'അതിവേഗ'ത്തില്‍ ശ്രീചിത്രയിലെത്തിയ പിഞ്ചുകുഞ്ഞ് സുഖമായി തിരിച്ചെത്തി
കാസര്‍കോട്: ജീവന്‍ രക്ഷിക്കാന്‍ കേരളക്കരയാകെ ഉറക്കമൊഴിഞ്ഞ് തിരുവനന്തപുരം ശ്രി ചിത്രാ മെഡിക്കല്‍ സെന്ററില്‍ എത്തിച്ച മുഹമ്മദ് എന്ന പിഞ്ചുകുഞ്ഞ് സുഖം പ്രാപിച്ചുനാട്ടില്‍ തിരിച്ചെത്തി. കഴിഞ്ഞമാസം അഞ്ചിന് എട്ടുമണിക്കൂര്‍ സമയമെടുത്ത് മംഗളൂരുവില്‍നിന്നു തിരുവനന്തപുരത്തേക്കു കൊണ്ടുപോയ മേല്‍പറമ്പ് സ്വദേശികളായ ഷറഫുദ്ദീന്‍-ആയിഷ ദമ്പതികളുടെ മകനാണ് മുഹമ്മദ്.
ജനുവരി രണ്ടിന് മംഗളൂരു നഴ്‌സിങ് ഹോമിലാണ് ആയിഷ ഇരട്ടക്കുഞ്ഞുങ്ങളായ മുഹമ്മദ്,ഫാത്തിമ എന്നിവര്‍ക്ക് ജന്മം നല്‍കിയത്. കൊല്ലത്ത് എത്തിയതോടെ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് മുഹമ്മദ് അത്യാസന്ന നിലയിലായിരുന്നു. തുടര്‍ന്ന് കൊല്ലം മെഡിസിറ്റി ആശുപത്രിയില്‍നിന്ന് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി ഓക്‌സിജന്‍ അളവ് ക്രമീകരിച്ചാണ് യാത്ര തുടര്‍ന്നത്. ജന്മനാ ഹൃദയവാള്‍വ് തകരാറോടെയാണ് ഇരട്ടകളില്‍ മുഹമ്മദ് ജനിച്ചത് ശ്വസോച്ഛ്വാസം എടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ കിടത്തി മംഗളൂരുവിലെയും എറണാകുളത്തേയും വിവിധ സ്വകാര്യആശുപത്രികളില്‍ പരിശോധന നടത്തി. ഓപ്പറേഷന്‍ നടത്തിയാല്‍ രക്ഷപ്പെടാനുള്ള സാധ്യത പത്തുശതമാനമാണെന്ന് ഡോക്ടര്‍മാര്‍ ഉറപ്പിച്ച് പറഞ്ഞു. ഇതോടെ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം രംഗത്തിറങ്ങുകയായിരുന്നു. തുടര്‍ന്ന് രാത്രി 10.15 ന് മംഗളൂരുവില്‍നിന്നു തിരിച്ച ആംബുലന്‍സ് രാവിലെ 6.30 നു ശ്രീ ചിത്രയില്‍ എത്തി.
ഏഴിനു രാത്രി എട്ടുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടന്നു. 32 ദിവസത്തെ ചികിത്സ കഴിഞ്ഞ് പൂര്‍ണ ആരോഗ്യത്തോടെ മുഹമ്മദ് തിരികെ എത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."