കെ.എസ്.ആര്‍.ടി.സിയുടെ പഴയ കെട്ടിടം പൊളിച്ചുനീക്കണമെന്ന ആവശ്യം ശക്തം
ചങ്ങനാശേരി: നഗരത്തിനകത്ത് ഗതതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും ഇടയാക്കുന്ന രീതിയില്‍ സ്ഥിതി ചെയ്യുന്ന കെ.എസ്.ആര്‍.ടി.സിയുടെ പഴയകെട്ടിടം പൊളിച്ചു നീക്കണമെന്ന ആവശ്യം ശക്തമായി. എം.സി റോഡ് വികസനത്തിന്റെ ഭാഗമായി ഈ കെട്ടിടത്തിന്റെ ഭാഗത്തെ മണ്ണെടുത്തത് ബലക്ഷയത്തിനിടയാക്കിയിട്ടുണ്ടെന്ന ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. യാത്രക്കാര്‍ ബസ് കാത്തുനില്ക്കുന്ന ഈ കെട്ടിടത്തിന്റെ പലഭാഗങ്ങളും അടര്‍ന്നു വീഴുന്നത് പതിവാണ്. കെ.എസ്.ആര്‍.ടി.സി, പൊതുമരാമത്തു വകുപ്പുകളുടെ എന്‍ജിനിയറിങ് വിഭാഗം നടത്തിയ പരിശോധനയില്‍ കെട്ടിടത്തിനു ബലക്ഷയമോ ഭീഷണിയോ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് അധികാരികളുടെ ഭാഷ്യം. 25 ലക്ഷം രൂപ മുടക്കിയാല്‍ പഴക്കം ചെന്ന കെട്ടിടം നവീകരിച്ച് ഉപയോഗപ്രദമാക്കാമെന്ന നിര്‍ദേശം കെ.എസ്.ആര്‍.ടി.സി സിവില്‍ വിഭാഗം മാനേജ്‌മെന്റിനു നല്‍കിയതായാണ് സൂചനകള്‍. സ്റ്റേഷന്‍ മാസ്റ്റുടെ കാര്യാലയം ഗ്രൗണ്ട് ഫ്‌ളോറില്‍ പ്രവര്‍ത്തിക്കുന്നതിനൊപ്പം മുകളില്‍ കടമുറികള്‍ സജ്ജമാക്കുമെന്നും ഈ വിഭാഗം അധികാരികളെ അറിയിച്ചതായും സൂചനയുണ്ട്. കാലപ്പഴക്കം ചെന്ന കെട്ടിടം വന്‍തുക മുടക്കി നവീകരിക്കുന്നത് പ്രയോജനപ്രദമാകില്ലെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.
എന്നാല്‍ കെ.എസ്.ആര്‍.ടി.സി സ്റ്റേഷനില്‍ പഴയകെട്ടിടം പുതുക്കി പണിയാതെ പുതിയ ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണ ജോലികള്‍ വേഗത്തിലാക്കണമെന്ന ആവശ്യം ഉയരുന്നു. പലിശ രഹിത നിക്ഷേപം സ്വീകരിച്ചും കെ.എസ്.ആര്‍.ടി.സിയുടെ പ്ലാന്‍ ഫണ്ടില്‍ നിന്നു തുക വകയിരുത്തിയും ഷോപ്പിങ് കോംപ്ലക്‌സിന് പണം കണ്ടെത്തി നിര്‍മാണം ആരംഭിക്കാന്‍ നാലുവര്‍ഷം മുന്‍പാണ് തീരുമാനമെടുത്തത്. കെ.ആര്‍.ടി.സിക്ക് ബാധ്യത ഉണ്ടാകാത്ത രീതിയിലുള്ളതും ഡിപ്പോയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ സൗകര്യം ഉറപ്പ് വരുത്തിയും നഗരത്തിലെ ട്രാഫിക് കുരുക്കിന് പരിഹാരം ലക്ഷ്യമിട്ടുള്ളതുമായ ഡിസൈനാണ് അധികൃതര്‍ തയാറാക്കിയിരുന്നത്.
പുതിയ ഷോപ്പിങ് കോപ്ലക്‌സിന്റെ ഗ്രൗണ്ട് ഫ്‌ളോറില്‍ കടമുറികള്‍ ഉണ്ടാകും. കൂടാതെ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ്, എന്‍ക്വയറി കൗണ്ടര്‍, യാത്രക്കാരുടെ കാത്തിരിപ്പ് കേന്ദ്രം, എ.ടി.എം കൗണ്ടര്‍, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ടോയ്‌ലറ്റുകള്‍ വികലാംഗര്‍ക്കായി പ്രത്യേക ടോയ്‌ലറ്റുകള്‍, ലിഫ്റ്റ്, കാറുകള്‍ക്കും ടൂവിലറിനും പ്രത്യേക പാര്‍ക്കിങ് എന്നീ സൗകര്യങ്ങളും പുതിയ ടെര്‍മിനലില്‍ ഉണ്ടാകും.
സി.എഫ്.തോമസ് എം.എല്‍.എയുടെ നിയോജക മണ്ഡല ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച രണ്ടരക്കോടി രൂപ ചെലവഴിച്ച് ഈ ഡിപ്പോയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഓഫീസ് കം ഗാരേജ് നിര്‍മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."