്.
തുടര്‍ന്ന് ഭക്ഷണം പാകം ചെയ്ത് കഴിക്കാന്‍ സവാദിനെ വിളിച്ചു. ഈ സമയം, ജോലിക്ക് പോകാത്ത സവാദിനെ അവര്‍ ഉപദേശിച്ചു. ഇത് ഇഷ്ടപ്പെടാതിരുന്ന യുവാവ് ക്ഷുഭിതനായി റുഖിയയെ മര്‍ദിച്ചു. അവര്‍ കരയാന്‍ തുടങ്ങിയതോടെ സവാദ് വീണ്ടും കഴുത്തില്‍ പിടിച്ച് പിന്നിലേക്ക് തള്ളിയിട്ടു. വീടിന്റെ സ്ലാബ് മതിലില്‍ തലയിടിച്ച് വീണ റുഖിയയെ ദേഷ്യം തീരാതെ പ്രതി കഴുത്ത് പിടിച്ച് ഞെരിച്ച് ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു.
മരിച്ചുവെന്ന് ഉറപ്പ് വരുത്തിയ ശേഷം കുന്നംകുളം പൊലിസില്‍ വിളിച്ച് താന്‍ ഒരാളെ കൊന്നുവെന്ന് അറിയിച്ചു. സവാദിനെ കസ്റ്റഡിയിലെടുത്ത പൊലിസ്, റുഖിയയെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന ഡോക്ടറുടെ വിശദീകരണം വന്നതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്നലെ ഉച്ചയോടെ സവാദുമൊത്ത് വടക്കേക്കാട് എച്ച്.എസ്.ഒ കെ.അബ്ദുല്‍ ഹഖീമിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം തെളിവെടുപ്പിനായി സംഭവ സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."