ഭാഗവതം
ഇതാ, എല്ലാം ഇതിലുണ്ട്. നിങ്ങള്‍ പങ്കിട്ടെടുത്തോളൂ. ഞാനായിട്ട് ഒന്നും കൊണ്ടുപോകുന്നില്ല. ഒന്നും..!' കുഞ്ഞാപ്പു ആധാരക്കെട്ടുടുത്ത് മക്കളുടെ മുന്‍പാകെ നിരത്തിക്കൊണ്ട്, എന്തൊക്കയോ പുലമ്പി. 'ഇനി നിങ്ങള്‍തന്നെ വീതം വച്ചെടുത്തോളൂ..' അയാള്‍ അനന്തതയില്‍ കണ്ണോടിച്ച്, നെടുവീര്‍പ്പയച്ചു.
'കേട്ടാല്‍ തോന്നും, പത്തേക്കര്‍ സ്ഥലവും വീടും ഭാഗംവച്ച് ബാധ്യതയൊഴിയുകയാണെന്ന്!' അബൂബക്കര്‍ ഉള്ളിലെ അവജ്ഞ മറച്ചുവയ്ക്കാതെ, പല്ല് കറുമുറുങ്ങനെ ഞെരിച്ചുപിടിച്ച് വെറുപ്പ് പുറത്തുകാണിച്ചു. 'ആകെ നാലു സെന്റ് സ്ഥലവും പൊട്ടിപ്പൊളിഞ്ഞ പൊരയും...!'
കുഞ്ഞാപ്പു അതിനു മറുപടിയെന്നോണം നിഷ്‌ക്കളങ്കമായി ചിരിച്ചു. 'നിനക്കറിയാല്ലോ, നിന്റെ ഉപ്പൂപ്പ മാളിയേക്കല്‍ അബൂബക്കര്‍ ഹാജി.....!' അയാള്‍ ബാപ്പയെ മുഴുമിപ്പിക്കാന്‍ അനുവദിക്കാതെ, പൊട്ടിത്തെറിച്ചു. 'എനിക്ക് കേള്‍ക്കണ്ട നിങ്ങടെ ബാപ്പാന്റെ പുരാണം! സ്വാതന്ത്ര്യസമര പോരാളിയായിരുന്നു, വീരനായകാനായിരുന്നു. നാട്ടിലെ വലിയ പ്രമാണിയായിരുന്നു... എന്നിട്ട്, സ്വന്തം കുടുംബത്തിന്റെ കാര്യംപോലും കീഴ്മേലെ നോക്കാതെ, പൊരയുംകുടിയും ഇല്ലാത്ത കണ്ണിക്കണ്ടോര്‍ക്ക് ഒക്കെ വീതിച്ചുകൊടുത്ത് ഫക്കീറായി മാറിയ എന്റെ പുന്നാര ഉപ്പൂപ്പാന്റെ കഥ...!'
കുഞ്ഞാപ്പു, മകന്‍ തന്റെ പിതാമഹനെ പഴിച്ചുകൊണ്ടിരുന്നപ്പോള്‍, ബാപ്പ തന്റെ പിതാവിന്റെ വീരകഥകളുറങ്ങുന്ന കര്‍മഭൂമിയിലേക്ക് കാലത്തിന്റെ മറനീക്കി ഊളിയിട്ടിറങ്ങി ആത്മനിര്‍വൃതി തേടുകയായിരുന്നു. സമരഭൂമിയില്‍ പടയണിചേര്‍ന്ന് നാടിന്റെ വിമോചനത്തിനായി ആത്മാര്‍പ്പണം ചെയ്ത വീരഗാഥ അദ്ദേഹത്തില്‍ നിന്നല്ല, നാട്ടുകാരില്‍ നിന്ന് കേള്‍ക്കുവാനായിരുന്നു കുഞ്ഞാപ്പുവിന് ഏറെ ഇഷ്ടം... ഒടുവില്‍ ഭൂദാന പ്രസ്ഥാനത്തില്‍ തോള്‍ചേര്‍ന്ന് പിതാവ് ഭൂമിയാകെ പാവപ്പെട്ടവര്‍ക്ക് വീതിച്ചു നല്‍കി. അവിടെ നൂറ് കണക്കിനാളുകള്‍ പുരകെട്ടികൂടി, ഉള്ളതും തിന്ന് ഉടുത്തതും പുതച്ച് അന്തിയുറങ്ങുകയും ചെയ്യുന്നത് കണ്ടപ്പോള്‍, മനസില്‍ കുളിനീര്‍ പെയ്യിച്ച് അദ്ദേഹം അനുഭവിച്ച ആത്മസുഖം, ഇന്ന് തന്റെ സിരകളിലൂടെ, ശരീരമാകെ പടര്‍ന്നുകയറുകയാണ്...!
