കൊവിഡ് കാലത്തെ ട്രാന്‍സ്ഫര്‍ വാര്‍ത്തകള്‍
ലണ്ടന്‍: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മത്സരങ്ങളെല്ലാം നിര്‍ത്തി വെച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ വിവിധ ക്ലബുകള്‍ക്ക് ആവശ്യമുള്ള താരങ്ങളെ തിരയുന്ന തിരക്കിലാണ് ക്ലബുകള്‍. ആരെല്ലാമാണ് വിവിധ ക്ലബുകളുടെ ലക്ഷ്യം എന്ന് നോക്കാം.
പ്രീമിയര്‍ ലീഗില്‍ താല്‍ക്കാലിക സൈനിങിന് അനുമതി
കൊവിഡ് കാരണം സീസണ്‍ നീണ്ടുപോവുകയാണെങ്കില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ താല്‍ക്കാലിക സൈനിങ് നടത്താന്‍ അനുമതി. നിലവില്‍ പ്രീമിയര്‍ ലീഗ് നിര്‍ത്തിവെച്ച അവസ്ഥയിലാണുള്ളത്. ഒരു പക്ഷെ ടൂര്‍ണമെന്റ് ഇനിയും തുടങ്ങണമെങ്കില്‍ ഒരു മാസത്തിന് മുകളില്‍ കാത്തിരിക്കേണ്ടി വരും. അങ്ങനെ ആണെങ്കില്‍ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായിരിക്കും ലീഗ് തീരുക. ജൂണില്‍ പല താരങ്ങളുടെയും കാലാവധി തീരുമ്പോള്‍ ടീമുകള്‍ക്ക് ഇത് ഒരു പ്രശ്‌നമായി വരും. ഇതിന് വേണ്ടിയാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അധികൃതര്‍ താല്‍ക്കാലിക സൈനിങ് നടത്തുന്നതിന് അനുമതി നല്‍കിയിട്ടുള്ളത്.
ഇക്കാര്‍ഡിയെ ഇറ്റലിയില്‍
തിരിച്ചെത്തിക്കാന്‍ ശ്രമം
ഇന്റര്‍മിലാനില്‍ നിന്ന് ലോണില്‍ പി.എസ്.ജിയിലേക്ക് പോയ അര്‍ജന്റീനന്‍ താരം മൗറോ ഇക്കാര്‍ഡിയെ ഇറ്റലിയില്‍ തിരിച്ചെത്തിക്കാന്‍ നീക്കം. ഇന്ററില്‍ നിന്ന് പോയതിന് ശേഷം ഇക്കാര്‍ഡി പി.എസ്.ജിയില്‍ സ്ഥിരതയുള്ള പ്രകടനമാണ് കാഴ്ചവെക്കുന്നത്. സീരീ എ ക്ലബുകളായ യുവന്റസ്, നാപോളി, ഇന്റര്‍മിലാന്‍ എന്നീ ക്ലബുകളാണ് ഇക്കാര്‍ഡിക്ക് പിറകെയുള്ളത്. എന്നാല്‍ പി.എസ്.ജി താരത്തെ വിട്ടുനല്‍കുമോ എന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനം അറിയിച്ചിട്ടില്ല.
പ്യാനിക്കിന് വേണ്ടി
ചെല്‍സിയും പി.എസ്.ജിയും
യുവന്റസ് മധ്യനിര താരം മിറാലം പ്യാനിക്കിന് വേണ്ടി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കരുത്തന്‍മാരായ ചെല്‍സിയും ഫ്രഞ്ച് കരുത്തരായ പി.എസ്.ജിയും രംഗത്ത്. 60 മില്യന്‍ യൂറോക്ക് മുകളില്‍ ലഭിച്ചാല്‍ മാത്രമേ താരത്തെ വില്‍ക്കു എന്ന നിലപാടിലാണ് യുവന്റസ്. താരത്തിന് വേണ്ടി പി.എസ്.ജി ശക്തമായി രംഗത്തുണ്ടെങ്കിലും ചെല്‍സിയും താരത്തെ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്.
