നീലഗിരിയില്‍ അധ്യാപകരുടെ സ്ഥലംമാറ്റത്തിനെതിരേ രക്ഷിതാക്കള്‍ രംഗത്ത്
ഗൂഡല്ലൂര്‍: തമിഴ്‌നാട്ടില്‍ അധ്യാപകരുടെ സ്ഥലംമാറ്റം വിദ്യാര്‍ഥികളുടെ പഠനം അവതാളത്തിലാക്കുമെന്നും അത് കൊണ്ട് സ്ഥലംമാറ്റം പിന്‍വലിക്കണമെന്നും പി.ടി.എ കമ്മിറ്റി ഭാരവാഹികള്‍ ഉന്നത വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, സംസ്ഥാന വിദ്യാഭ്യാസ ഡയരക്ടര്‍, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍, ജില്ലാ കലക്ടര്‍, ആര്‍.ഡി.ഒ, ഡി.ഇ.ഒ, എ.ഇ.ഒ എന്നിവര്‍ക്കാണ് നിവേദനം സമര്‍പ്പിച്ചത്. തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം. പാട്ടവയല്‍, പുളിയംപാറ, മണ്ണാത്തിവയല്‍, അമ്പലവയല്‍, എരുമാട്, എല്ലമല, ആറാട്ടുപാറ തുടങ്ങിയ സ്‌കൂളുകളിലെ പി.ടി.എ ഭാരവാഹികളാണ് നിവേദനം നല്‍കിയത്. സര്‍ക്കാരിനെതിരേ സമരം നടത്തിയതിനാണ് അധ്യാപകരെ സ്ഥലംമാറ്റുന്നത്. എന്നാല്‍ സ്ഥലംമാറ്റ ഉത്തരവുകള്‍ ഇതുവരെ നീലഗിരി ജില്ലയിലെ അധ്യാപകര്‍ കൈപറ്റിയിട്ടില്ല. നീലഗിരി ജില്ലയില്‍ 486 അധ്യാപകരെയാണ് സ്ഥലം മാറ്റുന്നത്. സ്ഥലംമാറ്റ ഉത്തരവ് കോപ്പികള്‍ എ.ഇ.ഒ ഓഫിസില്‍ എത്തിയിട്ടുണ്ടെന്നാണ് സൂചന.
ഗൂഡല്ലൂര്‍ ഉപ വിദ്യാഭ്യാസ ജില്ലയില്‍ 350 അധ്യാപകരെയും കുന്നൂര്‍ ഉപ വിദ്യാഭ്യാസ ജില്ലയില്‍ 132 അധ്യാപകരെയുമാണ് സ്ഥലംമാറ്റുന്നത്. സമരം ചെയ്ത 36 അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. വാര്‍ഷിക പരീക്ഷക്ക് രണ്ടര മാസം മാത്രമാണ് അവശേഷിക്കുന്നത്. ഈ സാഹചര്യത്തില്‍ നിലവിലെ അധ്യാപകരെ സ്ഥലംമാറ്റുന്നത് വിദ്യാര്‍ഥികളുടെ പഠനത്തെ സാരമായി ബാധിക്കും. വിദ്യാര്‍ഥികളുടെ ഭാവിയെക്കുറിച്ച് ചിന്തിക്കാതെയാണ് അധ്യാപകരെ സ്ഥലംമാറ്റിയിരിക്കുന്നതെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പി.ടി.എ കമ്മിറ്റിയും രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഗൂഡല്ലൂര്‍ മേഖലയിലെ അധ്യാപകരെ പരസ്പരം സ്‌കൂളുകള്‍ മാറ്റുകയാണ് ചെയ്യുന്നത്. ഒമ്പത് ദിവസം തുടര്‍ച്ചയായി അധ്യാപകര്‍ പണിമുടക്ക് സമരം നടത്തിയിരുന്നു. ഇതിന്റെ പ്രതികാര നടപടിയാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുന്നതെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ ജീവനക്കാരുടെ ആവശ്യങ്ങള്‍ ഒന്നും സര്‍ക്കാര്‍ പരിഗണിച്ചില്ല. പകരം സമരം നടത്തിയ അധ്യാപകരെ അറസ്റ്റു ചെയ്ത് ജയിലിലടക്കുകയും സസ്‌പെന്‍ഡ് ചെയ്യുകയുമാണ് ചെയ്തത്. ഇവര്‍ക്ക് പകരമായി താല്‍ക്കാലിക അധ്യാപകരെ നിയമിക്കാനും തീരുമാനിച്ചിരുന്നു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ നടപടി ഉണ്ടാകാത്തതിനെത്തുടര്‍ന്ന് അവസാന നിമിഷം അധ്യാപകര്‍ സമരം പിന്‍വലിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."