പിന്നീട് ആ നാട്ടില്‍ ഉയര്‍ന്നുവന്ന ആളനക്കത്തിനും അങ്ങാടിക്കും 'അവുക്കറങ്ങാടി' എന്ന ചെല്ലപ്പേര് നല്‍കി ഭൂപടത്തില്‍ അടയാളപ്പെടുത്തിയത് മാളിയേക്കല്‍ തറവാടിനുചുറ്റും കുടികെട്ടി പൊറുതിതുടങ്ങിയ പട്ടിണിക്കോലങ്ങളായിരുന്നു. അവര്‍ ഏതൊക്കെയോ രൂപങ്ങളിലും പേരുകളിലുമായിരുന്നു ദൈവത്തെ വിളിച്ചിരുന്നത്. എന്നാല്‍ പടച്ചോന്റെ ഭൂമി പടപ്പുകള്‍ക്കൊക്കെയും ഒരുപോലെയാണെന്ന് ഓര്‍മിപ്പിച്ച് നൂറുകണക്കിനു കുടികിടപ്പുകാര്‍ക്കിടയിലെ ഒന്നുമാത്രമാക്കി മാറ്റി അബൂബക്കര്‍ ഹാജി തന്റെ വീടിനെയും...!
ഓര്‍ക്കുമ്പോള്‍, കുഞ്ഞാപ്പുവിന്റെ രോമം എഴുന്ന് നില്‍ക്കുന്നു...
അങ്ങനെയുള്ള പിതാവിന്റെ പേര് തന്റെ മകനിലൂടെ അടുത്ത തലമുറയിലേക്ക് മാതൃകയായി പടര്‍ന്നിറങ്ങണം. അതിനായിരുന്നു, ബാപ്പയുടെ പേരുതന്നെ കുഞ്ഞാപ്പു അവനു നല്‍കിയത്. ബാപ്പയുടെ ആദര്‍ശം തന്നെയായിരുന്നു കുഞ്ഞാപ്പുവിനും. ഒന്നും വെട്ടിപ്പിടിച്ചടക്കാന്‍ പുറപ്പെട്ടിട്ടില്ല. ഉള്ള മണ്ണില്‍ ഒത്തൊരുമിച്ച്; എല്ലാവരും ഒത്തൊരുമയോടെ.
പക്ഷേ, പിന്നീട്...,
'...എന്നിട്ട് അങ്ങേരുടെ മകനു പുരകെട്ടാന്‍പോലും പഞ്ചായത്ത് കനിയേണ്ടി വന്നു.!. കൊച്ചുമകളെ കെട്ടിച്ചയക്കാന്‍ നാട്ടുകാരോട് ഇരക്കേണ്ടി വന്നു.!' അബൂബക്കറിന്റെ കലി കെട്ടടങ്ങിയിരുന്നില്ല. 'എന്നിട്ടിപ്പോള്‍, നാലു സെന്റ് സ്ഥലവും പൊട്ടിപ്പൊളിഞ്ഞുവീഴാറായ പുരയുമാണ് വീതം വയ്ക്കാന്‍ വേണ്ടി എഴുന്നള്ളിക്കുന്നത്....'
സിദ്ദീഖ് മൗനം ദീക്ഷിച്ചു. പ്രതിവിധി നിശ്ചയിക്കാന്‍ മറുമരുന്നന്തെന്നറിയാതെ കുഞ്ഞാപ്പു വിഷണ്ണനായി തൊണ്ണ് കാട്ടി ചിരിച്ചു. 'എനിക്ക് രണ്ട് പെണ്‍മക്കളാ വളര്‍ന്നു വരുന്നത്...' അബൂബക്കറിന്റെ പായാരം ഇനിയും തീര്‍ന്നിട്ടില്ല.