ടെര്‍ സ്റ്റിഗന്
കരാര്‍ നീട്ടി നല്‍കും
ബാഴ്‌സലോണയുടെ ജര്‍മന്‍ ഗോള്‍ കീപ്പര്‍ ടെര്‍ സ്റ്റിഗന് കരാര്‍ നീട്ടി നല്‍കാനൊരുങ്ങി ക്ലബ്. 2025 വരെ ക്ലബില്‍ തുടരുന്നതിന് അനുമതി നല്‍കാനുള്ള ഒരുക്കത്തിലാണ് ബാഴ്‌സലോണയെന്ന് മാര്‍സ റിപ്പോര്‍ട്ട് ചെയ്തു. ദുര്‍ബലമായ ബാഴ്‌സലോണയുടെ പ്രതിരോധത്തിന്റെ പാളിച്ചകള്‍ ഒഴിവാകുന്നത് ടെര്‍ സ്റ്റിഗന്റെ കരുത്തിലാണ്. അതിനാലാണ് താരത്തിന് കരാര്‍ നീട്ടി നല്‍കാന്‍ ക്ലബിനെ പ്രേരിപ്പിക്കുന്നത്. അതേ സമയം പരിശീലകന്‍ സെറ്റിയനുമായി അത്ര നല്ല നിലയിലല്ലാത്ത സ്റ്റിഗന്‍ ക്ലബില്‍ തുടരുമോ എന്ന കാര്യവും വ്യക്തമല്ല. ഇക്കാര്യത്തില്‍ സ്റ്റിഗന്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.
ആഷ്‌ലി യങിന് കരാര്‍
നീട്ടി നല്‍കാനൊരുങ്ങി ഇന്റര്‍
ഇംഗ്ലീഷ് താരം ആഷ്‌ലി യങ്ങിന്റെ കരാര്‍ നീട്ടാനൊരുങ്ങി ഇന്റര്‍മിലാന്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന് ലോണിനായിരുന്നു യങ് ഇന്റര്‍മിലാനിലെത്തിയത്.
ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയിലായിരുന്നു താരത്തെ ഇന്റര്‍ സ്വന്തമാക്കിയത്. ടീമിലെത്തിയതിന് ശേഷം മികച്ച പ്രകടനം നടത്തിയതോടെയാണ് ഇന്റര്‍ താരത്തിന്റെ കരാര്‍ നീട്ടാന്‍ തീരുമാനിച്ചത്. ഒരു വര്‍ഷം കൂടി താരത്തെ ടീമില്‍ ഉള്‍പ്പെടുത്താനാണ് ഇന്ററിന്റെ തീരുമാനം.
ഉംറ്റിറ്റിക്കായി
പ്രീമിയര്‍ ലീഗ് വമ്പന്‍മാര്‍
ബാഴ്‌സലോണയുടെ സെന്റര്‍ ബാക്ക് സാമുവല്‍ ഉംറ്റിറ്റിക്കായി പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ ആഴ്‌സനലും മാഞ്ചസ്റ്റര്‍ യുനൈറ്റഡും രംഗത്ത്. ഈ സീസണോടെ ബാഴ്‌സലോണ ഉംറ്റിറ്റിയെ വില്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
താരത്തെ വില്‍ക്കാന്‍ തീരുമാനിച്ച അന്ന് മുതല്‍ യുനൈറ്റഡ് ഫ്രഞ്ച് താരത്തിനായി രംഗത്തുണ്ട്. എന്നാല്‍ ആഴ്‌സനല്‍ എന്ത് ഓഫര്‍ നല്‍കിയാകും താരത്തെ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്. പരുക്ക് കാരണം ഇടക്കാലത്ത് ഉംറ്റിറ്റി ഏറെ നാളും കളത്തിന് പുറത്തായിരുന്നു. നിലവില്‍ ബാഴ്‌സലോണ നിരയില്‍ താരം തിരിച്ചെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."