അപകട മേഖലകളില്‍ ജി.പി.എസ് അധിഷ്ഠിത വാഹന നിരീക്ഷണം: മുഖ്യമന്ത്രി
തിരുവനന്തപുരം: ദേശീയ, സംസ്ഥാന പാതകളിലെ അപകട സാധ്യതാ മേഖലകളില്‍ ജി.പി.എസ് അധിഷ്ഠിത വാഹന നിരീക്ഷണ സംവിധാനത്തിന് ഉടന്‍ തുടക്കം കുറിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ റോഡ് സുരക്ഷാവാരം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സേഫ് കേരള പദ്ധതിയുടെ ഭാഗമായാണ് 24 മണിക്കൂര്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തുന്നത്. 2020 ഓടെ റോഡ് അപകടങ്ങള്‍ പകുതിയായി കുറയ്ക്കുകയാണ് ലക്ഷ്യം. ഇതോടൊപ്പം സ്റ്റുഡന്റ്‌സ് പൊലിസ് കേഡറ്റുകളെ ഉപയോഗിച്ച് ബോധവല്‍കരണവും നടത്തും. ഗതാഗത നിയമം ലംഘിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും. പരിശോധനയും ശക്തിപ്പെടുത്തും. വാഹനങ്ങളുടെ മത്സരയോട്ടം, ബൈക്ക് റേസ്, പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിക്കുന്നത് എന്നിവയെല്ലാം ഗൗരവമായി പരിശോധിക്കണം. റോഡ് നന്നാക്കിയാല്‍ അപകടം കുറയുമെന്നത് തെറ്റാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. വാഹന നിരീക്ഷണ സംവിധാനം 20ന് കോഴിക്കോട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. റോഡ് സുരക്ഷാ മാര്‍ഗരേഖ മന്ത്രി പ്രകാശനം ചെയ്തു.
റോഡു സുരക്ഷാ പ്രതിജ്ഞ കെ. മുരളീധരന്‍ എം.എല്‍.എ ചൊല്ലിക്കൊടുത്തു. ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ കെ. പദ്മകുമാര്‍, റോഡ് സുരക്ഷാ അതോറിറ്റി കമ്മിഷണര്‍ ശങ്കര്‍ റെഡ്ഡി, കൗണ്‍സിലര്‍ പാളയം രാജന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."