മൂവാറ്റുപുഴ താലൂക്ക് വികസന സമിതി യോഗത്തില്‍ പൊലിസിന് രൂക്ഷ വിമര്‍ശനം
മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് വികസന സമിതി യോഗത്തില്‍ പൊലിസിന് രൂക്ഷ വിമര്‍ശനം. ആവോലി പഞ്ചായത്ത് മെമ്പറും സി.പി.എം നേതാവുമായ അയ്യൂബ് ഖാനാണ് മുവാറ്റുപുഴ പൊലിസിനെതിരെ വിമര്‍ശനമുന്നയിച്ചത്.
ഇന്നലെ ചേര്‍ന്ന താലൂക്ക് വികസന സമിതി യോഗത്തിലാണ് പോലീസിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നത് അസുഖത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ മരിച്ച കിഴക്കേക്കര സ്വദേശിയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൊലീസിന്റെ അനാസ്ഥയെ തുടര്‍ന്ന് ഒരു ദിവസം വൈകിയതാണ് പഞ്ചായത്തംഗത്തിന്റെ പരാതിക്കാധാരമായത്.
മുന്‍കൂട്ടി മൂവാറ്റുപുഴ പോലീസിനെ വിവര മറിയിച്ചിട്ടും ചുമതലപ്പെടുത്തിയ പൊലിസുദ്യോഗസ്ഥന്‍ എത്താന്‍ വൈകുകയായിരുന്നു. ഇതിന് പുറമേ കിഴക്കേക്കര മേഖലയില്‍ രാത്രികാലങ്ങളിലുള്ള അനധികൃത മണ്ണെടുപ്പിനും പാടം നികത്തലിനുമെതിരേ പൊലിസില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലന്നും അയ്യൂബ് ആരോപിച്ചു.
തുടര്‍ന്ന് റവന്യൂ വകുപ്പിനെ അറിയിക്കുകയായിരുന്നു.മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ക്യാന്‍സര്‍ രോഗികള്‍ക്കായി വാര്‍ഡ് തുറക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
നിലവില്‍ ആശുപത്രിയില്‍ കാന്‍സര്‍ സര്‍ജന്റെ സേവനം ലഭ്യമാണ്. എന്നാല്‍ രോഗികളെ കിടത്തുന്നതിന് വാര്‍ഡില്ലാത്തതിനാല്‍ ഡോക്ടറെ കാണുന്ന രോഗികള്‍ക്ക് മടങ്ങി പോകേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
നഗരത്തിലെ അനധികൃത പാര്‍ക്കിംഗിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇഴഞ്ഞ് നീങ്ങുന്ന കാവുംങ്കര ഇരമല്ലൂര്‍ റോഡിലെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും യോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ ആവശ്യമുന്നയിച്ചു. വേനല്‍ കനത്തതോടെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിനായി നടപടികള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷനായി.
കൂത്താട്ടുകുളം നഗരസഭ ചെയര്‍മാന്‍ പി.പി ജോസ്, ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റ് വള്ളമറ്റം കുഞ്ഞ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പായിപ്ര കൃഷ്ണന്‍, ഒ.സി ഏലിയാസ്, തഹസീല്‍ദാര്‍ പി.എസ് മധുസൂധനന്‍ എന്നിവര്‍ സംമ്പന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."