HOME
DETAILS
MAL
ഇതരസംസ്ഥാന തൊഴിലാളികള്‍ കേരളം വിടുന്നു
backup
March 18 2020 | 21:03 PM
തിരുവനന്തപുരം: വരുംദിവസങ്ങളില്‍ കൊവിഡ് വ്യാപനം ശക്തമാകുമെന്ന അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ കേരളം വിടുന്നു. ഇതു കാരണം നിര്‍മാണ, വ്യാപാര മേഖലകളിലടക്കം ഉണ്ടായിട്ടുള്ള മന്ദതയും അതേത്തുടര്‍ന്ന് അടിസ്ഥാന മേഖലയില്‍ തൊഴില്‍ കുറഞ്ഞതും ഇതരസംസ്ഥാന തൊഴിലാളികളെ നാട്ടിലേക്ക് മടങ്ങുന്നതിന് പ്രേരിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഏകദേശം 35 ലക്ഷത്തോളം ഇതരസംസ്ഥാന തൊഴിലാളികള്‍ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍. ഇവരുടെ എണ്ണം എത്രയെന്നതിന് കൃത്യമായ കണക്കുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ കൈവശവുമില്ല. ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം കണക്കാക്കുന്നതിന് ഉള്‍പ്പെടെ ആരംഭിച്ച ആവാസ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഈ വര്‍ഷം മാര്‍ച്ച് നാല് വരെയുള്ള കണക്കുപ്രകാരം 5,08,085 പേര്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൂടാതെ കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയില്‍ ജനുവരി 31 വരെ 55,520 പേരും രജിസ്റ്റര്‍ ചെയ്തിരുന്നു.
അന്യസംസ്ഥാന തൊഴിലാളികളുടെ ഗള്‍ഫ് എന്നാണ് കേരളത്തെ വിശേഷിപ്പിക്കുന്നതെങ്കിലും തൊഴില്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യങ്ങളിലെല്ലാം കൂടുതല്‍ കാത്തുനില്‍ക്കാതെ അവര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതാണ് മുന്‍പും ഉണ്ടായിട്ടുള്ളത്. പ്രളയം ഇതിനൊരുദാഹരണമാണ്. പിന്നീട് നിര്‍മാണ മേഖല ഉള്‍പ്പെടെ സജീവമായതിനു ശേഷമാണ് അവര്‍ മടങ്ങിവന്നത്. ഇതിനിടെയാണ് കൊവിഡ് വ്യാപനം.
രാജ്യത്തെ 25 സംസ്ഥാനങ്ങളിലെ 194 ജില്ലകളില്‍ നിന്നുള്ള 34.11 ലക്ഷം പേരാണ് കേരളത്തില്‍ തൊഴില്‍ ചെയ്യുന്നതായി പറയുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്റെ കണക്കു പ്രകാരം അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം 2013ല്‍ 25 ലക്ഷമായിരുന്നത് 2018 ആയപ്പോള്‍ 34 ലക്ഷത്തിലധികമായതായും ചൂണ്ടിക്കാട്ടുന്നു.
ഇതില്‍തന്നെ ഭൂരിഭാഗം പേരും തമിഴ്‌നാട്, കര്‍ണാടക, ഒഡിഷ, ജാര്‍ഖണ്ഡ്, ബിഹാര്‍, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, അസം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ഇതില്‍തന്നെ 20 ശതമാനം പേര്‍ പശ്ചിമബംഗാളില്‍ നിന്നുള്ളവരും. മാസം ശരാശരി 15,000 രൂപ വരെ സമ്പാദിക്കുന്ന ഇതരസംസ്ഥാന തൊഴിലാളി 7,000 രൂപയിലധികം ഇവിടെ ചെലവഴിക്കുകയും ചെയ്യുന്നു. അന്യസംസ്ഥാനക്കാര്‍ ചെവഴിക്കുന്ന തുകയുടെ കണക്ക് നോക്കിയാല്‍ വര്‍ഷത്തില്‍ 15,000 കോടിയോളം വരുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അതുകൊണ്ടു തന്നെയാണ് ഇതരസംസ്ഥാനക്കാര്‍ക്കുവേണ്ടി ഫെസിലിറ്റേഷന്‍ സെന്ററുകള്‍ തുറക്കുന്നതിനും ആവാസ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ആരംഭിച്ചതും.
തൊഴില്‍ മേഖലയില്‍ നിരോധനമൊന്നുമില്ലെങ്കിലും ഇത്തരത്തിലുള്ള ഘട്ടങ്ങളില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുകയാണ് പതിവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."