കൊടുവള്ളി മുസ്‌ലിം യതീംഖാന 40-ാം വാര്‍ഷികത്തിന് നാളെ തുടക്കം
കൊടുവള്ളി: മുസ്‌ലിം യതീംഖാന 40-ാം വാര്‍ഷികത്തിന് നാളെ തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് നാലിന് യതീംഖാന സെക്രട്ടറി ടി.കെ പരീക്കുട്ടി ഹാജി പതാക ഉയര്‍ത്തും. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ നടക്കും.
എട്ടിന് വൈകിട്ട് നാലിന് നടക്കുന്ന വിദ്യാഭ്യാസ സെമിനാര്‍ ചെമ്മാട് ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്യും. മോയിന്‍ ഹുദവി മലയമ്മ, എ.കെ അബ്ദുല്‍ മജീദ് മാസ്റ്റര്‍ എന്നിവര്‍ വിഷയാവതരണം നടത്തും. വാര്‍ഷിക സമ്മേളനം വൈകിട്ട് 6.30ന് പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിക്കും. പി.ടി.എ റഹിം എം.എല്‍.എ അധ്യക്ഷനാകും. എം.കെ രാഘവന്‍ എം.പി, കാരാട്ട് റസാഖ് എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളാകും. സിദ്ദീഖ് വാഫി ആലുംതറ പ്രഭാഷണം നടത്തും.
ഒന്‍പതിന് ഉച്ചക്ക് 2.30ന് നടക്കുന്ന പൂര്‍വവിദ്യാര്‍ഥി സംഗമം ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ ഫാദര്‍ റോയ് മാത്യു വടക്കേല്‍ ഉദ്ഘാടനം ചെയ്യും. പൂര്‍വവിദ്യാര്‍ഥിക്ക് യതീംഖാന കമ്മിറ്റി നിര്‍മിച്ചു നല്‍കുന്ന വീടിന്റെ പ്രഖ്യാപനം കേരള ഓര്‍ഫനേജ് അസോസിയേഷന്‍ പ്രസിഡന്റ് ഫാദര്‍ മാത്യു കെ. ജോണ്‍ നിര്‍വഹിക്കും. രാത്രി ഏഴിന് ഷൗക്കത്തലി മൗലവി വെള്ളമുണ്ടണ്ട പ്രഭാഷണം നടത്തും.
10ന് രാവിലെ എട്ടു മുതല്‍ രാത്രി ഒന്‍പതു വരെ പൊതുജനങ്ങള്‍ക്ക് യതീംഖാന സന്ദര്‍ശിക്കുന്നതിന് അവസരം ഒരുക്കും. കൊടുവള്ളി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ശരീഫ കണ്ണാടിപ്പൊയില്‍ സന്ദര്‍ശന പരിപാടി ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്നിന് വിദ്യാര്‍ഥികള്‍ക്കുള്ള തൊഴിലുപകരണങ്ങള്‍ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ പ്രൊഫ. എ.പി അബ്ദുല്‍ വഹാബ് വിതരണം ചെയ്യും.
വൈകിട്ട് അഞ്ചിന് നടക്കുന്ന അനുസ്മരണ സമ്മേളനം ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. വൈകിട്ട് എട്ടിന് നടക്കുന്ന പ്രാര്‍ഥനാ സമ്മേളനത്തിന് വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. 11ന് രാത്രി എട്ടിന് അഹ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍ പ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ കമ്മിറ്റി ഭാരവാഹികളായ കോതൂര്‍ മുഹമ്മദ്, ഇ.സി ചെറിയഹമ്മദ്, ടി.കെ മുഹമ്മദ്, ടി.കെ അഹമ്മദ്കുട്ടി, എം. ബാവ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."