വൈവിധ്യമാര്‍ന്ന പരിപാടികളോടെ വസന്തം ഫെസ്റ്റ് 2019' ശ്രദ്ധേയമായി
ജിദ്ദ: പ്രവാസി സമൂഹത്തിന്റെ സ്‌നേഹ സംഗമം 'വസന്തം ഫെസ്റ്റ് 2019' വൈവിധ്യമാര്‍ന്ന പരിപാടികളോടെ ശ്രദ്ധേയമായി. സമസ്ത ഇസ്‌ലാമിക് സെന്റര്‍ ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന വാര്‍ഷിക സംഗമമാണ് 'വസന്തം ഫെസ്റ്റ്'. സമസ്ത ഇസ്‌ലാമിക് സെന്റര്‍ സഊദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങള്‍ ഹൈദ്രൂസി മേലാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. പരസ്പരം കലഹിക്കുന്ന സമൂഹത്തില്‍ മാനവികതയും സ്‌നേഹവും നിലനിര്‍ത്തി പോവാന്‍ സമസ്തക്ക് കഴിഞ്ഞിട്ടുണ്ടെന്നും, സമസ്തയുടെ നിഴലായി പ്രവര്‍ത്തിക്കുന്ന സമസ്ത ഇസ്‌ലാമിക് സെന്റര്‍ ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി എല്ലാവര്‍ക്കും മാതൃകയാണെന്നും തങ്ങള്‍ പറഞ്ഞു.
സയ്യിദ് അന്‍വര്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുസ്തഫ ബാഖവി ഊരകം ദുആക്ക് നേതൃത്വം നല്‍കി. അലി മൗലവി നാട്ടുക്കല്‍ ആമുഖ പ്രഭാഷണം നടത്തി. അബ്ദുസലാം ഫൈസി ഒളവട്ടൂര്‍ പ്രവാചകാനുരാഗത്തിന്റെ മാധുര്യം എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രവാചകാധ്യാപനങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിതത്തില്‍ സൂക്ഷ്മത പുലര്‍ത്താന്‍ നാം തയാറാവണമെന്നും, പ്രവാചകാനുരാഗം നമ്മുടെ ജീവിതത്തിന്റെ ഒരുഭാഗമായി നാം കൊണ്ട് നടക്കണമെന്നും അദ്ദേഹം പറഞ്ഞു.
സമസ്തയുടെ പങ്കും സംഘടനാ പ്രവര്‍ത്തനങ്ങളുടെ സ്വാധീനവും എന്നും സമൂഹത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും, പണ്ഡിതന്മാരുടെ അനുഗ്രഹത്തണലില്‍ അഭിമാനകരമായ വിധത്തിലാണ് സമസ്ത മുന്നോട്ടു നീങ്ങുന്നതെന്നും എസ്.ഐ.സി സഊദി നാഷണല്‍ കമ്മിറ്റി വര്‍ക്കിങ് സെക്രട്ടറി അബ്ദുറഹ്മാന്‍ മൗലവി അറക്കല്‍ പറഞ്ഞു. സംഘബോധത്തിന്റെ സൗന്ദര്യം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദഅവത്തിന് കൈ കോര്‍ക്കുക എന്ന വിഷയത്തില്‍ അബ്ദുല്‍ കരീം ഫൈസി കീഴാറ്റൂരും, ഖുര്‍ആന്‍ ജീവിതത്തിന്റെ സൗന്ദര്യം എന്ന വിഷയത്തില്‍ മുസ്തഫ ഹുദവി കൊടക്കാടും സംസാരിച്ചു. നൗഷാദ് അന്‍വരിയുടെ നേതൃത്വത്തില്‍ നടന്ന 'ഖുര്‍ആന്‍ മുസാബഖ' യും റഷീദ് മണിമൂളി നേതൃത്തത്തില്‍ നടന്ന നഅതേ റസൂല്‍ പ്രോഗ്രാമും ഉള്‍പ്പെടെ വിവിധ സെഷനുകളിലായി നടന്ന പ്രമേയ പ്രഭാഷണം, സ്‌കൗട്ട് മാര്‍ച്ച്, കലാവിരുന്ന് തുടങ്ങിയ പരിപാടികള്‍ സംഗമത്തിന് നവ്യാനുഭൂതി പകര്‍ന്നു. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ , അബൂബക്കര്‍ ദാരിമി താമരശ്ശേരി, സുബൈര്‍ ഹുദവി പട്ടാമ്പി,അബൂബക്കര്‍ ദാരിമി ആലംപാടി, മുജീബ് റഹ്മാനി, എന്‍.പി അബൂബക്കര്‍ ഹാജി, സിദ്ധീഖ് ഹാജി ജീപാസ്, മുസ്തഫ ഫൈസി ചേറൂര്, നാസര്‍ എടവനക്കാട്, ഉസ്മാന്‍ എടത്തില്‍, സഅദ് നദ്‌വി, അസീസ് പറപ്പൂര്‍, അന്‍വര്‍ ഹുദവി, മൊയ്തീന്‍കുട്ടി അരിമ്പ്ര, ജാബിര്‍ കടമേരി, ഹൈദര്‍ പുളിങ്ങോം തുടങ്ങിയവര്‍ സംബന്ധിച്ചു.
ചടങ്ങില്‍ എസ്.ഐ.സിയുടെ ലോഗോ രൂപകല്‍പ്പന ചെയ്ത മന്‍സൂര്‍ എടോലത്തിനെ ആദരിച്ചു. കൂടാതെ വിവിധ പരീക്ഷകളിലും മത്സരങ്ങളിലും മികവാര്‍ന്നവരെയും ചടങ്ങില്‍ ആദരിച്ചു. ക്യാമ്പ് അംഗങ്ങള്‍ക്ക് വേണ്ടി നടത്തിയ തത്സമയ ന്യൂസ് റിപ്പോര്‍ട്ടിങ്ങ് മത്സരത്തില്‍ റഫീഖ് കൂലത്ത് സമ്മാനാര്‍ഹനായി. വിഖായ വളണ്ടിയര്‍മാരുടെ മുഴുസമയ സേവനങ്ങള്‍ ക്യാമ്പ് ഊര്‍ജ്ജസ്വലമാക്കി. സവാദ് പേരാമ്പ്ര സ്വാഗതവും, ദില്‍ഷാദ് തലപ്പില്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."