വെള്ളിത്തിളക്കവുമായി ഇന്ത്യയ്ക്ക് ചരിത്ര നേട്ടം
ലണ്ടന്‍: ചാംപ്യന്‍സ് ട്രോഫി ഹോക്കിയില്‍ പുതു ചരിതമെഴുതി ഇന്ത്യ. ഫൈനലില്‍ ആസ്ത്രേലിയയോട് 3-1ന് തോറ്റെങ്കിലും ചരിത്രത്തിലാദ്യമായി ചാംപ്യന്‍സ് ട്രോഫിയില്‍ വെള്ളി നേടാന്‍ ഇന്ത്യയ്ക്കായി. മത്സരത്തിലുടനീളം ഇന്ത്യയുടെ പോരാട്ടവീര്യം ഏറെ പ്രശംസിക്കപ്പെട്ടു. നിശ്ചിത സമയത്ത് കരുത്തരായ ആസ്ത്രേലിയയെ ഗോളടിക്കാന്‍ വിടാതെ കുരുക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.
പോരാട്ടവീര്യവും ഭാഗ്യവും ഒത്തിണങ്ങി ഫൈനലിലെത്തിയ ടീം അവസാന മത്സരത്തില്‍ ആസ്ത്രേലിയയോട് പുറത്തെടുത്ത അതേ പ്രകടനമാണ് ഫൈനലിലും ആവര്‍ത്തിച്ചത്. മികച്ച പ്രതിരോധം കൊണ്ട് ഇന്ത്യ കോട്ട കാത്തപ്പോള്‍ സ്കോര്‍ ചെയ്യാന്‍ ആസ്ത്രേലിയ ബുദ്ധിമുട്ടി. പെനാല്‍റ്റിയില്‍ ഇന്ത്യയുടെ ഉത്തപ്പയും എസ്.വി സുനിലും സുരേന്ദറും സ്ട്രോക്ക് പാഴാക്കിയപ്പോള്‍ ഹര്മാന്പ്രീതിന് മാത്രമാണ് ലക്ഷ്യം കാണാന്‍ സാധിച്ചത്. ഗോള്‍ കീപ്പര്‍ ലോവെല്ലിന്റെ തകര്‍പ്പന്‍ സേവുകള്‍ മത്സരത്തിലുനീളം ആസ്ത്രേലിയയെ രക്ഷിക്കുകയും ചെയ്തു. വമ്പന്‍ മത്സരങ്ങളില്‍ സമ്മര്‍ദത്തിനടിപ്പെട്ട് തോല്‍വി വഴങ്ങുന്നത് ഇന്ത്യ ആവര്‍ത്തിക്കുകയായിരുന്നു.
അവസാന മത്സരത്തില്‍ ഓസീസിനോട് 4-2ന് തോറ്റ ഇന്ത്യ ഫൈനലിലെത്തില്ലെന്ന് ഉറപ്പിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ബെല്‍ജിയം-ബ്രിട്ടന് മത്സരം സമനിലയിലായതോടെ ഇന്ത്യയ്ക്ക് ഫൈനല്‍ ടിക്കറ്റ് ലഭിക്കുകയായിരുന്നു. പ്രാഥമിക റൗണ്ടില്‍ ബ്രിട്ടന്, ദക്ഷിണ കൊറിയ ടീമുകളോട് ജയിച്ച ടീം ജര്‍മനിയോട് സമനില വഴങ്ങി. ആസ്ത്രേലിയ, ബെല്‍ജിയം ടീമുകളോടാണ് തോറ്റത്. 11 ഗോള്‍ വഴങ്ങിയപ്പോള്‍ 10 ഗോളുകളാണ് സ്കോര്‍ ചെയ്തത്. ടൂര്‍ണമെന്റിലൂടനീളം ഇന്ത്യയുടെ ഗോള്‍ വല കാത്ത മലയാളി താരം പി.ആര് ശ്രീജേഷ് മിന്നും സേവുകളാണ് നടത്തിയത്. ഇന്ത്യയെ ഫൈനല്‍ വരെയെത്തിക്കുന്നതില്‍ ശ്രീജേഷിന്റെ സേവുകളും നിര്‍ണായകമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."