സഊദിയില്‍ സൈനിക സേവനത്തിലേക്കും വനിതകള്‍
അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: സഊദിയില്‍ സൈനിക സേവന രംഗത്തേക്കും വനിതകള്‍. ഇതിനായി കിങ്‌സ് ഫഹദ് ഫഹദ് സെക്യൂരിറ്റി കോളേജിനു കീഴിലുള്ള വനിതാ സെക്യൂരിറ്റി പരിശീലന കേന്ദ്രത്തില്‍ പ്രൈവറ്റ് റാങ്കില്‍ വനിതകള്‍ക്ക് പ്രവേശനം നേടാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിനായുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ താല്‍പര്യമുള്ള വനിതകളില്‍ നിന്നാണ് ആഭ്യന്തര മന്ത്രാലയം അപേക്ഷ ക്ഷണിച്ചത്. ചില മാനദണ്ഡങ്ങളോടെ അപേക്ഷകള്‍ ഈ മാസം 10 മുതല്‍ 14 വരെ സ്വീകരിക്കുമെന്ന് മന്ത്രാലയത്തിനു കീഴിലെ സൈനിക കാര്യ അണ്ടര്‍ സെക്രട്ടറിയേറ്റ് അറിയിച്ചു.
21-35 പ്രായക്കാര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. സഊദിയില്‍ ജനിച്ച് വളര്‍ന്നവരെ മാത്രമേ പരിഗണിക്കുകയുള്ളൂ. രാജ്യത്തിനു പുറത്ത് സേവനമനുഷ്ഠിച്ച പിതാക്കളോടൊപ്പം വളര്‍ന്നവര്‍ക്കും അപേക്ഷിക്കാം. എന്നാല്‍, നേരത്തെ സിവിലിയന്‍ ജോലി ചെയ്തവര്‍ക്ക് അപേക്ഷിക്കാന്‍ പാടില്ല. ഇവരുടെ മേല്‍ ക്രിമിനല്‍ കേസുകളും ഉണ്ടായിരിക്കാന്‍ പാടില്ല.
മെഡിക്കല്‍ പരിശോധന, എഴുത്ത് പരീക്ഷ, അഭിമുഖം തുടങ്ങിയവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അപേക്ഷകര്‍ 160 സെന്റിമീറ്ററില്‍ കുറവ് ഉള്ളവരാകരുതെന്നും ഉയരത്തിനനുസരിച്ച ഭാരവും ഉള്ളവരായിരിക്കണമെന്ന നിര്‍ദേശവും പാലിച്ചിരിക്കണം. ഇതാദ്യമായാണ് വനിതകള്‍ക്ക് സഊദിയില്‍ സൈനിക രംഗത്തേക്കുള്ള കടന്നു വരവിനു വേദിയൊരുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."