ഇനി ഫിഷറീസ് സ്വതന്ത്ര വകുപ്പ്; നീണ്ട കാലത്തെ ആവശ്യം നടപ്പാകുന്നു
മട്ടാഞ്ചേരി : കേന്ദ്ര സര്‍ക്കാറിനുകീഴില്‍ ഫിഷറീസ് സ്വതന്ത്ര വകുപ്പ് രൂപിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തില്‍ മത്സ്യമേഖലയില്‍ ആഹ്‌ളാദം.
മത്സ്യത്തൊഴിലാളികള്‍ക്ക് ഇതിന്റെ പ്രയോജനം നേരിട്ടു ലഭ്യമാകുമെന്നാണ് പ്രതീക്ഷ. വിവിധ മത്സ്യതൊഴിലാളിസംഘടനകള്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്തു. കഴിഞ്ഞ മൂന്നര പതിറ്റാണ്ടു കാലത്തെ മത്സ്യതൊഴിലാളി സമൂഹത്തിന്റെ നിരന്തരമായ ആവശ്യത്തിനാണ് തീരുമാനമായിരിക്കുന്നത്.
രാജ്യത്തെ തീരദേശ സംസ്ഥാനങ്ങളിലെല്ലാം സംസ്ഥാന ഫിഷറീസ് മന്ത്രാലയം ഉള്ളപ്പോള്‍ കേന്ദ്ര സര്‍ക്കാറിനു കീഴില്‍ മന്ത്രാലയം ഇല്ലാതിരുന്നത് മത്സ്യ തൊഴിലാളി സമൂഹത്തിന് ഏറെ പ്രയാസത്തിലാക്കിയിരുന്നു.കഴിഞ്ഞ നവംബറില്‍ സി.എം.എഫ്.ആര്‍.ഐയില്‍ ചേര്‍ന്ന ദക്ഷിണേന്ത്യന്‍ ഫിഷറീസ് മന്ത്രിമാരുടെ യോഗത്തിലും കേന്ദ്രത്തോട് ഇക്കാര്യം അഭ്യര്‍ഥിച്ചിരുന്നു.
45 ലക്ഷത്തോളംവരുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹത്തിനും 50 ലക്ഷത്തോളം അനുബന്ധ തൊഴിലാളികള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ തീരുമാനം നടപ്പായാല്‍ ഗുണം ലഭിക്കും. സി.എം.എഫ്. ആര്‍.ഐ, സി.ഐ.എഫ്.ഐ , സി.ഐ. എഫ് .എന്‍ .ഇ.ടി, നിസാറ്റ്, എം.പി.ഇ.ഡി.എ ,ഫിഷറീസ് സര്‍വ്വേ ഓഫ് ഇന്ത്യ തുടങ്ങി എട്ടോളം മത്സ്യ ഗവേഷണ സ്ഥാപനങ്ങള്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുമ്പോഴും ഇവയെല്ലാം വിവിധ മന്ത്രാലയങ്ങളുടെ കീഴിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. ഇതിനെല്ലാം ഏകോപിതമായ സ്വഭാവം ഉണ്ടാക്കാന്‍ ഫിഷറീസ് വകുപ്പ് രൂപീകരണത്തോടെ സാധിക്കും.
അതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തുന്നവരെ അയല്‍ രാജ്യങ്ങള്‍ തടവിലാക്കിയാല്‍ പോലും വിദേശകാര്യമന്ത്രാലയം നേരിട്ട് ഇടപെടേണ്ട സാഹചര്യത്തില്‍ നിന്നും മാറ്റം വരും എന്നുള്ളതും പ്രതീക്ഷ നല്‍കുന്നു.
അയല്‍ രാജ്യങ്ങളായ ബംഗ്‌ളാദേശ്, ശ്രീലങ്ക ,ഫിലിപ്പെന്‍സ് തുടങ്ങിയിടങ്ങളിലും ,ഫിഷറീസ് സ്വതന്ത്ര മന്ത്രാലയം ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."