കടല്‍വെള്ളരി കടത്ത്; അന്വേഷണം സി.ബി.ഐക്ക്
കൊച്ചി: ലക്ഷദ്വീപില്‍ കടല്‍വെള്ളരി പിടികൂടിയ കേസ് സി.ബി.ഐ അന്വേഷിക്കും. വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ ഓഫ് ഇന്ത്യ (ഡബ്ല്യു.സി.സി.ബി)യുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുന്നത്. സി.ബി.ഐ ഡല്‍ഹി വിഭാഗത്തിനാണ് അന്വേഷണച്ചുമതല.
ഹെഡ് ക്വാര്‍ട്ടര്‍ ഓഫിസിന്റെ നേരിട്ടുള്ള ചുമതലയിലായിരിക്കും അന്വേഷണം നടക്കുക. ഡി.ഐ.ജി റാങ്കിലുള്ള ഓഫിസറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ എസ്.പി റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥര്‍ക്കാകും അന്വേഷണ ചുമതല. ഫെബ്രുവരി 12നാണ് രാജ്യാന്തര തലത്തില്‍ 4.26 കോടി രൂപ വിലയുള്ള 1716 കടല്‍വെള്ളരികള്‍ (852 കിലോ) ലക്ഷദ്വീപ് സമൂഹമായ സുഹലി ദ്വീപില്‍നിന്നു പിടികൂടിയത്.
ശ്രീലങ്കയിലേക്ക് കയറ്റി അയക്കാന്‍ തയാറാക്കിയ നിലയിലാണ് ഇവ കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സീ കുക്കുംബര്‍ പ്രൊട്ടക്ഷന്‍ ടാസ്‌ക് ഫോഴ്‌സാണ് ലോകത്തിലെതന്നെ ഏറ്റവും വലിയ കടല്‍വെള്ളരിവേട്ട നടത്തിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ കടല്‍വെള്ളരിക്കടത്തിന് സഹായം ചെയ്ത അഞ്ചുപേരെ അറസ്റ്റ് ചെയ്യുകയും ഇവര്‍ ഉപയോഗിച്ചിരുന്ന ബോട്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ലക്ഷദ്വീപ് വനം, ഫിഷറീസ്, പൊലിസ് വകുപ്പുകളുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍. ഡബ്ല്യു.സി.സി.ബിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട രേഖകള്‍ അധികൃതര്‍ സി.ബി.ഐക്ക് കൈമാറി. ലക്ഷദ്വീപില്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്ത സമാനമായ മൂന്നു സംഭവങ്ങള്‍ കൂടി സി.ബി.ഐ അന്വേഷിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."