ഇടുക്കി മെഡിക്കല്‍ കോളജ്: ഒ.പി വിഭാഗം നാളെ പ്രവര്‍ത്തനം തുടങ്ങും
ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജ് ഒ പി വിഭാഗം തിങ്കളാഴ്ച്ച മുതല്‍ പ്രവര്‍ത്തനം തുടങ്ങും. ജനറല്‍ മെഡിസിന്‍ വിഭാഗമാണ് ആദ്യം പ്രവര്‍ത്തനം ആരംഭിക്കുന്നത്. തുടര്‍ന്ന് സര്‍ജറി, പീഡിയാട്രിക്, ഗൈനക്കോളജി വിഭാഗങ്ങളും പ്രവര്‍ത്തനം ആരംഭിക്കും.
15-ാം തീയതിയോടെ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന ആശുപത്രി സമുച്ഛയത്തിന്റെ ഒന്നാം ബ്ലോക്കിലേക്ക് ഒ.പി വിഭാഗവും അത്യാഹിത വിഭാഗവും മാറ്റി പ്രവര്‍ത്തനം ആരംഭിക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്ന് അഡ്വ ജോയ്‌സ് ജോര്‍ജ്ജ് എം പി അറിയിച്ചു. 20 ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ മെഡിക്കല്‍ കോളജില്‍ എത്തും.
അക്കാദമിക് ബ്ലോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. ഇലക്ട്രിക്കല്‍, പെയ്ന്റിംങ്ങ് വര്‍ക്കുകള്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയാണ് അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനത്തിന് സജ്ജമാകുന്നത്. ഫെബ്രുവരി അവസാനത്തോടെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ രണ്ടാംഘട്ട പരിശോധനയ്ക്ക് എത്തുന്നുണ്ട്. ഈ വര്‍ഷം തന്നെ ക്ലാസ്സുകള്‍ ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍ നടപടികള്‍ പുരോഗമിക്കുന്നത്.
ഒ.പി വിഭാഗം ആരംഭിക്കുന്നതിനായി തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍ കോളജുകളില്‍ നിന്ന് ഇടുക്കി മെഡിക്കല്‍ കോളജില്‍ നിയമിച്ചിട്ടുള്ള പ്രൊഫസര്‍മാരും മുതിര്‍ന്ന ഡോക്ടര്‍മാരും ജൂനിയര്‍ ഡോക്ടര്‍മാരും എത്തിക്കൊണ്ടിരിക്കുന്നു. ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവി അസിസ്റ്റന്റ് പ്രൊഫ. ഡോ. ജോസ് മോന്‍, അസോസിയേറ്റ് പ്രൊഫ. ഡോ. കെ കെ ഫൈസല്‍, ഡോ. ദീപേഷ് എന്നിവരുടെ നേതൃത്വത്തിലാണ് മെഡിസിന്‍ വിഭാഗം ഒ പി നാളെ മുതല്‍ ആരംഭിക്കുന്നത്.
സര്‍ജറി വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ. രമേശന്‍ പി, മുതിര്‍ന്ന ഡോക്ടര്‍മാരായ ഡോ. നിമ്മി കൃഷ്ണന്‍, ഡോ. ജിഷ്ണു എന്നിവരോടൊപ്പം 10 ജൂനിയര്‍ ഡോക്ടര്‍മാരും ജോയിന്‍ ചെയ്തിട്ടുണ്ട്. പ്രിന്‍സിപ്പല്‍ ജോ. പി. പി മോഹനന്റെ നേതൃത്വത്തിലാണ് ഒ പി വിഭാഗത്തിന്റെ ഏകോപനങ്ങള്‍ നടക്കുന്നത്. ഇടുക്കി ജില്ലാ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി നിയമിച്ചിട്ടുള്ള 28 ഡോക്ടര്‍മാരും ഉള്‍പ്പെടെ 99 ഡോക്ടര്‍മാരാണ് മെഡിക്കല്‍ കോളജ് ആരംഭിക്കുന്നതിന് ആവശ്യമായിട്ടുള്ളത്. ഫെബ്രു. 20 നകം 99 ഡോക്ടര്‍മാരുടേയും സേവനം ഇടുക്കി മെഡിക്കല്‍ കോളജില്‍ ലഭ്യമാക്കാന്‍ കഴിയുമെന്നും ജോയ്‌സ് ജോര്‍ജ്ജ് എം പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."