സിദ്ദീഖ്, തന്റെ മുന്‍പിലുള്ള ആധാരക്കെട്ട് പതുക്കെതുറന്ന് അതിലെ കടലാസുതുണ്ടുകള്‍ വിരസമായി മറിച്ചുനോക്കി ഓരോന്നായി മേശക്കരികിലേക്കു മാറ്റിവച്ചു.
ആകെ നാലുസെന്റ് ഭൂമി. തുല്യമായി വീതം വച്ചാല്‍ തന്നെ, രണ്ടു സെന്റ്. ആ രണ്ടുസെന്റില്‍ ഓരോ വീടുകള്‍ പണിയുക എന്നുവച്ചാല്‍... പിന്നെ, അതിലേക്കുള്ള വഴി മറ്റൊരു കീറാമുട്ടി. ശരിക്കും, ഉള്ള നാലുസെന്റില്‍ ഇപ്പോള്‍ ജീവിച്ചുപോരുന്നതുപോലെ തന്നെ തുടര്‍ന്നും കഴിഞ്ഞുകൂടുകയല്ലേ നല്ലത്. തലമുറകള്‍ക്കപ്പുറവും സഹോദര കുടുംബങ്ങള്‍ ഒത്തൊരുമിച്ച്, ഒരു കുടക്കീഴില്‍....
കാടുകയറുന്ന ചിന്തകള്‍ക്കിടയില്‍ ആധാരക്കെട്ടിലെ ഒരു കടലാസ് കഷ്ണത്തില്‍ അറിയാതെ അയാളുടെ കണ്ണുകളുടക്കിയപ്പോള്‍ കൃഷ്ണമണികള്‍ പതുക്കെ വികസിച്ച് വൈഡൂര്യംപോലെ വെട്ടിത്തിളങ്ങുവാന്‍ തുടങ്ങി.
'ബാപ്പ, എനിക്ക് ഇതുമതി!' അയാളുടെ കണ്ണുകളിലെ പ്രകാശം മുഖമാകെ പ്രസരിച്ചു. 'വീടും പറമ്പും ഇക്കായ്ക്ക് കൊടുത്തേക്ക്!'
കാട്ടുപോത്തിനെ പോലെ ഉടക്കാന്‍ തയ്യാറായി നില്‍ക്കുകകയായിരുന്ന അബൂബക്കര്‍, അനുജന്റെ വായ്ത്താരി കേട്ടതോടെ ചലനമറ്റ് നിന്നുപോയി. അയാള്‍ വാ പൊളിച്ചുനില്‍ക്കുന്ന ബാപ്പായെ കണ്ണെറിഞ്ഞുംമറിഞ്ഞും ഉറ്റുനോക്കി.
ഇനി, ഉപ്പൂപ്പ മക്കള്‍ക്കായി മാറ്റിവച്ച ഏതെങ്കിലും സ്വത്തോ ഒസ്യത്തോ നിധിയോ മറ്റോ ആണോ അത്..? അവര്‍ പതുക്കെ സിദ്ദീഖിന്റെ കൈയിലെ പഴകിദ്രവിച്ച കടലാസുതുണ്ടിലേക്ക് കൗതുകപൂര്‍വ്വം എത്തിനോക്കി. സിദ്ദീഖിന്റെ ഉള്ളിലെ തിരതള്ളലിനു അതിരുകളില്ലായിരുന്നു. അയാളുടെ വാക്കുകള്‍ക്ക് ആവേശക്കടല്‍ തിരപ്പെരുക്കം... എങ്കിലും ഒരുവിധം സിദ്ദീഖ് പറഞ്ഞൊപ്പിച്ചു, 'ഇത് ഉപ്പൂപ്പാന്റെ ജനന സര്‍ട്ടിഫിക്കറ്റാണ്.! എനിക്ക് ഇതുമതി! എനിക്കും എന്റെ കുട്ടികള്‍ക്കും ഇന്ത്യക്കാരനായി ഈ ഭൂമിയില്‍ ജീവിച്ചുമരിക്കാന്‍ എനിക്ക് ഈ കടലാസുതുണ്ട് മാത്രം മതി!..'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."